മഹാരാജാസ് കോളജിലെ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ലെക്ചറർ നിയമനം നേടിയ മുൻ എസ്.എഫ്.ഐ വനിതാനേതാവ് കെ. വിദ്യക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരൻ ബെന്യാമിൻ. മഹാരാജാസിനും വിദ്യാർഥി സമൂഹത്തിനും സാഹിത്യ ലോകത്തിനും വിദ്യ അപമാനമാണെന്ന് ബെന്യാമിൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ച പോസ്റ്റിൽ പറയുന്നു. വിദ്യമാർ ഇനിയും ആവർത്തിക്കാതിരിക്കാൻ കർശനമായ അന്വേഷണവും നടപടിയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുറിപ്പിങ്ങനെ:
'കെ. വിദ്യ മഹാരാജാസിനു അപമാനമാണ്, സാഹിത്യ ലോകത്തിനു അപമാനമാണ്, വിദ്യാർത്ഥി സമൂഹത്തിനു അപമാനമാണ്. കള്ളങ്ങൾ കൊണ്ട് വിജയം നേടാം എന്ന് വിചാരിക്കുന്ന ഈ കുട്ടി എന്ത് വിദ്യാഭ്യാസമാണ് നേടിയത്? എന്താണ് കുട്ടികളെ പഠിപ്പിക്കുന്നത്? എന്ത് സാഹിത്യമാണ് എഴുതുന്നത്? വിദ്യമാർ ഇനിയും ആവർത്തിക്കാതെ ഇരിക്കാൻ കർശനമായ അന്വേഷണവും നടപടിയും കുറ്റക്കാരി എങ്കിൽ കടുത്ത ശിക്ഷയും ഉണ്ടാവണം..'.
അതേസമയം, കെ. വിദ്യയുടെ പിഎച്ച്.ഡി ഗൈഡ് സ്ഥാനത്ത് നിന്ന് ബിച്ചു എക്സ്. മലയിൽ പിന്മാറി. കാലടി സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ് അംഗവും മലയാളം വിഭാഗം മേധാവിയുമാണ് ബിച്ചു. ഗുരുതര ആരോപണമാണ് വിദ്യക്കെതിരെയെന്നും നിരപരാധിത്വം തെളിയിക്കുന്നതുവരെയാണ് മാറിനിൽക്കുന്നതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.