കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സമരകാലത്ത് നടത്തിയ പ്രസംഗത്തിന്റെ പേരിൽ അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളക്കെതിരെയെടുത്ത കേസിലെ തുടർ നടപടികൾ ഹൈകോടതി റദ്ദാക്കി. ‘‘ഇതൊരു സുവർണാവസരമാണെന്നും സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ യുവതികളെത്തിയാൽ തന്ത്രി നടയടച്ചാൽ കോടതിയലക്ഷ്യമാകില്ലെന്നും ഇക്കാര്യത്തിൽ നമ്മളെല്ലാം തന്ത്രിയോടൊപ്പം ഉണ്ടാകുമെന്നു’’മുള്ള പ്രസംഗത്തെതുടർന്നെടുത്ത കേസാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ റദ്ദാക്കിയത്.
ഹോട്ടൽമുറിയിൽ യുവമോർച്ച ഭാരവാഹികളുടെ യോഗത്തിൽ നടത്തിയ പ്രസംഗം പൊതുസമൂഹത്തെ പ്രകോപിപ്പിക്കണമെന്ന ലക്ഷ്യത്തോടെ നടത്തിയതായി കണക്കാക്കാനാകില്ലെന്നടക്കം വിലയിരുത്തിയാണ് ഉത്തരവ്. ഗോവ ഗവർണറായ ഹരജിക്കാരനെതിരെ ക്രിമിനൽ നിയമനടപടി തുടരുന്നതിനുള്ള നിയമ തടസ്സങ്ങളും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
2018 നവംബർ നാലിന് കോഴിക്കോട് നടന്ന യോഗത്തിലായിരുന്നു വിവാദ പ്രസംഗം. രാജ്യത്തിനെതിരായ കുറ്റകൃത്യത്തിനായുള്ള ആഹ്വാനമാണ് പ്രസംഗമെന്നാരോപിച്ച് കോഴിക്കോട് സ്വദേശി ഷൈബിൻ കെ. നന്മനട നൽകിയ പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്.
രാജ്യത്തിനെതിരായ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചെന്നതടക്കം വകുപ്പുകളിലായിരുന്നു കേസ്. കേസ് നിലനിൽക്കുന്നതല്ലെന്നാരോപിച്ചായിരുന്നു ഹരജി. സുപ്രീംകോടതി വിധിയെ ന്യായമായ രീതിയിൽ വിമർശിച്ചത് കോടതിയലക്ഷ്യമാകില്ലെന്നും പ്രസംഗത്തിന്റെ ഒരുഭാഗം മാത്രം പരിഗണിച്ചാണ് പരാതിയും കേസുമെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. അന്വേഷണം നടന്നുവരുകയാണെന്നും കേസ് റദ്ദാക്കാനാവില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
ചെറിയ മുറിയിൽ നടന്ന യോഗത്തിൽ പങ്കെടുക്കുന്നവരെ പൊതുസമൂഹമായി കണക്കാക്കാനാകില്ലെന്നും പ്രസംഗം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചുവെന്നത് കേസിന് അടിസ്ഥാനമല്ലെന്നും കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.