സുപ്രീംകോടതി വിധി: ബിവറേജസ് വിപണനശാല പകുതിയോളം പൂട്ടേണ്ടിവരും

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പനശാലകളും ബാറുകളും അടച്ചുപൂട്ടാനുള്ള ഉത്തരവ് നടപ്പായാല്‍ സംസ്ഥാനത്തെ ബിവറേജസ് കോര്‍പറേഷന്‍െറ പകുതിയോളം വിപണനശാലകള്‍ക്ക് പൂട്ടുവീഴും. നിലവില്‍ 270 വിപണനശാലകളാണ് കോര്‍പറേഷനുള്ളത്. ഇവയില്‍ നൂറ്റമ്പതോളം വിപണനശാലകള്‍ പൂട്ടേണ്ടിവരുമെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാല്‍, എത്രയെണ്ണം പൂട്ടേണ്ടിവരുമെന്നത് സംബന്ധിച്ച് ഇപ്പോള്‍ കൃത്യമായി പറയാനാകില്ളെന്നും കോടതിവിധി ലഭ്യമാകുന്ന മുറക്കേ സ്ഥിരീകരണം നടത്താനാകൂവെന്നും അധികൃതര്‍ പറയുന്നു.

വിപണനശാലകളില്‍ ഏറിയ പങ്കും ദേശീയ-സംസ്ഥാന പാതയോരങ്ങളിലായതിനാല്‍ സ്ഥാപനത്തിന്‍െറ നിലനില്‍പിനെ ബാധിക്കുമെന്ന ആശങ്കയും കോര്‍പറേഷനുണ്ട്. ഇത് കോര്‍പറേഷന്‍െറ വരുമാനത്തെ സാരമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. കോര്‍പറേഷന്‍െറ ഒരുദിവസത്തെ ശരാശരി വിറ്റുവരവ് 29 കോടിയാണ്.

അതേസമയം, മദ്യമെന്ന വിപത്തിനെതിരായ നീക്കത്തിന് ഊര്‍ജം പകരുന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചതെന്ന് മദ്യവിരുദ്ധസമിതി പ്രവര്‍ത്തകര്‍ പറയുന്നു. സംസ്ഥാനത്ത് 30 പഞ്ചനക്ഷത്ര ബാര്‍ ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പകുതിയും കോടതി ഉത്തരവോടെ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. എന്നാല്‍, ദൂരപരിധി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതിനാല്‍ എത്രയെണ്ണത്തിന് താഴുവീഴുമെന്ന് കൃത്യമായി പറയാനാകില്ല. അഞ്ഞൂറില്‍പരം ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് കോടതിവിധി പ്രതികൂലമാകുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, കണ്‍സ്യൂമര്‍ഫെഡിന്‍െറ 36 വിപണനശാലകളില്‍ ഒന്നും പൂട്ടേണ്ടിവരില്ളെന്നാണ് പ്രാഥമിക നിഗമനം. ബിവറേജസ് കോര്‍പറേഷന്‍െറ 168 വിപണനശാലകളാണ് മുമ്പ് ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ 34 എണ്ണം യു.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയത്തിന്‍െറ ഭാഗമായും നേരത്തേ വന്ന ഹൈകോടതി നിരീക്ഷണത്തിന്‍െറ അടിസ്ഥാനത്തിലും പൂട്ടിയിരുന്നു.

Tags:    
News Summary - beverages outlet in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.