കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ സി.പി.ഐ നേതാവും കണ്ടല സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറുമായ എൻ. ഭാസുരാംഗനെയും മകൻ അഖിൽജിത്തിനെയും രണ്ടുദിവസത്തേക്ക് ഇ.ഡി കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമുള്ള (പി.എം.എൽ.എ) കോടതിയാണ് ഇവരെ കസ്റ്റഡിയിൽ വിട്ടത്. കേരളം ഭരിക്കുന്ന മുന്നണിയുടെ ഭാഗമായതിനാൽ ഭാസുരാംഗന് വലിയ സ്വാധീനമുണ്ടെന്നും കസ്റ്റഡിയിലെ ചോദ്യംചെയ്യൽ അനിവാര്യമാണെന്നുമുള്ള ഇ.ഡി വാദം കോടതി അംഗീകരിച്ചു.
പിടിച്ചെടുത്ത രേഖകളും തെളിവുകളും ഉപയോഗിച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി ബോധിപ്പിച്ചു. പണം തട്ടിയെടുക്കാൻ സ്വീകരിച്ച രീതി ചോദ്യംചെയ്യലിനു ശേഷമേ കണ്ടെത്താനാവൂ. ചോദ്യംചെയ്യേണ്ട ഇയാളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സംശയാസ്പദമായ വായ്പ അനുവദിച്ചിട്ടുണ്ട്. ഒരേ വസ്തു വകകൾ പണയപ്പെടുത്തി വ്യക്തിഗത, ബിസിനസ് ആവശ്യങ്ങൾക്കായി ഒന്നിലധികം വായ്പകൾ അനുവദിച്ചു.200 കോടിയിൽ കുറയാത്ത തുകയുടെ തട്ടിപ്പ് നടന്നതായാണ് ഇ.ഡി സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.