വായ്പയിലെ ഇരട്ടത്താപ്പ് തലവേദനയെന്ന് ബാങ്ക് ജീവനക്കാര്‍

കൊച്ചി: കോര്‍പറേറ്റുകള്‍ക്കും സാധാരണക്കാര്‍ക്കും വായ്പയനുവദിക്കുന്ന വ്യവസ്ഥകളിലെ ഇരട്ടത്താപ്പ് ബാങ്കിങ് മേഖലയില്‍ പുതിയ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നു. വായ്പയുടെ കാര്യത്തില്‍ ജീവനക്കാരുടെ മേല്‍ ഏല്‍പിക്കുന്ന ‘ഉത്തരവാദിത്തത്തിലും’  ഈ ഇരട്ടത്താപ്പ് പ്രകടമാണ്. ഇത് അവസാനിപ്പിച്ചാല്‍ കിട്ടാക്കടമെന്ന പ്രശ്നത്തിന് വലിയൊരളവുവരെ പരിഹാരമാകുമെന്നും ഇവര്‍ വാദിക്കുന്നു.
ഫെബ്രുവരി ഏഴിന് നടക്കുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്കിലെ മുഖ്യ ആവശ്യവും ഇതാണ്. പണിമുടക്കിന് ശേഷം ഈ വിഷയത്തില്‍ ഗൗരവതരമായ നീക്കങ്ങള്‍ക്കാണ് ജീവനക്കാരുടെ സംഘടനകള്‍ ഒരുങ്ങുന്നത്. വായ്പ തിരിച്ചടക്കാത്ത സാധാരണക്കാര്‍ക്ക് ജപ്തിയും വന്‍കിടക്കാര്‍ക്ക് സ്വസ്തിയും എന്ന നയം ഇനി അനുവദിക്കാനാവില്ളെന്ന നിലപാടിലാണ് ജീവനക്കാര്‍.

കോര്‍പറേറ്റ് കമ്പനികള്‍ക്ക് വായ്പ നല്‍കുമ്പോള്‍ ബാങ്കുകള്‍ കമ്പനിയുടമയുടെ വ്യക്തിഗത ഗ്യാരന്‍റി ആവശ്യപ്പെടാത്തതില്‍ തുടങ്ങുന്നു ഇരട്ടത്താപ്പ്. വായ്പയുടെ കാര്യത്തില്‍ കമ്പനി ഉടമക്ക് വ്യക്തിഗത ബാധ്യതയില്ലാത്തതിനാല്‍ തിരിച്ചടവിനുള്ള താല്‍പര്യവും കുറയുന്നു. കോര്‍പറേറ്റ് ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ ഏതെങ്കിലും കമ്പനിയുടെ പേരില്‍ എടുക്കുന്ന വായ്പ കുടിശ്ശികയായാല്‍ പ്രസ്തുത കമ്പനിയുടെ സ്വത്ത് മാത്രമേ ജപ്തിചെയ്യാനാകൂ. ഈ കമ്പനി അതിനകം പാപ്പരായിട്ടുണ്ടെങ്കില്‍ ബാങ്കിന് പണം നഷ്ടപ്പെടും. സാധാരണക്കാരുടെ കാര്യത്തിലാണെങ്കില്‍ വായ്പയെടുത്തയാളുടെ മറ്റ് സ്വത്തുക്കളും ഭാര്യയുടെ സ്വത്തുമെല്ലാം ജപ്തി ചെയ്യാവുന്ന രീതിയിലാണ് വ്യവസ്ഥകള്‍ വെക്കുക.

ചിലര്‍ കമ്പനി വികസനം പോലുള്ള ആവശ്യങ്ങള്‍ക്ക് എന്നുപറഞ്ഞ് വായ്പയെടുക്കുകയും ഈ തുക വ്യക്തിഗത ആസ്തി വര്‍ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടും നടപടിയെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് ബാങ്ക് മാനേജര്‍മാര്‍തന്നെ സമ്മതിക്കുന്നു. അതേസമയം, ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവ എടുക്കുന്ന സാധാരണക്കാര്‍ വായ്പത്തുക പ്രസ്തുത ആവശ്യത്തിന് മാത്രമേ വിനിയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുക മാത്രമല്ല, കൈയിലുള്ള പണംകൂടി വിനിയോഗിച്ച ശേഷമേ അടുത്ത ഘട്ടം വായ്പ നല്‍കുകയുമുള്ളൂ.

കോര്‍പറേറ്റ് കമ്പനികളുടെ കിട്ടാക്കടത്തിന്‍െറ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ കാലങ്ങളായി ഉന്നയിച്ചുവരുന്ന ആവശ്യമാണ്. പക്ഷേ, ഇത് ചെവിക്കൊള്ളാന്‍ ബാങ്ക് മേധാവികള്‍ തയാറാകുന്നില്ളെന്ന് മാത്രമല്ല, ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത സംഭവങ്ങളുമുണ്ട്. ബാങ്കിന്‍െറ ഒൗദ്യോഗിക രഹസ്യമാണ് ഇത് എന്നാണ് വാദം. ജീവനക്കാരുടെ കാര്യത്തിലും ഈ തരംതിരിവുണ്ട്.

സാധാരണക്കാര്‍ക്ക് നല്‍കുന്ന വായ്പ കുടിശ്ശികയായാല്‍ വായ്പ അനുവദിച്ച ശാഖാ മാനേജര്‍ക്ക് എതിരെയും നടപടി വരും.
വായ്പയുടെ മേല്‍ ബ്രാഞ്ച് മാനേജര്‍മാര്‍ക്ക് ഉത്തരവാദിത്തം (അക്കൗണ്ടബിലിറ്റി) ബാധകമാക്കുന്നതിന്‍െറ ഭാഗമാണിത് എന്നാണ് വിശദീകരണം. എന്നാല്‍, വന്‍കിടക്കാര്‍ക്ക് അയ്യായിരം കോടിയും മറ്റും വായ്പ നല്‍കുന്ന ബാങ്ക് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ ഈ വ്യവസ്ഥ ബാധകമല്ലതാനും. ഇത്തരം ഇരട്ടത്താപ്പുകള്‍ അവസാനിപ്പിച്ചാല്‍ ബാങ്കുകളിലെ കോര്‍പറേറ്റുകളുടെ കിട്ടാക്കടം കുത്തനെ ഇടിയുമെന്നാണ് ജീവനക്കാരുടെ വാദം.

 

Tags:    
News Summary - biased in bank loan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.