കാസർകോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് പൊലീസ് സ്വമേധയാ എടുത്ത കേസിൽ ലക്ഷദ്വീപ് സ്വദേശി 23കാരന് കാസർകോട് സെഷൻസ് കോടതി മുൻകൂർ ജാമ്യമനുവദിച്ചു. സെപ്റ്റംബർ 13ന് രാത്രിയാണ് സംഭവം.
കാസർകോട്ടെ ആശുപത്രിയിൽ സർജറി വിഭാഗത്തിൽ ജോലി ചെയ്യുന്ന യുവാവും ഇതേ ആശുപത്രിയിലെ നഴ്സിങ് ട്രെയിനിയായ 17കാരിയും രാത്രി ബൈക്കിൽ പോയതിന്റെ പേരിലാണ് കാസർകോട് വനിത പൊലീസ് കേസെടുത്തത്. ആശുപത്രിയിലെ ഓണാഘോഷത്തിനുശേഷം പുലർച്ച 12.45ഓടെ കാസർകോട് നഗരം ചുറ്റാനിറങ്ങിയതായിരുന്നു ഇരുവരും.
മഴ വന്നതിനാൽ ഇടക്ക് ഇവർ കടവരാന്തയിൽ കയറി നിന്നിരുന്നു. മഴ നിന്നതിനുശേഷം 2.45ഓടെ ഇവർ ആശുപത്രിയിൽ തിരിച്ചെത്തി. വൈകിവന്നതിൽ ഇരുവരെയും ആശുപത്രി അധികൃതർ ശാസിച്ചിരുന്നു. പിന്നീട് ചിലർ ഈ വിഷയത്തിൽ യുവാവിനെതിരെ പരാതി നൽകാൻ പെൺകുട്ടിയിലും അമ്മയിലും ആശുപത്രി ഉടമയിലും സമ്മർദം ചെലുത്തിയിരുന്നുവത്രെ.
സെപ്റ്റംബർ 20ന് ബി.എൻ.എസ് സെക്ഷൻ 137 (2) പ്രകാരം തട്ടിക്കൊണ്ടുപോകലിന് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. അമ്മയും മകളും പരാതിയില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച് പൊലീസ് വൈദ്യപരിശോധന നടത്തി.
ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ സാമുദായിക സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വാദം പ്രോസിക്യൂഷൻ ആവർത്തിച്ചെങ്കിലും അമ്മക്കും മകൾക്കും പരാതിയില്ലാത്തതിനാൽ കോടതി യുവാവിന് മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. കേസിൽ പൊലീസ് കാണിച്ച അനാവശ്യ ഇടപെടൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.