തിരുവനന്തപുരം: ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് ഇതുവരെയും അംഗീകരിക്കാത്ത സാഹചര്യത്തിൽ സമാന വ്യവസ്ഥകളോടെ നിയമസഭയിൽ ബിൽ കൊണ്ടുവരും. ഇതിനായി ഡിസംബർ അഞ്ച് മുതൽ 15 വരെ സഭ സമ്മേളനം വിളിക്കാൻ മന്ത്രിസഭ ഗവർണറോട് ശിപാർശ ചെയ്തു.
ബിൽ അടുത്ത മന്ത്രിസഭ യോഗം അംഗീകരിച്ചേക്കും. നിയമസഭ സമ്മേളനം ഇടവേള കൊടുത്ത് ജനുവരിയിലേക്ക് നീട്ടാനും ആലോചനയുണ്ട്. ഗവർണറുമായി ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ ഡിസംബറിലെ സമ്മേളനത്തിന്റെ തുടർച്ചയായി ചേർന്ന് ബജറ്റ് അവതരണവും ധനനടപടികൾ പൂർത്തിയാക്കലുമാണ് ഉദ്ദേശിക്കുന്നത്. ഗവർണർ നിർവഹിക്കേണ്ട നയപ്രഖ്യാനം മറ്റൊരു ഘട്ടത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യം. സർക്കാർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പുതിയ വർഷത്തിലെ ആദ്യസമ്മേളനം ഗവർണറുടെ പ്രസംഗത്തോടെ തുടങ്ങണമെന്നാണ് ചട്ടം.
ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്ന ഓർഡിനൻസ് കഴിഞ്ഞ മന്ത്രിസഭ യോഗം ഗവർണർക്ക് സമർപ്പിച്ചെങ്കിലും ഇതുവരെ തീരുമാനം വന്നിട്ടില്ല. തന്നെ ബാധിക്കുന്ന വിഷയമായതിനാൽ രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കുമെന്നാണ് ഗവർണറുടെ നിലപാട്. അതേസമയം ബിൽ നിയമസഭയിൽ വരുന്നതോടെ ഓർഡിനൻസിന്റെ പ്രസക്തി നഷ്ടമാകും. നിയമസഭ ബിൽ പാസാക്കി നൽകിയാലും ഗവർണർ അംഗീകരിച്ചാലേ അത് നടപ്പാകൂ. ഗവർണർ അംഗീകരിക്കാതിരുന്നാൽ നിയമനടപടിയാണ് സർക്കാറിന് മുന്നിലുള്ളത്. ഗവർണർ പദവി വഹിക്കുന്ന ആൾ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ കൂടിയായിരിക്കണമെന്ന വകുപ്പാണ് ഭേദഗതി ചെയ്യുന്നത്. ഇതിനായി എല്ലാ സർവകലാശാലകളുടെയും ചട്ടങ്ങളിൽ ഭേദഗതി നടത്താനും തീരുമാനിച്ചിരുന്നു. ഭരണഘടന നൽകുന്ന ചുമതലകൾ നിറവേറ്റേണ്ട ഗവർണറെ സർവകലാശാലകളുടെ തലപ്പത്ത് നിയമിക്കുന്നത് ഉചിതമാകില്ലെന്ന പൂഞ്ചി കമീഷൻ റിപ്പോർട്ടിലെ ശിപാർശകൾ ഉയർത്തിയാണ് ഗവർണറെ മാറ്റാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.