ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നും മാറ്റുന്ന ബിൽ; കോൺഗ്രസ് മുസ്‍ലിംലീഗിന് കീഴടങ്ങി -കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബില്ലിന്റെ കാര്യത്തിൽ കോൺഗ്രസ് യൂ ടേൺ എടുത്തത് മുസ്ലിംലീഗിനെ ഭയന്നാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബില്ലിനെ ആദ്യം എതിർത്ത കോൺഗ്രസ് മുസ്ലിംലീഗ് കണ്ണുരുട്ടിയതോടെ നിലപാട് മാറ്റിയത് ജനവഞ്ചനയാണ്. ഗവർണറെ മാറ്റുന്നത് സ്വജനപക്ഷപാതത്തിനും അഴിമതിക്കും വേണ്ടിയാണെന്ന് വ്യക്തമായിട്ടും മുഖ്യ പ്രതിപക്ഷം അതിനെ അനുകൂലിക്കുന്നതിലൂടെ ലീഗാണ് യു.ഡി.എഫിനെ നിയന്ത്രിക്കുന്നതെന്ന് തെളിഞ്ഞിരിക്കുകയാണ്. 1986ലെ ഷാബാനു കേസ് കാലം മുതൽ ആരിഫ് മുഹമ്മദ് ഖാനെതിരെ വിരോധം കൊണ്ട് നടക്കുന്ന പാർട്ടിയാണ് മുസ്ലിംലീഗ്. മതമൗലികവാദവും സ്ത്രീ വിരുദ്ധതയും മാത്രമാണ് ലീഗിന്റെ നിലപാടിന്റെ പിന്നിൽ. വി.ഡി സതീശൻ മുസ്ലിംലീഗിന് കീഴടങ്ങുന്നത് മതമൗലികവാദത്തിന് കീഴടങ്ങുന്നതിന് തുല്യമാണ്.

ജനാധിപത്യവിരുദ്ധമായ ഭരണപക്ഷത്തിന്റെ നടപടിയെ പ്രതിപക്ഷം പിന്തുണക്കുന്നത് രാജ്യത്ത് മറ്റൊരിടത്തും കാണാത്തതാണ്. പിൻവാതിൽ നിയമനങ്ങൾ ശക്തമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വി.ഡി സതീശനും കോൺഗ്രസും അതിന് കുടപിടിക്കുകയാണ്. നിയമവിരുദ്ധവും യു.ജി.സി നിയമങ്ങൾക്കെതിരുമായ ബില്ലിനെതിരെ ബി.ജെ.പി പോരാടുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയിൽ പഠിക്കുന്ന വിദ്യാർഥികളെ വഞ്ചിക്കുകയാണ് ഭരണ-പ്രതിപക്ഷം ചെയ്യുന്നത്. ഇപ്പോൾ തന്നെ നാഥനില്ലാ കളരിയായ കേരളത്തിലെ സർവ്വകലാശാലകളെ പാർട്ടി സെന്ററുകളാക്കി മാറ്റാനാണ് പുതിയ ബിൽ സർക്കാർ അവതരിപ്പിച്ചത്. സുപ്രീംകോടതി ഉൾപ്പെടെയുള്ള നീതിന്യായ കോടതികൾക്ക് മുമ്പിൽ പരാജയപ്പെട്ട സർക്കാർ നിയമസഭയെ ഉപയോഗിച്ച് അതെല്ലാം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സർവ്വകലാശാലകളുടെ സ്വയം ഭരണം തകർക്കാനും പാർട്ടിയുടെ ആധിപത്യം സ്ഥാപിക്കാനുമാണ് ഈ ബിൽ എന്നും കെ.സുരേന്ദ്രൻ പറഞ്ഞു. 

Tags:    
News Summary - Bill to remove the Governor from the position of Chancellor; Congress surrendered to Muslim League - K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.