തിരുവനന്തപുരം: പതിവുപോലെ ഇക്കുറിയും സാമ്പത്തിക വർഷാവസാനം സർക്കാറിൽ കൂട്ടച്ചെലവിടൽ. മാർച്ചിൽ മാത്രം ചെലവിട്ടത് 22,000 കോടിയോളം രൂപ. അവസാന ദിവസങ്ങളിൽ വകുപ്പുകളിൽനിന്ന് ബില്ലുകൾ കൂട്ടത്തോടെയെത്തി. ബുധനാഴ്ച 1000 കോടി രൂപയാണ് നൽകിയത്. വ്യാഴാഴ്ച രാത്രി വൈകിയും ട്രഷറികൾ പ്രവർത്തിച്ചു. 1000 കോടിയിലേറെ രൂപ വ്യാഴാഴ്ചയും വിനിയോഗിക്കുമെന്നാണ് വിലയിരുത്തൽ.
ആസൂത്രണ ബോർഡിന്റെ ഓൺലൈൻ സംവിധാനത്തിൽ വൈകീട്ട് ആറരക്കുള്ള കണക്ക് പ്രകാരം വാർഷികപദ്ധതിയിൽ 85.61 ശതമാനം വിനിയോഗിച്ചു. തദ്ദേശ സ്ഥാപനങ്ങളുടേത് 67.45 ശതമാനം. അന്തിമ കണക്കാകുമ്പോൾ 95 ശതമാനത്തിലേറെ വരുമെന്നാണ് പ്രതീക്ഷ. ട്രഷറി പ്രവർത്തനങ്ങൾ ധനമന്ത്രി നേരിട്ടെത്തി വിലയിരുത്തി.
സാമ്പത്തിക വർഷാവസാനം ബുദ്ധിമുട്ട് വരാതിരിക്കാൻ പണം കരുതിയിരുന്നെന്ന് മന്ത്രി പറഞ്ഞു. 4000 കോടി രൂപ കടമെടുത്തിരുന്നു. സമയത്ത് ബിൽ സമർപ്പിക്കാത്ത ചില കേസുകളിൽ മാത്രമാണ് പണം കൊടുക്കാൻ കഴിയാതെ വന്നത്. അവർക്ക് അടുത്ത സാമ്പത്തികവർഷം ആദ്യം നൽകും. ഫിസിക്കൽ ബിൽ സമർപ്പിക്കാൻ വ്യാഴാഴ്ചയും സൗകര്യം നൽകിയിരുന്നു.
വാർഷിക പദ്ധതി ചില വകുപ്പുകളിൽ 100 ശതമാനം കഴിഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ ചെലവ് റെക്കോഡായിരിക്കും. തിരുവിതാംകൂർ ദേവസ്വത്തിന് ഗ്രാന്റ് തടഞ്ഞതായി അറിവില്ല. നിരവധി വകുപ്പുകൾക്ക് ബജറ്റിൽ പറയാതെ പണം കൊടുക്കേണ്ടിവന്നു. ബജറ്റിൽ പ്രഖ്യാപിച്ചാൽ നടപടിക്രമം പൂർത്തിയായാൽ കൊടുക്കുന്നതിന് തടസ്സമില്ല. കൊടുക്കേണ്ടെന്ന് തീരുമാനിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
അവസാന അഞ്ചു ദിവസം മാത്രം 8000 കോടിയോളം രൂപയാണ് ട്രഷറിയിൽനിന്ന് വിതരണം ചെയ്തത്. സംസ്ഥാന പദ്ധതി ചെലവ് നൂറു ശതമാനത്തിനടുത്ത് എത്തി. പദ്ധതി അടങ്കൽ 20,330 കോടി രൂപയായിരുന്നു. വൈകുന്നേരം ഏഴു വരെ 19721.79 കോടിയുടെ ബിൽ പാസാക്കി. ഏകദേശം എല്ലാ തദ്ദേശ സ്ഥാപനങ്ങളും നൂറു ശതമാനത്തിലേറെ ചെലവാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ എസ്റ്റിമേറ്റ് 7280 കോടി രൂപയായിരുന്നു.
വൈകുന്നേരം ഏഴു വരെ 7822.27 കോടി രൂപയുടെ ബിൽ പാസാക്കി. 107.5 ശതമാനം. ഇ സബ്മിറ്റ് ചെയ്ത ബിൽ തുക വിതരണം പൂർത്തിയാകുമ്പോൾ ചെലവ് ഇനിയും വർധിക്കും.സാങ്കേതിക കാരണങ്ങളാൽ തദ്ദേശ സ്ഥാപനങ്ങളുടെ ഗ്യാപ് ഫണ്ടിന്റെയും കാരി ഓവർ ചെയ്ത ചെലവുകളുടെ ആദ്യ ഗഡുവിന്റെയും ബില്ലുകൾ സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ ബില്ലുകൾ അടുത്ത സാമ്പത്തിക വർഷം ആദ്യം തന്നെ പാസാക്കി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.