തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനും കുട്ടികളുടെ സർവതോന്മുഖമായ വികാസത്തിനുംവേണ്ട പഠന അന്തരീക്ഷം ഒരുക്കുമെന്ന് നാഴികക്ക് നാൽപതുവട്ടം പറയുന്ന വിദ്യാഭ്യാസമന്ത്രിയുടെയും നഗരം ഭരിക്കുന്ന മേയറുടെയും ശ്രദ്ധക്ക്... ഈ കാണുന്നതാണ് ബീമാപള്ളി നഴ്സറി സ്കൂൾ. പുറത്ത് നിന്ന് നോക്കുന്നവർക്ക് ഒറ്റനോട്ടത്തിൽ മത്സ്യഭവന്റെ കെട്ടിടമാണെന്ന് തോന്നുമെങ്കിലും അകത്തുകയറിയാൽ കാണാം ഒറ്റമുറി ക്ലാസിലെ കുരുന്നുകളുടെ വിങ്ങലും ശ്വാസം മുട്ടലും. ഈ നാലു ചുമരുകൾക്കിടയിൽ ബാലാവകാശ നിഷേധങ്ങളുണ്ട്, ഒന്നല്ല, ഒരുപിടി. ഒപ്പം മാലിന്യക്കൂമ്പാരത്തിന് നടുവിൽ അക്ഷരം നുണയേണ്ടിവരുന്നവന്റെ നിഷ്കളങ്കമായ നിസഹായതയും.
തിരുവനന്തപുരം കോർപറേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ നഴ്സറി സ്കൂൾ. അടിസ്ഥാന സൗകര്യങ്ങളില്ലാതെ നട്ടംതിരിയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ബീമാപള്ളിയിൽ മത്സ്യഭവന്റെ മറ്റ് രണ്ട് ഓഫിസുകൾക്ക് നടുവിൽ ഒറ്റമുറിയിലാണ് ‘സ്കൂൾ’ എന്ന പേരിൽ ഒറ്റമുറിയിൽ സ്ഥാപനം പ്രവർത്തിക്കുന്നത്. കടലോരമേഖലയിലെ സാധാരണക്കാരുടെ ഒന്നുമുതൽ ആറുവയസുവരെ മാത്രം പ്രായമുള്ള മക്കൾ പഠിക്കുന്ന ഇവിടെ നാളിതുവരെ സ്കൂളിന്റെ പേരെഴുതിയ ബോർഡുപോലും സ്ഥാപിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല എന്നതിൽ തുടങ്ങുന്നു കോർപറേഷന്റെ ‘വികസനപ്രവർത്തനങ്ങൾ’.
ബാലാവകാശ നിഷേധം തുടർക്കഥ
പാവപ്പെട്ട കുടുംബത്തിൽ നിന്ന് വരുന്ന കുട്ടികൾ പഠിക്കുന്ന ഈ നഴ്സറി സ്കൂളിൽ കുട്ടികൾക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടെന്ന് ഒഴിച്ചാൽ പഠനത്തിനാവശ്യമായ മറ്റൊന്നും തന്നെയില്ല. പ്രീ പ്രൈമറി പഠനരീതി പൂർണമായും കളികൾക്ക് ഊന്നൽ കൊടുക്കുന്നതാണങ്കിൽ സ്കൂളിലെ കരുന്നുകൾ ഒരു കളിപ്പാട്ടം കണ്ടിട്ട് അഞ്ചുവർഷമാകുന്നു. കളിസ്ഥലം പോലും ഇവർക്ക് നിഷേധിച്ചു. കുട്ടികൾക്ക് ഭക്ഷണം കഴിക്കാനുള്ള സ്ഥലം, കൈകഴുകാനുള്ള പൈപ്പുകളോ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള ശൗചാലയമോ എന്തിന് ശുദ്ധമായ കുടിവെള്ളംപോലുമില്ല. മത്സ്യഭവനിലെ ജീവനക്കാർക്ക് അനുവദിച്ച ശൗചാലയമാണ് ഇപ്പോൾ കുട്ടികൾ ഉപയോഗിക്കുന്നത്. സ്കൂളിൽ വെള്ളമില്ലാത്തതിനാൽ കുട്ടികൾക്ക് ശൗചാലയത്തിൽ പോകണമെങ്കിൽ ആയമാരോ അധ്യാപികയോ പുറത്ത് നിന്ന് വെള്ളം ബക്കറ്റിൽ ശേഖരിച്ചുകൊണ്ടുവരേണ്ട സ്ഥിതിയാണ്.
2015ൽ രക്ഷിതാക്കൾ നിരവധി അപേക്ഷകൾ നൽകിയതിനെ തുടർന്ന് കെട്ടിടത്തിന് മുകളിൽ ടെറസ് റൂഫിങ് ചെയ്തിരുന്നെങ്കിലും പണി പൂർത്തിയാകാത്തതോടെ ഇതെല്ലാം ഇപ്പോൾ ഉപയോഗശൂന്യമായ അവസ്ഥയിലാണ്. ലക്ഷങ്ങളുടെ പഠനോപകരങ്ങളും കളിക്കോപ്പുകളുമാണ് ഭരണാധികാരികളുടെ കെടുകാര്യസ്തതമൂലം ചെതലെടുത്ത് നശിച്ചത്.
മത്സ്യഭവന്റെ രണ്ട് ഓഫിസുകൾക്കും സ്കൂളിനുമായി പൊതുവായ ഒരുഗേറ്റ് മാത്രമാണ് ഉള്ളത്. നാട്ടുകാരും അപരിചിതരുമടക്കം പല ആവശ്യങ്ങൾക്കും മത്സ്യഭവനിലേക്ക് വരുന്നതിനാൽ ഗേറ്റ് പൂട്ടിയിടാൻ കഴിയാത്ത സാഹചര്യവും ഉണ്ട്. ഇത് കുട്ടികളുടെ സുരക്ഷയിലും ആശങ്കയുണർത്തുന്നതായി രക്ഷിതാക്കൾ പറയുന്നു. ക്ലാസ് മുറിയും തിരക്കേറിയ റോഡും തമ്മിൽ ഒരു മീറ്ററിന്റെ വ്യത്യാസമാത്രം ഉള്ളതിനാൽ ഏത് സമയത്തും വലിയൊരു അപകടമാണ് ഈ മക്കളെ കാത്തിരിക്കുന്നത്..
ഈ കുഞ്ഞുങ്ങളും മനുഷ്യരല്ലേ...
പിഞ്ചുകുഞ്ഞുകൾ പഠിക്കുന്ന ക്ലാസ് മുറിക്ക് സമീപം വലിയൊരു മാലിന്യകൂനയാണ്. മൂക്ക് പൊത്താതെ സ്കൂളിനകത്ത് പ്രവേശിക്കാനോ നിൽക്കാനോ കഴിയില്ല. ഈച്ചകളും പുഴുക്കളും പ്രാണികളും കൊതുകുകളും നിറഞ്ഞ് വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് വിദ്യാർഥികൾ പഠിക്കുന്നത്.
ക്ലാസ് പരിസരത്തെ മാലിന്യ നിക്ഷേപത്തെ തുടർന്ന് മഴക്കാലത്തടക്കം കുട്ടികൾക്കും ജീവനക്കാർക്കും ഛർദി, പനി, ചുമ, ചർമ രോഗങ്ങളും പതിവാണ്. ഇതിനെതിരെ അധ്യാപിക അടക്കം പലതവണ കോർപറേഷനിൽ പരാതിപ്പെട്ടിട്ടും മാലിന്യം നീക്കം ചെയ്യുന്നതിനുള്ള യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചില്ല. വീട്ടിലെ മാലിന്യങ്ങളും അറവുമാലിന്യങ്ങളും ആകാശവാണിയുടെ ഉടമസ്ഥതയിലുള്ള ഈ കോമ്പൗണ്ടിലാണ് നിക്ഷേപിക്കുന്നതും കത്തിക്കുന്നതും. കോവിഡിന് മുമ്പ് 64 ഓളം കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നത്. മാലിന്യനിക്ഷേപത്തെ തുടർന്ന് കുട്ടികൾ പലരും രോഗികളായതോടെ ഇവരിൽ പലരും രക്ഷിതാക്കൾ സ്വകാര്യ വിദ്യാലയങ്ങളിലേക്ക് മാറ്റി. നിലവിൽ പാവപ്പെട്ട കുടുംബങ്ങളിലെ 25 ഓളം കുട്ടികളാണ് യാതൊരു നിവൃത്തിയുമില്ലാതെ ഈ മാലിന്യത്തിന്റെ രൂക്ഷഗന്ധവും പേറി ക്ലാസ് മുറിയിൽ കഴിച്ചുകൂട്ടുന്നത്. നഗരത്തിലെ ഒരു നഴ്സറി സ്കൂളിനും ഇല്ലാത്ത ദുരവസ്ഥയാണ് ബീമാപള്ളിയോട് മാത്രമായി കോർപറേഷൻ വച്ചുപുലർത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. അതേസമയം മാലിന്യം ഘട്ടം ഘട്ടമായി നീക്കിവരികയാണെന്ന് വാർഡ് കൗൺസിലർ ജെ. സുധീർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.