കൊച്ചി: ചേർത്തല ഭൂമി തട്ടിപ്പുകേസിലെ മുഖ്യപ്രതി ചേർത്തല പള്ളിപ്പുറം കെ.ആർ പുരം ചെന്നത്തറ വീട്ടിൽ സെബാസ‌്റ്റ്യൻ മാത്യു (57) പിടിയിൽ. കോടതിയിൽ കീഴടങ്ങാനെത്തിയ ഇയാളെ എറണാകുളം ബോട്ട‌്ജെട്ടിക്ക‌് സമീപം ബസിൽനിന്ന‌് ഇറങ്ങവെ ഷാഡോ പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് ആലപ്പുഴ പൊലീസിന‌് കൈമാറി. ഒരുമാസമായി ഒളിവിലായിരുന്ന സെബാസ‌്റ്റ്യൻ കോടതിയിൽ കീഴടങ്ങാൻ കൊച്ചിയിലെത്തുമെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണം നടത്തിവരുകയായിരുന്നു. ശനിയാഴ‌്ച രാവിലെ 11.30ഓടെയാണ് ഇയാൾ എറണാകുളം ബോട്ട്ജെട്ടിക്ക് സമീപത്തെ സ്റ്റോപ്പിൽ ബസിറങ്ങിയത്.
കോടികളുടെ സ്വത്തിനുടമയായ ബിന്ദു പദ്മനാഭെൻറ ഉടമസ്ഥതയിലുള്ള വസ്തുക്കൾ ഈടായി നൽകി പണം തട്ടിയെന്നതാണ് സെബാസ്റ്റ്യനെതിരായ കേസ്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ല കോടതി തള്ളിയിരുന്നു. ബിന്ദുവിെൻറ സ്വത്തുക്കൾ ഈടായി നൽകിയതിനുപുറമെ പട്ടണക്കാട്, ചേർത്തല, അമ്പലപ്പുഴ, ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫിസുകളിൽ രജിസ്റ്റർ ചെയ്ത കോടിക്കണക്കിന് രൂപ വിലയുള്ള വസ്തുക്കൾ പലർക്കായി വിറ്റതായും പൊലീസ് കണ്ടെത്തിയിരുന്നു.
ബിന്ദു പദ്മനാഭനെ കാണാനില്ലെന്നും ഇവരുടെ സ്വത്തുക്കൾ ആൾമാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും സ്വന്തമാക്കിയെന്നും കാണിച്ച് സഹോദരൻ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. കേസിലെ മറ്റൊരു പ്രതി മിനി പൊലീസ‌് കസ‌്റ്റഡിയിലാണ‌്.
സെബാസ്റ്റ്യെന ജില്ല പൊലീസ് മേധാവി ചോദ്യം ചെയ്തു
ആലപ്പുഴ: കൊച്ചിയിൽ കീഴടങ്ങിയ ചേർത്തല ഭൂമി തട്ടിപ്പുകേസിലെ പ്രധാന പ്രതിയെ ആലപ്പുഴയിൽ എത്തിച്ച് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. ശനിയാഴ‌്ച വൈകീട്ട് നാേലാടെ ജില്ല ക്രൈംബ്രാഞ്ച് ഒാഫിസിൽ എത്തിച്ച സെബാസ്റ്റ്യനെ എസ്.പി എസ്. സുരേന്ദ്രെൻറ നേതൃത്വത്തിൽ രാത്രി വളരെ വൈകിവരെ ചോദ്യം ചെയ്തു. അന്വേഷണ ചുമതലയുള്ള ചേർത്തല, കുത്തിയതോട് പൊലീസ് ഉദ്യോഗസ്ഥരും ചോദ്യം ചെയ്യുന്ന ടീമിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നേരേത്ത ആത്മഹത്യെചയ്ത ടാക്സി ഡ്രൈവർ മനോജിെൻറ തലയിൽ കുറ്റം കെട്ടിവെക്കാനുള്ള ശ്രമം സെബാസ‌്റ്റ്യൻ ചോദ്യം ചെയ്യലിൽ നടത്തിയതായാണ് അറിയുന്നത്.
തുടർ ചോദ്യം ചെയ്യലിൽ പതറിയ ഇയാൾ പിന്നീട് കുറ്റം സമ്മതിച്ചതായാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. വ്യാജ മുക്ത്യാർ ചമച്ചത് താനാണെന്നും ബിന്ദു വിദേശത്ത് മരിച്ചതായുമാണ് ആദ്യഘട്ട ചോദ്യം ചെയ്യലിൽ സെബാസ‌്റ്റ്യൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ, പൊലീസ് ഇത് വിശ്വസിക്കുന്നില്ല. ഇയാളെയും രണ്ടാം പ്രതി മിനിയെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണസംഘത്തിെൻറ പ്രതീക്ഷ.
ഇതുവരെ രജിസ്റ്റർ ചെയ്തത് അഞ്ച് കേസ്
ചേർത്തല: ബിന്ദുവിെൻറ തിരോധാനവുമായി ബന്ധപ്പെട്ട് നിലവിൽ അഞ്ച് കേസാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിന്ദുവിെൻറ തിരോധാനം, വ്യാജ മുക്ത്യാർ ഉപയോഗിച്ച് വസ്തു തട്ടിയെടുക്കൽ, വ്യാജ ഡ്രൈവിങ് ലൈസൻസ് നിർമാണം, എസ്.എസ്.എൽ.സി ബുക്കിെൻറ വ്യാജ പകർപ്പ് തയാറാക്കൽ, സെബാസ്റ്റ്യെൻറ അനധികൃത പണമിടപാടുകൾ എന്നിവയാണ് കേസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.