ബംഗളൂരു: ബിനീഷ് കോടിയേരിയെ കൂടുതൽ കുരുക്കിലാക്കുന്ന തെളിവുകളുമായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി). കസ്റ്റഡി കാലാവധി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ബിനീഷിെനതിരെ ഗുരുതര ആരോപണങ്ങളുള്ളത്. ഏഴു വർഷത്തിനിടെ മയക്കുമരുന്ന് ഇടപാടിലൂടെ അഞ്ചു കോടിയിലേറെ രൂപ ബിനീഷ് സമ്പാദിച്ചതായാണ് ഇ.ഡിയുടെ ആരോപണം. മാത്രവുമല്ല; മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി കൊച്ചി സ്വദേശി അനൂപ് മുഹമ്മദുമായും മൂന്നാം പ്രതി റിജേഷ് രവീന്ദ്രനുമായും ചേർന്ന് റിയാൻഹ, യൂഷ് തുടങ്ങി വിവിധ പേരുകളിൽ ഇവൻറ് മാനേജ്മെൻറ് കമ്പനികൾ നടത്തിയിരുന്നു. ഇതിെൻറ മറവിൽ നടന്ന ഇടപാടുകളെക്കുറിച്ച് അന്വേഷണം വേണം. ദുബൈയിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയാണെന്ന് ബിനീഷ് സമ്മതിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ചും കൂടുതൽ അന്വേഷണം വേണമെന്നും ഇ.ഡി ചൂണ്ടിക്കാട്ടുന്നു. 2012 മുതൽ 2019 വരെയുള്ള കാലയളവിൽ വിവിധ അക്കൗണ്ടുകളിലായി അനൂപ് മുഹമ്മദിന് 5,17,36,600 രൂപ ബിനീഷ് കൈമാറിയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ആരോപണം. ഇത്രയും വലിയ തുക എങ്ങനെ, ആരിൽനിന്ന് ലഭിച്ചുവെന്ന ചോദ്യങ്ങൾക്കാണ് നാലു ദിവസമായിട്ടും ബിനീഷ് വ്യക്തമായ മറുപടി നൽകാത്തത്. മയക്കുമരുന്ന് ഇടപാടിലൂടെ നേടിയ പണമാണിതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
അതേസമയം, ബിനീഷിെൻറ അക്കൗണ്ടുകൾ വഴി ഏഴു വർഷത്തിനിടെ കൈമാറിയ തുകയും അദ്ദേഹം അതത് വർഷങ്ങളിൽ ആദായ നികുതി വകുപ്പിന് നൽകിയ വരുമാന വിവരത്തിലെ തുകയും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നതാണ് ഇ.ഡിയുടെ മറ്റൊരു കണ്ടെത്തൽ. ഇതിെൻറ വിശദ പട്ടിക കോടതിയിൽ സമർപ്പിച്ചു. ബിനീഷ് കൊക്കെയ്ൻ ഉപയോഗിച്ചതായും അദ്ദേഹത്തിന് ലഹരി കച്ചവടത്തിൽ പങ്കുണ്ടെന്നും തങ്ങൾക്ക് മൊഴി ലഭിച്ചതായും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
യു.എ.ഇ കോൺസുലേറ്റിലെ നയതന്ത്ര ബാഗേജ് വഴി കേരളത്തിലേക്ക് സ്വർണം കടത്തിയ കേസിലെ പ്രതി അബ്ദുൽ ലത്തീഫ് ബിനീഷിെൻറ ബിനാമിയാണെന്നും ഇയാൾവഴി വിവിധ കമ്പനികളിലായി വൻതുക നിക്ഷേപിച്ചതായും ഇ.ഡി ചൂണ്ടിക്കാട്ടി. കേരളത്തിലും കർണാടകയിലുമായി വൻ ബിനാമി ഇടപാടുകൾ നടന്നിട്ടുെണ്ടന്നും ഇവ വിശദമായി അന്വേഷിക്കേണ്ടതുെണ്ടന്നും ബിനീഷിെൻറ പേരിൽ പല കേസുകളുണ്ടെന്നും അദ്ദേഹം സ്ഥിരം കുറ്റവാളിയാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ പ്രസന്ന കുമാർ കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.