മരട് (കൊച്ചി): മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എളമക്കര സ്വദേശി ബിനു ജോസഫിനെ എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. നടൻ ശ്രീനാഥ് ഭാസിയെയും നടി പ്രയാഗ മാർട്ടിനെയും ഹോട്ടലിൽ എത്തിച്ചത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്. ലഹരി ഇടപാടിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന ബിനു ജോസഫിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കേസിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശ് പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗൺ പ്ലാസയിൽനിന്നും കഴിഞ്ഞ ദിവസമാണ് പിടിയിലായത്. ഹോട്ടലിൽ ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയില്‍ സിനിമാ താരങ്ങൾ ഉൾപ്പെടെ 20 പേർ എത്തിയതായാണ് റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഉൾപ്പെടെ ഓംപ്രകാശിന്‍റെ മുറിയിൽ സന്ദർശനം നടത്തിയെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഉൾപ്പെടെയുള്ളവർ എത്തിയതിന്‍റെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികൾ ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നറിയാൻ രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം വന്ന ശേഷം തുടർ നടപടികളിലേക്ക് കടക്കും.
20ഓളം പേര്‍ മുറിയില്‍ എത്തിയതായും ഇവിടെ വെച്ച് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. പ്രതികൾ വിദേശത്തുനിന്ന് മയക്കുമരുന്ന് എത്തിച്ച് ഡി.ജെ പാർട്ടികളിൽ വിതരണം ചെയ്യുകയായിരുന്നു എന്നാണ് കരുതുന്നത്. കൊല്ലം കൊറ്റങ്കര തട്ടാക്കോണം ഷിഹാസും ഓം പ്രകാശിനൊപ്പം പിടിയിലായിട്ടുണ്ട്. ലഹരി ഉപയോഗിച്ചതിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹോട്ടലിലെ രജിസ്റ്ററും സി.സി ടിവി ദൃശ്യങ്ങളും ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. കുറെനാളുകളായി ഓം പ്രകാശിനെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. മുത്തൂറ്റ് പോൾ ജോർജ് വധക്കേസ് ഉൾപ്പെടെ ഒട്ടേറെ കൊലക്കേസുകളിലും പാറ്റൂർ ഗുണ്ടാ ആക്രമണ കേസിലും ഓംപ്രകാശ് പ്രതിയാണ്.
കൊച്ചി: ലഹരിമരുന്ന് കേസിൽ ഗുണ്ട നേതാവ് ഓംപ്രകാശിനും മറ്റൊരു പ്രതി കൊല്ലം പേരൂർ സ്വദേശി ഷിഹാസിനും ജാമ്യം. ഇരുവരും കൊക്കെയ്ൻ ഉപയോഗിച്ചതായി തെളിയിക്കാൻ കഴിയാത്തതിനെത്തുടർന്നാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
ഓംപ്രകാശിനെ കാണാൻ സിനിമ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരടക്കം ഇരുപതിലേറെ പേർ ഹോട്ടലിൽ എത്തിയതിനെക്കുറിച്ച് കൂടുതൽ വിവരം ലഭിക്കാൻ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷ കോടതി തള്ളി. ബേബി ചലപതി എന്നയാളുടെ പേരിലെടുത്ത മുറിയിലാണ് ഓംപ്രകാശ് താമസിച്ചിരുന്നത്. ഇയാളെക്കുറിച്ചും അന്വേഷണം നടത്തേണ്ടതുണ്ട്. പ്രതികൾ കഴിഞ്ഞിരുന്ന മുറിയിൽ കൊക്കെയ്ൻ ഉപയോഗിച്ചതിന്‍റെ ലക്ഷണങ്ങൾ ഉണ്ടെങ്കിലും ഇത് പ്രതികൾ ഉപയോഗിച്ചതാണെന്ന് തെളിയിക്കാൻ കഴിയാത്തതിനെത്തുടർന്നാണ് ജാമ്യം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.