കാത്തിരിപ്പ് തുടരുന്നു; ബയോകെമിസ്ട്രിക്കാർ ഹൈസ്കൂൾ അധ്യാപക യോഗ്യതക്ക് പുറത്ത്

മലപ്പുറം: ബയോകെമിസ്ട്രിയിൽ ബിരുദമെടുത്ത് നാച്ചുറൽ സയൻസിൽ ബി.എഡ് പൂർത്തിയാക്കിയവർ ഇപ്പോഴും ഹൈസ്കൂൾ അധ്യാപകരാവാനുള്ള യോഗ്യതക്ക് പുറത്ത്. സർക്കാറിന് നിരവധി പരാതികൾ നൽകി പ്രതീക്ഷയോടെ കാത്തിരുന്നവർക്ക് പുതുതായി വന്ന ഉത്തരവിലും അവഗണനയാണ്. ഇതോടെ നേരത്തെ ബി.എഡ് എടുത്തവരും, പി.എസ്.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരുമായ ബയോകെമിസ്ട്രിക്കാർ ആശങ്കയിലായി.

2022 ഡിസംബറിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നാച്ചുറൽ സയൻസിൽ ഹൈസ്കൂൾ അധ്യാപകരുടെ യോഗ്യതയുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവിറക്കിയത്. ഈ ഉത്തരവിൽ നേരത്തെ യോഗ്യതയിൽ നിന്ന് ഒഴിവാക്കിയ മൈക്രോബയോളജി, ഹോം സയൻസ്, ഫാമിലി ആൻഡ് കമ്യൂണിറ്റി സയൻസ് വിഷയങ്ങളിൽ ബിരുദമെടുത്തവർക്ക് മാനദണ്ഡങ്ങളോടെ ഇളവ് നൽകി. 2022 സെപ്റ്റംബറിലെ ഉത്തരവിനുമുമ്പ് സ്കൂളുകളിൽ നിയമിതരായവർ, പി.എസ്.സി വിജ്ഞാപനപ്രകാരം എച്ച്.എസ്.ടി നാച്ചുറൽ സയൻസ് തസ്തികയിലേക്ക് പരീക്ഷ എഴുതിയവർ, ഉത്തരവിന് മുമ്പ് ബിരുദം നേടിയശേഷം ബി.എഡ് ചെയ്തവർ എന്നിവർക്ക് നാച്ചുറൽ സയൻസിൽ അധ്യാപന യോഗ്യതയുണ്ടായിരിക്കുമെന്നായിരുന്നു ഭേദഗതി.

എന്നാൽ, ഇവരോടൊപ്പം യോഗ്യതക്കായി കാത്തുനിന്ന ബയോകെമിസ്ട്രി വിഭാഗക്കാരെക്കുറിച്ച് ഈ ഉത്തരവിൽ ഒന്നും പരാമർശിച്ചില്ല. നേരത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സാക്ഷ്യപ്പെടുത്തി ഉദ്യോഗാർഥികൾക്ക് നൽകിയ കത്തുകളിൽ ബയോകെമിസ്ട്രി എടുത്തവർക്കും എച്ച്.എസ്.ടി യോഗ്യതയുണ്ടെന്ന മറുപടി ഉദ്യോഗാർഥികൾക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. അതിനു ശേഷം വന്ന ഉത്തരവിൽ ബയോ കെമിസ്ട്രിയെക്കുറിച്ച് പ്രതിപാദിക്കാതെ പോയതോടെ നേരത്തെ യോഗ്യതയുണ്ടെന്ന കാരണത്താൽ ബി.എഡ് എടുത്ത് അധ്യാപന ജോലി പ്രതീക്ഷിച്ചവർ ഇതോടെ ആശങ്കയിലായി.

സിലബസുമായി ഏറെ അടുത്തതും ബയോളജിയുടെ ഒരു ശാഖ തന്നെയുമായ ബയോകെമിസ്ട്രിയെയും അധ്യാപന യോഗ്യതയിൽ ഉൾപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. ‘ലൈഫ് സയൻസ്’ എന്ന ഒറ്റക്കുടക്കീഴിൽ സുവോളജി, ബയോകെമിസ്ട്രി, ബോട്ടണി, മൈക്രോബയോളജി എന്നിവർ നെറ്റ് പരീക്ഷ എഴുതുകയും ബയോളജിയുടെ പല ഭാഗങ്ങളും എല്ലാവരും ഒരുപോലെ പഠിക്കുകയും ചെയ്തതാണ്.

കൂടാതെ എച്ച്.എസ്.എ നാച്ചുറൽ സയൻസ് പി.എസ്.സി പരീക്ഷയുടെ സിലബസിൽ ബയോകെമിസ്ട്രി ഒരു ഭാഗമായി ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ഉദ്യോഗാർഥികൾ പറയുന്നു. അനുകൂല തീരുമാനം തേടി ചില ഉദ്യോഗാർഥികൾ ഹൈകോടതിയെ സമീപിച്ചിട്ടുമുണ്ട്.

Tags:    
News Summary - Biochemistry graduate are not qualified as high school teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.