താനൂർ: ഹജ്ജ് കർമത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി പുറപ്പെടുന്ന 15000ത്തോളം ഹാജിമാർക്ക് എല്ലാ ആധുനിക സൗകര്യങ്ങളുമൊരുക്കുമെന്ന് സംസ്ഥാന ഹജ്ജ്, വഖഫ്, ന്യൂനപക്ഷ മന്ത്രി വി. അബ്ദുറഹിമാൻ. താനൂരിൽ ഹാജിമാർക്കുള്ള ഒന്നാംഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സൗദി അറേബ്യയിൽ ഹാജിമാരുടെ സൗകര്യങ്ങൾ ഉറപ്പാക്കാൻ ഹജ്ജ് കമ്മിറ്റി അംഗത്തെ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചിട്ടുണ്ട്. ഹജ്ജ് കമ്മിറ്റിയുടെ മൂന്ന് ക്ലാസുകളിൽ നൽകുന്ന കൈപ്പുസ്തകം, ഹജ്ജ് ഗൈഡ് എന്നിവയിൽ ആവശ്യമായ വിവരങ്ങളുണ്ട്. ഹാജിമാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന ട്രെയ്നിങ് ഓർഗനൈസർമാരുടെ സഹായം ലഭ്യമാണെന്നും ഹാജിമാരെ അനുഗമിക്കാനും സൗദിയിൽ സഹായം ചെയ്യാനും ഹജ്ജ് ഇൻസ്പെക്ടർമാരുടെ സേവനം ഒരുക്കിയിട്ടുണ്ട്. ഈ വർഷം പ്രായോഗിക പഠനങ്ങൾക്കായുള്ള പ്രത്യേക വിഡിയോകളും പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
എക്സിക്യൂട്ടിവ് ഓഫിസർ ജില്ല കലക്ടർ വി.ആർ. വിനോദ് അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയ കൈപ്പുസ്തകം താനൂർ നഗരസഭ ചെയർമാൻ റഷീദ് മോര്യക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു. അസി. സെക്രട്ടറി എൻ. മുഹമ്മദലി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി.ടി. അക്ബർ, അസ്കർ കോറാട്, ഒ.വി. ജഅഫർ കണ്ണൂർ, നഗരസഭ കൗൺസിലർ സി.കെ.എം. ബഷീർ, മുഹമ്മദ് കാസിം കോയ പൊന്നാനി, അഡ്വ. പി.പി. ബഷീർ, പി.കെ. ബാപ്പു ഹാജി, മുജീബ്, കെ. അബ്ദുൽ ലത്തീഫ് ബാവ എന്നിവർ സംസാരിച്ചു. കെ.ടി. അമാനുള്ള, എൻ.പി. ഷാജഹാൻ, യു. മുഹമ്മദ് റഊഫ് എന്നിവർ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.