കോട്ടയം: ജില്ലയിലെ കല്ലറ പഞ്ചായത്ത് ഒന്നാംവാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. സ്വകാര്യ വ്യക്തി വളർത്തിയിരുന്ന താറാവുകൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്ന് ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് എച്ച്5 എൻ1 സ്ഥിരീകരിച്ചത്.
രോഗം കണ്ടെത്തിയ പാടശേഖരത്തിലുണ്ടായിരുന്ന 5066 താറാവുകളെ മൃഗസംരക്ഷണവകുപ്പിന്റെ ദ്രുതകർമസേന കൊന്ന് സംസ്‌കരിച്ചു. 65ദിവസം പ്രായമായ താറാവുകളെയാണ് കൊന്നത്. പ്രദേശത്തിന് ഒരുകിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും കൊല്ലുന്ന നടപടികളും അണുനശീകരണവും വെള്ളിയാഴ്ചയും തുടരും.
കല്ലറ പഞ്ചായത്ത് വെറ്ററിനറി സർജൻ ഡോ. സന്തോഷിന്റെ സഹായത്തോടെ ചേന്നാട് വെറ്ററിനറി സർജൻ ഡോ. റിയാസ് നേതൃത്വം നൽകുന്ന ദ്രുതകർമസേനയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ഷാജി പണിക്കശ്ശേരിയും ചീഫ് വെറ്ററിനറി ഓഫിസർ ഡോ. മനോജ് കുമാറും പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഈമാസം ആർപ്പൂക്കര, നീണ്ടൂർ, വെച്ചൂർ എന്നിവിടങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പക്ഷികളെ കൊന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.