കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ വിധി ഇന്ന്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. 105 ദിവസം നീണ്ടുനിന്ന രഹസ്യ വിചാരണക്കൊടുവിലാണ് കോടതി കേസിൽ ഇന്ന് വിധി പറയുന്നത്. കേരളം ആകാംഷയോടെ കാത്തിരിക്കുന്ന കേസിലെ വിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. 11 മണിയോടെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആ നിർണായക വിധി പറയും.
2019 ഏപ്രിൽ ഒമ്പതിന് കുറ്റപത്രം സമർപ്പിച്ച കേസിൽ നവംബർ 30ന് വിചാരണ തുടങ്ങി. കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി ബിഷപ്പ് ഫ്രാങ്കോ ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു. എന്നാൽ, ഫ്രാങ്കോ വിചാരണ നേരിടണമെന്ന വിധിയാണ് കോടതികൾ പുറപ്പെടുവിച്ചത്.
85 പ്രോസിക്യൂഷൻ സാക്ഷികളിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം 39 സാക്ഷികളെ കേസിൽ വിസ്തരിച്ചു. മൂന്നു ബിഷപ്പുമാർ, 11 പുരോഹിതർ, 25 കന്യാസ്ത്രീകളും ഉൾപ്പെടും. പ്രതിഭാഗം ആവശ്യപ്പെട്ട പ്രകാരം ഉൾപ്പെടുത്തിയ ഒമ്പതു പേരുടെയും വിസ്താരം പൂർത്തിയായി. 2018 ജൂണിലാണ് കുറവിലങ്ങാട് നാടുകുന്ന് സെന്‍റ് ഫ്രാൻസിസ് മിഷൻ ഹോമിലെ കന്യാസ്ത്രീയുടെ പരാതി കുറവിലങ്ങാട് പൊലീസിനും ജില്ല പൊലീസ് മേധാവിക്കും ലഭിക്കുന്നത്.
മഠത്തിലും മറ്റ് വിവിധ സ്ഥലങ്ങളിലും വെച്ച് 13 തവണ ബിഷപ്പ് ഫ്രാങ്കോ ബലാത്സംഗം ചെയ്തെന്നാണ് കന്യാസ്ത്രീയുടെ പരാതി. ജില്ല പൊലീസ് മേധാവി ഹരിശങ്കറുടെ നേതൃത്വത്തിൽ വൈക്കം ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിച്ചത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ 23 ദിവസം പാലാ ജയിലിൽ കിടന്നു. അന്യായമായി തടഞ്ഞുവെക്കൽ, അധികാര ദുർവിനിയോഗം നടത്തി ലൈംഗിക ദുരുപയോഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ മേലധികാരം ഉപയോഗിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്യൽ, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്യൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.