മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിൽ ബിഷപ്പുമാർ പ​ങ്കെടുത്തില്ല; ക്രിസ്​മസ്​ തിരക്കെന്ന്​ വിശദീകരണം

കോഴിക്കോട്​: മുഖ്യമന്ത്രി പിണറായി വിജയൻ കേരള പര്യടനത്തിന്‍റെ ഭാഗമായി കോഴിക്കോട് നടത്തിയ പ്രമുഖരുടെ യോഗത്തില്‍ കോഴിക്കോട് ബിഷപ് വര്‍ഗീസ് ചക്കാലത്തില്‍, താമരശ്ശേരി ബിഷപ് മാർ റെമഞ്ചിയോസ് ഇഞ്ചനാനിൽ എന്നിവര്‍ പങ്കെടുത്തില്ല. ക്രിസ്​മസിനോടനുബന്ധിച്ച പരിപാടികൾ ഉള്ളതിനാലാണ്​ പ​ങ്കെടുക്കാതിരുന്നതെന്ന് ബിഷപ് ഹൗസ്​ വൃത്തങ്ങൾ അറിയിച്ചു. ക്രൈസ്തവ നേതാക്കളില്‍ സി.എസ്.ഐ ബിഷപ് റോയി വിക്ടർ മനോജ് മാത്രമാണ് പങ്കെടുത്തത്.

കോഴിക്കോട് കാരപ്പറമ്പ് സ്കൂളിലായിരുന്നു കേരള പര്യടനത്തിന്‍റെ ഭാഗമായ പ്രമുഖരുടെ ഒത്തുചേരല്‍. കാന്തപുരം എ.പി വിഭാഗത്തെ പ്രതിനിധീകരിച്ച് അബ്ദുല്‍ ഹകീം അസ്ഹരി, സി. മുഹമ്മദ് ഫൈസി, ഇ.കെ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം, കെ.എന്‍.എം നേതാവ് ടി.പി അബ്ദുല്ലക്കോയ മദനി തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിലേക്ക് ജമാഅത്തെ ഇസ്​ലാമി നേതാക്കളെ ക്ഷണിച്ചിരുന്നില്ല.

സംവിധായകന്‍ രഞ്ജിത്ത്, എഴുത്തുകാരന്‍ കെ.പി രാമനുണ്ണി വ്യവസായ പ്രമുഖരായ എം.പി അഹമ്മദ്, പി.കെ അഹമ്മദ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധികള്‍ തുടങ്ങി സാമൂഹിക സാംസ്കാരിക വ്യവസായിക രംഗത്തെ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു.

പാർട്ടി സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ മുന്‍ താമരശ്ശേരി ബിഷപ്പ് മാര്‍ ചിറ്റലപ്പിള്ളിയെ നികൃഷ്ട ജീവി എന്ന് വിളിച്ചത്​ ഏറെ വിവാദമായിരുന്നു. സി.പി.എം നേതാവ് മത്തായി ചാക്കോയുടെ ശവസസംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്​നത്തെ തുടർന്നായിരുന്നു ഇത്​. പിന്നീട് പിണറായിക്ക് മാപ്പുകൊടുക്കുന്നതായി മാര്‍ ചിറ്റിലപ്പള്ളി തന്‍റെ ആത്മകഥയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. തുടർന്ന്​ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള പ്രക്ഷോഭത്തിനിടെ പുതിയ താമരശ്ശേരി ബിഷപ്പായ മാർ റെമഞ്ചിയോസ് ഇഞ്ചനാനിലിന്‍റെ അരമനയിലെത്തി പിണറായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    
News Summary - Bishops not participated in CM's programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.