ആമ്പല്ലൂര്‍: പാലപ്പിള്ളി വലിയകുളത്ത് സോളാര്‍ വേലിയില്‍ നിന്ന് ഷോക്കേറ്റ് കാട്ടുപോത്ത് ചത്തു. ഹാരിസണ്‍ കമ്പനിയുടെ പാലപ്പിള്ളി എസ്റ്റേറ്റിന്‍റെ വനാതിര്‍ത്തിയില്‍ സ്ഥാപിച്ച വേലിയില്‍നിന്നാണ് ഷോക്കേറ്റത്. വേലിയില്‍ മണിക്കൂറുകളോളം തല കുടുങ്ങിക്കിടന്നാണ് കാട്ടുപോത്ത് ചത്തത്. രണ്ട് വയസോളം പ്രായമുണ്ട്.
കഴിഞ്ഞ രാത്രിയിലാകാം പോത്ത് സോളാര്‍ വേലിയില്‍ കുടുങ്ങിയതെന്ന് കരുതുന്നു. ചൊവ്വാഴ്ച രാവിലെയാണ് പോത്തിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഹാരിസണ്‍ കമ്പനിയുടെ പാലപ്പിള്ളി എസ്റ്റേറ്റിന് കീഴിലുള്ള വലിയകുളത്ത് പുനര്‍നടീല്‍ നടത്തിയ റബര്‍തോട്ടത്തിലേക്ക് വന്യമൃഗങ്ങള്‍ കടക്കാതിരിക്കാനാണ് കമ്പനി കിലോമീറ്ററുകളോളം ദൂരത്തില്‍ സോളാര്‍ വേലി സ്ഥാപിച്ചത്. എട്ട് മാസം മുമ്പാണ് വേലിയില്‍ വൈദ്യുതി പ്രവഹിച്ച് തുടങ്ങിയത്.
വന്യമൃഗങ്ങള്‍ വേലിയില്‍ സ്പര്‍ശിച്ചാല്‍ ചെറിയതോതില്‍ ഷോക്ക് ഏല്‍ക്കുകയും അതോടെ മൃഗങ്ങള്‍ ഓടിപോകുകയുമാണ് പതിവെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ഇത്തരത്തില്‍ മൃഗങ്ങള്‍ വേലിയില്‍ സ്പര്‍ശിക്കുമ്പോള്‍ കമ്പനി ഓഫീസിനുള്ളില്‍ അലറാം മുഴങ്ങും. എന്നാല്‍, കാട്ടുപോത്ത് വേലിയില്‍ കുടുങ്ങിയിട്ടും അലറാം മുഴങ്ങിയില്ലെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. പല സമയങ്ങളിലായി അമിത വൈദ്യുതി പ്രവാഹവും വേലിയില്‍ ഉണ്ടാകാറുണ്ട്.
മണിക്കൂറുകളോളം വേലിയില്‍ കുടുങ്ങി കിടന്നതിനിടെയുണ്ടായ അമിത വൈദ്യുതിയാകാം കാട്ടുപോത്ത് ചത്തുപോകാന്‍ ഇടയാക്കിയതെന്നാണ് പറയുന്നത്. കാട്ടുപോത്ത് ഷോക്കേറ്റ് ചത്ത സംഭവത്തില്‍ കമ്പനിയുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് അധികൃതര്‍ അറിയിച്ചു. കാട്ടാനകള്‍ കൂട്ടമായി എത്തുന്ന ഈ പ്രദേശത്ത് അമിത വൈദ്യുതി പ്രവഹിപ്പിക്കുന്ന തരത്തിലുള്ള വേലി സ്ഥാപിച്ചതും അധികൃതര്‍ അന്വേഷിക്കും.
ചാലക്കുടി ഡി.എഫ്.ഒ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു. മണ്ണുത്തി വെറ്ററിനറി കോളജ് അധികൃതരുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം കാട്ടുപോത്തിനെ വനാതിര്‍ത്തിയില്‍ കുഴിച്ചിട്ടു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.