തൃ ശൂർ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ തീരുമാനിക്കാൻ ബി.ജെ.പി കോർ കമ്മിറ്റിയും സംസ്ഥാന ഭാരവാഹി യോഗവും എൻ.ഡി.എ യോഗവും ശനിയാഴ്ച തൃശൂരിൽ ചേരും. സംസ്ഥാന ഭാരവാഹി യോഗം നേരത്തേ തീരുമാനിച്ചതാണെങ്കിലും ഇതിനിടയിൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ തെരഞ്ഞെടുപ്പ് അജണ്ടയിലേക്ക് മാറുകയായിരുന്നു. രാവിലെ കോർ കമ്മിറ്റിയും തുടർന്ന് സംസ്ഥാന ഭാരവാഹി യോഗവും വൈകീട്ട് എൻ.ഡി.എ യോഗവുമാണ് തീരുമാനിച്ചിരിക്കുന്നത്. ശോഭ സുരേന്ദ്രൻ സംഘടന രംഗത്ത് വീണ്ടും സജീവമായ ശേഷം ചേരുന്ന സംസ്ഥാന ഭാരവാഹി യോഗമാണ്. ശോഭ സുരേന്ദ്രൻ പങ്കെടുക്കും.
പുതുപ്പള്ളിയിൽ പാർട്ടി കോട്ടയം ജില്ല പ്രസിഡന്റ് ഹരി, പാർട്ടി വക്താവ് ജോർജ് കുര്യൻ, മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. കോർ കമ്മിറ്റി യോഗത്തിനും എൻ.ഡി.എ യോഗത്തിനും ശേഷം കേന്ദ്ര നേതൃത്വം സ്ഥാനാർഥിയെ പ്രഖ്യാപിക്കും. നായർ വോട്ടർമാർക്ക് നിർണായക സ്വാധീനമുള്ള പുതുപ്പള്ളിയില്‍ ആ സമുദായത്തില്‍നിന്നുതന്നെ സ്ഥാനാർഥി വേണമെന്നാണ് ബി.ജെ.പിയിലെ പൊതുവികാരം.
സഹതാപതരംഗം യു.ഡി.എഫിന് അനുകൂലമാകുമെന്ന് ഉറപ്പുള്ളതിനാല്‍ സംഘ്പരിവാർ വോട്ടുകള്‍ ചോരാതെ നോക്കുകയാണ് ലക്ഷ്യം. അതിന് കുമ്മനം രാജശേഖരനെക്കാള്‍ മികച്ച സ്ഥാനാർഥിയെ ആർക്കും നിർദേശിക്കാനില്ല. അതേസമയം, ക്രൈസ്തവ വോട്ടുകൾ ഏറെയുള്ള പുതുപ്പള്ളിയിൽ ജോർജ് കുര്യനെ മത്സരിപ്പിച്ച് കരുത്ത് കാണിക്കണമെന്ന ആവശ്യവുമുണ്ട്. എന്നാൽ, മണിപ്പൂർ കലാപത്തോടെ ക്രൈസ്തവർക്കിടയില്‍ ബി.ജെ.പി വിരുദ്ധ വികാരം ശക്തമാണെന്ന അഭിപ്രായവുമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 11,694 വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.