കണ്ണൂർ: രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാർ പുതുവത്സരത്തിൽ ജനങ്ങൾക്ക് ഇരട്ട പ്രഹരമാണ് സമ്മാനിച്ചതെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. പാചകവാതക വിലക്കയറ്റവും വൈദ്യുതിനിരക്ക് മാസംതോറും പരിഷ്‌കരിക്കാൻ വിതരണക്കമ്പനികൾക്ക് അനുമതി നൽകുന്ന ചട്ടവുമാണ് ഈ ഇരട്ട പ്രഹരം. പ്രധാനമന്ത്രി പുതുവത്സരാശംസകൾ നേരുമ്പോൾ ഇരട്ട പ്രഹരം ജനങ്ങളൊട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ജയരാജൻ കുറിപ്പിൽ പറഞ്ഞു.
വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതകത്തിന് സിലിണ്ടറിന് 25 രൂപ വർദ്ധിച്ചതോടെ 1800 രൂപയായി ഉയർന്നു. വൈദ്യുതി സ്വകാര്യവൽക്കരണത്തിനെതിരെ ശക്തമായ സമരം നടന്നുകൊണ്ടിരിക്കുമ്പോഴാണ് മാസംതോറും വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ വിതരണക്കമ്പനികൾക്ക് അനുമതി നൽകുന്ന ചട്ടഭേദഗതി വന്നത്.
വാണിജ്യഗ്യാസിന്റെ വില വർധിപ്പിച്ചത് ഗാർഹിക പാചകവാതക വില താമസിയാതെ വർധിപ്പിക്കാനാണ്. പ്രതിദിന ഇന്ധനവില വർധിപ്പിക്കാൻ എണ്ണക്കമ്പനികൾക്ക് അധികാരം നൽകിയതുപോലെയാണ് ഇപ്പോൾ കൊണ്ടുവന്ന പ്രതിമാസ വൈദ്യുതിനിരക്ക് വർധനവിനുള്ള ചട്ടവും. രണ്ടും കോർപ്പറേറ്റുകൾക്ക് ജനങ്ങളെ കൊള്ളയടിക്കാനുള്ള അവസരമൊരുക്കുന്നവയാണ്. കരട് വൈദ്യുതി ചട്ട ഭേദഗതിയെ കേരളം എതിർത്തിരുന്നു. അതൊന്നും ബി.ജെ.പി സർക്കാറിന് പ്രശ്‌നമേയല്ല. കേന്ദ്രസർക്കാർ കോർപറേറ്റുകൾക്കൊപ്പമാണെന്ന് അടിവരയിടുന്നു, ഈ പുതുവർഷസമ്മാനങ്ങൾ -ജയരാജൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.