പത്തനംതിട്ട: തലമുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ മകൻ അനിൽ ആൻറണിയെ സർപ്രൈസ് സ്ഥാനാർഥിയായി അവതരിപ്പിച്ച പത്തനംതിട്ട പാർലമെന്‍റ് മണ്ഡലത്തിൽ എൻ.ഡി.എയിൽ തുടങ്ങിയ അസ്വാരസ്യങ്ങൾ ബി. ജെ. പിയിൽ പൊട്ടിത്തെറിയിൽ കലാശിക്കുന്നു. പി.സി. ജോർജിന് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം നൽകാത്തതിൽ പ്രതിഷേധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ബി.ജെ.പി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച കർഷക മോർച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ശ്യാംതട്ടയിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സംസ്ഥാന , ജില്ലാ നേതാക്കൾ പിതൃശൂന്യ നിലപാടാണ് സ്വീകരിച്ചതെന്നുൾപ്പെടെ അധിക്ഷേപിക്കുന്ന തരത്തിലാണ് ശ്യാം പ്രതികരിച്ചത്.
പി.സിജോർജിന് സീറ്റ് ലഭിക്കില്ലെന്ന് നേരത്തെ അറിഞ്ഞ ശ്യാം രണ്ടു ദിവസം മുൻപ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തിയിരുന്നു. പത്തനംതിട്ടയിൽ പി.സി. ജോർജിനെ പരിഗണിക്കാൻ തടസ്സമെന്തെന്നായിരുന്നു ജോർജിന്റെ ചിത്രം സഹിതം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. വിവാദമായതോടെ അഭിപ്രായം പിൻവലിച്ച് നേതൃത്വത്തിൽ നിന്ന് ഒഴിയുകയാണെന്ന് പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ അനിൽ ആന്‍റണിയുടെ സ്ഥാനാർഥി പ്രഖ്യാപനം വന്നതിന് പിന്നാലെ ശ്യാം വീണ്ടും സാമൂഹ്യ മാധ്യമത്തിൽ അഭിപ്രായവുമായി വന്നു.
ഞായറാഴ്ച നേതൃത്വത്തെ വിമർശിച്ച് വീണ്ടും പോസ്റ്റിടുകയായിരുന്നു. ജില്ലാ പ്രസിഡന്റിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് ശ്യാമിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ അറിയിപ്പ് വന്നത്. ബി.ജെ.പി ചിറ്റാർ മണ്ഡലം വൈസ് പ്രസിഡന്‍റ് കെ. എസ് പ്രതാപനും അനിലിന്‍റെ സ്ഥാനാർത്ഥിത്വത്തെ വിമർശിച്ച് രംഗത്തെത്തി. പി.സി ജോർജിന്‍റെ സ്ഥാനാർഥിത്വത്തിനായി കാത്തിരുന്ന ലോക്സഭാ മണ്ഡലത്തിലെ വലിയ വിഭാഗം അണികൾക്ക് നിരാശയാണ് സംസ്ഥാന- ദേശീയ നേതൃത്വങ്ങൾ സമ്മാനിച്ചതെന്ന് ബി.ജെ.പിയിലെ പ്രാദേശിക വികാരം. രണ്ട് ആഴ്ച്ച മുമ്പ് ജില്ലയിൽ എത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ സംസ്ഥാന ജാഥയിൽ പ്രധാന പ്രഭാഷകൻ പി.സി ജോർജായിരുന്നു. സ്ഥാനാർഥി പ്രവേശനം എന്നാണ് പി.സി ജോർജ് വിഭാഗവും ബി.ജെപി അണികളും അന്ന് അതിനെ വ്യാഖ്യാനിച്ചത്. ഇതിനിടെ ജില്ലയിൽ കാര്യമായ വോട്ടുള്ള എസ്.എൻ.ഡി.പി നേതൃത്വവും യോഗ നേതൃത്വത്തിന്‍റെ ഭാഗമായ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും ശക്തമായ നിലപാട് സ്വീകരിച്ചതാണ് ജോർജിനെതിരായത്.
അതേ സമയം അനിൽ ആന്‍റണി മത്സരിക്കുന്ന തട്ടകത്തിൽ പാർട്ടിയിലെ മുറുമുറുപ്പിൽ കേന്ദ്ര നേതൃത്വം റിപ്പോർട്ട് തേടി. അഭിപ്രായ വ്യാതയാസങ്ങൾ ഉടൻ പരിഹരിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന് കർശന നിർദ്ദേശം നൽകിയതിന്‍റെ സുചനയാണ് ജോർജിന്‍റെ അഭിപ്രായത്തെ നേരിടാൻ പാർട്ടി സംസ്ഥന അധ്യക്ഷൻ തയ്യാറായതും. അതേസമയം അനിൽ ആന്‍റണിയുടെ സ്ഥാനാർഥിത്വത്തിൽ ആർ.എസ്.എസിലും വ്യത്യസ്ത അഭിപ്രായമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിനിടയിലും പി.സി ജോർജിനെ പൂഞ്ഞാറിലെവീട്ടിലെത്തി കണ്ട് അനിൽ ആന്‍റണി പത്തനംതിട്ടയിൽ ബി.ജെ.പി ഓഫിസിലെത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിങ്കളാഴ്ച തുടക്കം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.