കൊല്ലം: അധികാരത്തിൽ തുടരാൻ ബി.ജെ.പി സർക്കാർ വർഗീയ ധ്രുവീകരണമടക്കം ഹീന നടപടികൾ കൈക്കൊള്ളുകയാണെന്നും ഇതിനെതിരെ കോൺഗ്രസ് ഉൾപ്പെടെ മതേതര ജനാധിപത്യ ശക്തികളുടെ ഐക്യം രാജ്യത്തിന്റെ സുസ്ഥിരതക്ക് അനിവാര്യമാണെന്നും ആർ.എസ്.പി ദേശീയ കമ്മിറ്റി അംഗം ഷിബു ബേബിജോൺ. ആർ.എസ്.പി സംസ്ഥാന സമ്മേളന ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്ത് കമ്യൂണിസത്തിന് ഇപ്പോൾ മാതൃകയില്ല. ഉള്ളത് കമ്യൂണിസ്റ്റ് ഏകാധിപതികളാണ്. ചൈനയും വടക്കൻ കൊറിയയും ക്യൂബയും ഇതിന്റെ ഉദാഹരണങ്ങളാണ്. ഇതിന് സമാനമായി കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾ അധഃപതിച്ചു.
ആർ.എസ്.പിയുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടാൻ പറ്റാത്തതാണെന്നും തൊഴിലാളി വർഗ പാർട്ടിയായി നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ബാബു ദിവാകരൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസിന് തല്ലും തലോടലും
കൊല്ലം: ആർ.എസ്.പി സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സഖ്യകക്ഷിയായ കോൺഗ്രസിന് തല്ലും തലോടലും. കോവിഡ് കാലത്തെ പ്രതിസന്ധിമൂലമാണ് യു.ഡി.എഫിന് വൻ പരാജയം നേരിട്ടത്. നിയമസഭയിൽ അംഗങ്ങളുടെ എണ്ണം കുറഞ്ഞു. ചവറ, കുന്നത്തൂർ മണ്ഡലങ്ങളിൽ നേരിയ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ആർ.എസ്.പി മത്സരിച്ച വിജയപ്രതീക്ഷയുണ്ടായിരുന്ന പല സ്ഥലങ്ങളിലും കോൺഗ്രസ് പാർട്ടി റിബലുകളെ നിർത്തി പരാജയപ്പെടുത്തി. പത്തനംതിട്ട ജില്ലയിൽ കോൺഗ്രസ് അവഗണിച്ചു. പുതിയ പി.സി.സി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും പ്രവർത്തനശൈലിമൂലം കോൺഗ്രസിലെ ഗ്രൂപ് പ്രവർത്തനം കുറഞ്ഞിട്ടുണ്ട്. സി.പി.എമ്മിനും സി.പി.ഐക്കും കടുത്തവിമർശനമാണ് റിപ്പോർട്ടിൽ. സി.പി.എം വ്യക്തി കേന്ദ്രീകൃത പാർട്ടിയായും സി.പി.ഐ അതിന്റെ കീഴ്ജീവനക്കാരെപ്പോലെയും പ്രവർത്തിക്കുന്നു. എൽ.ഡി.എഫിലെ മറ്റ് ഘടകകക്ഷികൾ അസ്ഥിത്വമില്ലാതെ അടിമകളെപ്പോലെയാണ് കഴിഞ്ഞുകൂടുന്നതെന്നും വിശദീകരിക്കുന്നു. കരട് രാഷ്ട്രീയ പ്രമേയം ദേശീയ കമ്മിറ്റിയംഗം ടി.സി. വിജയൻ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.