ബി.ജെ.പി നേതാക്കൾക്കെതിരെ പൊട്ടിത്തെറിച്ച്​ എ.കെ. നസീർ; പിന്നാലെ സസ്​പെൻഷനുമായി സുരേന്ദ്രൻ

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍. തെരഞ്ഞെടുപ്പിനെ പണം സമാഹരിക്കാനുള്ള മാര്‍ഗമായാണ്​ നേതാക്കൾ കാണുന്നതെന്നും പാലാ ബിഷപ്പിന്‍റെ വിവാദ പരാമർശത്തിൽ നേതൃത്വം എരിതീയില്‍ എണ്ണ ഒഴിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. പിന്നാലെ നസീറിനെ പ്രാഥമികാംഗത്വത്തിൽനിന്ന്​ സസ്​പെൻഡ്​ ചെയ്​തതായി​ സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

സാമ്പത്തിക സുതാര്യത ഇല്ലാത്തവരാണ് സംസ്ഥാനത്ത് ബി.ജെ.പിയെ നയിക്കുന്നതെന്ന് നസീർ പറഞ്ഞു. പണം സമാഹരിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പുകളേയും ജീവിത മാര്‍ഗമായി രാഷ്ട്രീയത്തേയും ഇവര്‍ കാണുന്നു. അങ്ങനെയുള്ള നേതാക്കളുടെ മുന്നില്‍ പാര്‍ട്ടി കേരളത്തില്‍ വളരില്ലെന്നും നസീര്‍ പറഞ്ഞു. നസീറിന്‍റെ വിമര്‍ശനത്തിന് പിന്നാലെയാണ്​ അദ്ദേഹത്തേയും വയനാട്ടില്‍ നിന്നുള്ള നേതാവായ മദന്‍ലാലിനേയും സസ്‌പെന്‍ഡ് ചെയതതായി സുരേന്ദ്രൻ അറിയിച്ചത്​. നേതൃത്വത്തെ വിമര്‍ശിച്ചതിനാണ്‌ നടപടിയെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു.

ഇപ്പോഴത്തെ നേതൃത്വത്തില്‍ വിശ്വാസമില്ലെന്നും പാര്‍ട്ടിയില്‍ ഇനിയും തനിക്ക് തുടരാനാകൂമോയെന്ന് പറയാനാകില്ലെന്നും നസീര്‍ പറഞ്ഞു. എം.ടി രമേശ്​ ഉൾപ്പെട്ട മെഡിക്കല്‍ കോഴ വിവാദത്തില്‍ സത്യസന്ധമായ റിപ്പോര്‍ട്ടാണ് തന്‍റെ നേതൃത്വത്തില്‍ നല്‍കിയത്. അതിന് ശേഷമാണ് ഒതുക്കപ്പെട്ടത്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ച നേതാക്കളെല്ലാം പുറത്തുപോയ ചരിത്രമാണ് ബി.ജെ.പിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്ക് സംസ്ഥാനത്ത് വളര്‍ച്ച ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഒപ്പം നില്‍ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ഒരുമിച്ചുകൊണ്ടു പോകാനും ഒപ്പം നില്‍ക്കാനും സംഘടന ഇല്ലാത്ത അവസ്ഥയാണുള്ളത്. പുനഃസംഘടനയില്‍ പ്രമുഖ നേതാക്കളെ എല്ലാം വെട്ടിനിരത്തിയെന്നും നസീർ പറഞ്ഞു. 

Tags:    
News Summary - BJP leader A.K. Naseer suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.