കായംകുളം: 14കാരനെ നടുറോഡിൽ തടഞ്ഞു നിർത്തി മർദിച്ച ബി.ജെ.പി നേതാവിനെ ദുർബല വകുപ്പ് ചുമത്തി പൊലീസ് വിട്ടയച്ചതിനെതിരെ പ്രതിഷേധം ശക്തമായതോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു. ബി.ജെ.പി കൃഷ്ണപുരം കാപ്പിൽ കിഴക്ക് വാർഡ് പ്രസിഡന്‍റായ ആലമ്പള്ളിൽ മനോജാണ് വീണ്ടും അറസ്റ്റിലായത്.
കാപ്പിൽ കിഴക്ക് തറയിൽ വീട്ടിൽ ഫാത്തിമയുടെ മക്കളായ ഷാഫി(14), ഷാഹുൽ (10) എന്നിവരെ മർദിച്ച കേസിൽ പൊലീസ് അലംഭാവം കാണിച്ചതിനെതിരെ പ്രതിഷേധം ഉയർന്നതോടെയാണ് തിരുത്തലിന് തയ്യാറായത്. ഷാഫിക്കും സഹോദരനും കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് മർദ്ദനേമറ്റത്. നെഞ്ചിനും കഴുത്തിനും സാരമായി പരിക്കേറ്റ ഷാഫി കായംകുളം ഗവ. ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളജിലുമാണ് ചികിത്സ തേടിയത്.
വീട്ടുകാർ നൽകിയ പരാതി അവഗണിച്ച പൊലീസ് യഥാസമയം കേസ് എടുത്തിരുന്നില്ല. തുടർന്ന് സി.പി.എം പ്രാദേശിക നേതൃത്വം ഇടപെട്ടതോടെയാണ് കേസ് എടുക്കാൻ തയ്യാറായത്. ബുധനാഴ്ച വൈകീട്ടോടെ പ്രതിയെ വിളിച്ചു വരുത്തിയെങ്കലും സ്റ്റേഷൻ ജാമ്യം നൽകാവുന്ന വകുപ്പ് ചുമത്തി വിട്ടയച്ചു. ഗുരുതര പരിക്കേറ്റത് സംബന്ധിച്ച് ആശുപത്രിയിൽപോലും പൊലീസ് അന്വേഷിച്ചില്ല.
പ്രതിയെ സഹായിക്കുന്ന സമീപനം പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായെന്ന ആരോപണവുമായി സി.പി.എം അടക്കമുള്ള രാഷ്ട്രീയ സംഘനകൾ രംഗത്തിറങ്ങി. വിഷയം ഗൗരവമായ സാമൂഹിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി. ഇതോടെയാണ് വീണ്ടും കുട്ടികളുടെ മൊഴി എടുത്ത് വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്താൻ പൊലീസ് തയാറായത്. വിട്ടയച്ച പ്രതിയെ ഗത്യന്തരമില്ലാതെ വ്യാഴാഴ്ച രാവിലെ തന്നെ വീണ്ടും കസ്റ്റഡിയിൽ എടുത്തു.
പിഴവ് തിരുത്തിയ പൊലീസ് നടപടി സ്വാഗതാർഹമാണെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ. റഫീഖ് പറഞ്ഞു. മർദനത്തിനിരയായ കുട്ടിയുടെ കുടുംബത്തെ വെൽഫെയർ പാർട്ടി നിയോജക മണ്ഡലം പ്രസിഡൻറ് മുബീർ എസ്. ഓടനാടിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. സമാധാനം നിലനിൽക്കുന്ന പ്രദേശങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സംഘ്പരിവാർ നീക്കം തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.