കോഴിക്കോട്: മുസ്‍ലിം വിരുദ്ധത നമ്മുടെ നാട്ടിലെ സൗഹാർദത്തിന് തകരാറുണ്ടാക്കുമെന്നതല്ലാതെ പ്രത്യേകിച്ചൊരു പ്രയോജനവും ഉണ്ടാക്കില്ലെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ കൗൺസിൽ അംഗവുമായ സി.കെ പത്മനാഭൻ. മീഡയവൺ പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയായ ‘ദേശീയപാത’യിൽ എഡിറ്റർ പ്രമോദ് രാമനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു മുസ്‍ലിം വിരുദ്ധത ഇപ്പോൾ വളർത്തിക്കൊണ്ടുവന്നിട്ടുണ്ട്. അത് നമുക്ക് ഒരു ഗുണവും ചെയ്യില്ല. ചില വികാര ജീവികളുടെ ഞരമ്പ് രോഗം മാറ്റാൻ കഴിയും എന്നതിൽ കവിഞ്ഞ് നമ്മുടെ നാടിന്റെ പുരോഗതിക്കും സാഹോദര്യത്തിനും സൗഹാർദ ജീവിതത്തിനും പ്രയോജനം ചെയ്യാത്തതാണത്. ഭീകരവാദത്തിനെതിരെ നമ്മൾ വളരെ ശക്തമായി നിലനിൽക്കണം. അതിൽ ഒരു സംശയവും വേണ്ട. പക്ഷെ മുസ്‍ലിം സമുദായം ഭാരതത്തിന്റെ ദേശീയതയുടെ അവിഭാജ്യ ഘടകമാണ് എന്നാണ് ഞാൻ പഠിച്ചിട്ടുള്ളതും മനസ്സിലാക്കിയിട്ടുള്ളതും. എന്റെ ഹിന്ദുത്വം സ്വാമി വിവേകാനന്ദന്റെയും ശ്രീനാരായണ ഗുരുവിന്റെയുമെല്ലാം ഹിന്ദുത്വമാണ്’ -സി.കെ പത്മനാഭൻ പറഞ്ഞു.
‘സ്നേഹിച്ചാൽ ചങ്ക് പറിച്ചുകൊടുക്കാൻ കഴിയുന്നവർ മലപ്പുറം ജില്ലയിലാണ്. ഇത് എനിക്ക് അനുഭവമുള്ളതാണ്. എന്തെങ്കിലും കെട്ടിച്ചമച്ച് പറയേണ്ട കാര്യമില്ല. നൂറുകണക്കിന് മുസ്‍ലിം യുവാക്കൾ എന്റെ സുഹൃത്തുക്കളാണ്. നമുക്കവരെ ആശ്രയിക്കാം, നമുക്കവരെ വിശ്വസിക്കാം. മലപ്പുറം ജില്ല വികസന രംഗത്തും വളരെ മുന്നോട്ടുപോയിട്ടുണ്ട്. മലപ്പുറം ജില്ല വിരുദ്ധ സമരത്തിൽ പങ്കെടുത്ത് ശിക്ഷിക്കപ്പെട്ട് കണ്ണൂർ ജയിലിൽ കിടന്നയാളാണ് ഞാൻ. ആ ജില്ല വരുന്നതിൽ ഒരു ഭയമുണ്ടായിരുന്നു. അന്നത്തെ സാഹചര്യം അങ്ങനെയായിരുന്നു. ആ ഒരു കാലം അങ്ങനെയാണ്. ആ കാലം കഴിഞ്ഞു. നമ്മുടെ ജീവിത യാഥാർഥ്യം നമുക്ക് മുമ്പിലുണ്ട്. ഇത്തരത്തിലുള്ള ആളുകളെ നമ്മൾ സംശയത്തോടെ നോക്കേണ്ട കാര്യമെന്താണ്. ഇത് ഉത്തരേന്ത്യയല്ല, തൊട്ടടുത്ത് മുസ്‍ലിം, ഇപ്പുറത്ത് ക്രിസ്ത്യാനി നമ്മളിങ്ങനെ ഒരുമിച്ച് നിൽക്കുകയാണ്. പെരുന്നാൾ വരുമ്പോഴും ഓണം വരുമ്പോഴും ക്രിസ്മസ് വരുമ്പോഴുമൊക്കെ ഭക്ഷസാധനങ്ങളും മറ്റും അങ്ങോട്ടുമിങ്ങോട്ടും കൈമാറുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടെ കേരള സമൂഹം. കേരള സമൂഹത്തിന്റെ ആ സുന്ദര വ്യവസ്ഥക്ക് പോറലേൽപിക്കുന്ന ഏത് സിദ്ധാന്തം ആര് കൊണ്ടുവന്നാലും അവർ പരാജയപ്പെടുകയേയുള്ളൂ’ - അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.