‘അച്ഛനു പ്രായമായി എന്നു കരുതി അച്ഛനല്ലാതാവില്ലല്ലോ’ -ബി.ജെ.പി തള്ളിയപ്പോൾ മുകുന്ദന്റെ പ്രതികരണം

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ നിരന്തരം കലഹിച്ച നേതാവായിരുന്നു ഇന്ന് അന്തരിച്ച പി.പി. മുകുന്ദന്‍. 1970 കാലത്ത് കേരളത്തിൽ സംഘ്പരിവാർ സംഘടനകൾ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം 2006ൽ പാർട്ടിയുമായി അകന്നു. പിന്നീട് 2016ലാണ് വീണ്ടും സജീവമായത്. പാർട്ടിയിലെ തൊഴുത്തിൽകുത്തിനെതിരെ നിരവധി തവണ പരസ്യമായി രംഗത്തുവന്നിരുന്നു.

ഇതേതുടർന്ന് അവശതയും പ്രായാധിക്യവും ചൂണ്ടിക്കാട്ടി നേതൃത്വം മുകുന്ദനെ പടിക്ക് പുറത്താക്കി. ഇതിനെതിരെ രൂക്ഷ പ്രതികരണമാണ് അദ്ദേഹം നടത്തിയത്. പ്രായം പറഞ്ഞാണ് ചില സ്ഥാനങ്ങളില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ടതെന്നും എന്നാൽ, അച്ഛനു പ്രായമായി എന്നു കരുതി അച്ഛന്‍, അച്ഛനല്ലാതാവില്ലല്ലോ എന്നുമായിരുന്നു മുകുന്ദൻ ചോദിച്ചത്.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാണെന്നും എന്നാല്‍ സംസ്ഥാന കൗണ്‍സില്‍ ‘ഹൗസ് ഫുള്ളാ’ണ്, അവിടെ സീറ്റില്ലാത്തതിനാലാണ് തനിക്കവസരം ലഭിക്കാത്തത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ‘തിയറ്ററുകളില്‍ മാനേജര്‍മാര്‍ പ്രത്യേക താല്‍പര്യമെടുത്ത് ചിലരെ സിനിമ കാണാന്‍ അനുവദിക്കുന്നതുപോലെ തന്നെയും ആരെങ്കിലും പരിഗണിച്ചേക്കുമെന്നാണ് പ്രതീക്ഷ. സംഘടനാകാര്യങ്ങള്‍ ഗൗരവത്തിലെടുക്കാത്ത ന്യൂനപക്ഷമാണ് തന്‍െറ മടങ്ങിവരവിനെ എതിര്‍ക്കുന്നത്. തന്നെ തിരികെക്കൊണ്ടുവരുമെന്ന് പറഞ്ഞത് കുമ്മനമാണ്. എന്തുകൊണ്ട് തിരികെക്കൊണ്ടുവന്നില്ലെന്ന് അദ്ദേഹത്തോട് ചോദിക്കണം. ഭാരവാഹിത്വത്തിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷയുണ്ട്. ഓരോ കാര്യത്തിലും നമുക്ക് ഓരോ പ്രതീക്ഷയുണ്ട്. പ്രതീക്ഷപോലെ നടക്കണമെന്നില്ല. ഓരോരുത്തരുടെയും തലയില്‍ വരച്ചതുപോലെ സംഭവിക്കും. ഒരാശയത്തിനുവേണ്ടിയാണ് താന്‍ വീടു വിട്ടത്, സ്ഥാനത്തിനുവേണ്ടിയല്ല. കേന്ദ്ര നേതൃത്വത്തില്‍ പരിഗണിക്കുന്നതിന് അവര്‍ ചര്‍ച്ചനടത്തി തീരുമാനിക്കട്ടെ’ -ആര്‍.എസ്.എസിന്‍െറ പോഷകസംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്‍െറ ഉദ്ഘാടകനായി കോഴിക്കോട്ടത്തെിയപ്പോൾ മുകുന്ദൻ പറഞ്ഞു.

പാർട്ടിയുമായുള്ള അകൽച്ച ഒഴിവാക്കി മുകുന്ദനെ സംസ്ഥാന നേതൃത്വത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വം ആലോചിച്ചപ്പോൾ, മുകുന്ദനിപ്പോള്‍ പാര്‍ട്ടി അംഗത്വമില്ലെന്നും മിസ്ഡ്കാള്‍ അടിച്ചാല്‍ അംഗമാകാമെന്നുമുള്ള അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍െറ പ്രസ്താവന വിവാദമായിരുന്നു. മിസ്ഡ്കാള്‍ വഴി പാര്‍ട്ടി അംഗത്വമെടുക്കേണ്ട കാര്യമില്ലെന്നും താനിപ്പോഴും അംഗമാണെന്നുമായിരുന്നു മുകുന്ദന്‍ ഇതിനോട് പ്രതികരിച്ചത്. കുമ്മനം രാജശേഖരന്‍ സംസ്ഥാന പ്രസിഡന്‍റായി നിയോഗിക്കപ്പെട്ടതോടെ മുകുന്ദന്‍െറ തിരിച്ചുവരവിന് വഴിതുറന്നെങ്കിലും തുടര്‍നടപടിയുണ്ടായില്ല. ആര്‍.എസ്.എസിലെ ഒരുവിഭാഗത്തിന്‍െറ എതിര്‍പ്പാണിതിന് കാരണമെന്നാണ് സൂചന.

ഇതിനിടെ മുകുന്ദന്‍െറ സേവനം ഇനി പാര്‍ട്ടിക്കാവശ്യമില്ലെന്നും സംഘ്പരിവാറിന്‍െറ മറ്റേതെങ്കിലും ഘടകത്തില്‍ പ്രവര്‍ത്തിച്ചോളൂ എന്നും ബി.ജെ.പി നേതൃത്വം പ്രത്യേക ദൂതന്‍ മുഖേനെ അദ്ദേഹത്തെ അറിയിച്ചിരുന്നു.

അകൽച്ചക്ക് ശേഷം 2016ലാണ് ബി.ജെ.പിയുടെ പൊതുപരിപാടിയില്‍ മുകുന്ദന്‍ പങ്കെടുത്തത്. ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലാണ് അദ്ദേഹം പങ്കെടുത്തത്. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടകനായി വി. മുരളീധരനെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, മുകുന്ദന്‍ പങ്കെടുക്കുന്നതറിഞ്ഞ മുരളീധരനും അനുയായികളും യോഗത്തില്‍നിന്ന് വിട്ടുനിന്നു. ഇതും അന്ന് വിവാദമായിരുന്നു. 

Tags:    
News Summary - BJP leader PP Mukundan memoir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.