തിരുവനന്തപുരം: കേരളത്തെ മിനി പാകിസ്താനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബി.ജെ.പി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളിൽ വെളിവാക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
തങ്ങൾക്ക് സ്വാധീനമുറപ്പിക്കാൻ പ്രയാസമുള്ള ഭൂപ്രദേശത്തെ അപരവൽക്കരിച്ചും വിദ്വേഷ പ്രചാരണങ്ങൾ നടത്തിയും ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘപരിവാർ കരുതുന്നത്. അതിനെ പിൻപറ്റിയാണ് ഇത്തരം പ്രസ്താവനകൾ വരുന്നത്. വിദ്വേഷ പ്രസ്താവന നടത്തിയ മന്ത്രി ആ സ്ഥാനത്തു തുടരാൻ അർഹനല്ല. രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുംവിധം ഗുരുതരമായ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയുടെ നടപടിയോട് രാജ്യം ഭരിക്കുന്ന പാർടിയുടെ നേതൃത്വം പ്രതികരിക്കാത്തത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി വാർത്താകുറിപ്പിൽ അഭിപ്രായപ്പെട്ടു.
വിഷം തുപ്പി മഹാരാഷ്ട്ര മന്ത്രി
മുംബൈ: കേരളം മിനി പാകിസ്താനായതുകൊണ്ടാണ് രാഹുൽ ഗാന്ധിയും സഹോദരിയും അവിടെനിന്ന് ജയിച്ചതെന്നും എല്ലാ തീവ്രവാദികളും അവർക്ക് വോട്ടുചെയ്തുവെന്നും മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ.
കഴിഞ്ഞ ദിവസം പുണെയിൽ നടന്ന ചടങ്ങിലാണ് ബി.ജെ.പി നേതാവും ഫിഷറീസ്, തുറമുഖ വകുപ്പുകളുടെ ചുമതലയുമുള്ള മന്ത്രി കേരള ജനതയെ അടച്ചാേക്ഷപിച്ചത്. താൻ പറഞ്ഞതാണ് സത്യമെന്നും തീവ്രവാദികളെ ഒപ്പം കൂട്ടിയാണ് ഇരുവരും എം.പിമാരായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിതേഷ് റാണെയുടെ കേരള വിരുദ്ധ, വർഗീയ പരാമർശങ്ങൾക്കെതിരെ മഹാരാഷ്ട്രയിൽ പ്രതിപക്ഷം രംഗത്തുവന്നു. കേരളം ഇന്ത്യയുടെ ഭാഗമാണെന്നും നിതേഷ് റാണെക്ക് മന്ത്രിസഭയിൽ തുടരാൻ അർഹതയില്ലെന്നും കോൺഗ്രസ് വക്താവ് അതുൽ ലോൺധെ പാട്ടീൽ പറഞ്ഞു. ഇൗ വിഷയത്തിൽ ബി.ജെ.പിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ലക്ഷം വോട്ടിനാണ് ജയിച്ചതെന്നും പ്രിയങ്കയുടെ മികച്ച വിജയം ബി.ജെ.പി നേതാക്കളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും ശിവസേന ഉദ്ധവ്പക്ഷ വിഭാഗം നേതാവ് ആനന്ദ് ദുബെ പറഞ്ഞു.
അതേസമയം, വിമർശനം കടുത്തതോടെ കേരളം ഇന്ത്യയുടെ ഭാഗമാണെന്നും ഹിന്ദു ജനസംഖ്യ കുറയുന്നത് എല്ലാവരുടെയും ആശങ്കയാണെന്നും മന്ത്രി റാണെ പറഞ്ഞു. ഹിന്ദുക്കൾ ഇസ്ലാമിലേക്കും ക്രിസ്തു മതത്തിലേക്കും മാറുന്നത് അവിടത്തെ എല്ലാ ദിവസത്തെയും കാര്യമാണെന്നും കേന്ദ്രമന്ത്രി നാരായൺ റാണെയുടെ മകൻ കൂടിയായ നിതേഷ് വ്യക്തമാക്കി. കേരളത്തിൽ ലവ് ജിഹാദ് കേസുകൾ വർധിക്കുകയാണ്. താൻ കേരളത്തിലെയും പാകിസ്താനിലെയും സാഹചര്യങ്ങൾ താരതമ്യം ചെയ്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.