കേരളത്തിൽ അധികാരത്തിലെത്താൻ ബി.ജെ.പിക്ക് 35-40 സീറ്റുകൾ മതിയെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: കേരളത്തിൽ ബി.ജെ.പിക്ക് ഗവൺമെന്‍റുണ്ടാക്കാൻ 35-40 സീറ്റുകൾ മതിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അത് എങ്ങനെയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇവിടെ സി.പി.എമ്മും കോൺഗ്രസുമൊക്കെ ഉണ്ടല്ലോ എന്നായിരുന്നു സുരേന്ദ്രന്‍റെ ഉത്തരം. പ്രസ്താവന വിശദീകരിക്കാൻ സുരേന്ദ്രൻ ത‍യാറായില്ല. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില സീറ്റുകൾ പ്രത്യേക വിഭാഗക്കാർക്കു മാത്രമായി റിസർവു ചെയ്തു വച്ചിരിക്കുകയാണ് എന്ന് സുരേന്ദ്രൻ ആരോപിച്ചു. 'ചില മണ്ഡലങ്ങളിൽ മുപ്പതും നാൽപ്പതും വർഷമായി മറ്റാർക്കും പ്രവേശനമില്ല. യു.ഡി.എഫ് പറയുന്നത് ഞങ്ങൾ അത് മുസ്‌ലിംലീഗിന് കൊടുത്തിരിക്കുകയാണ് എന്നാണ്. എൽ.ഡി.എഫോ? കുന്നമംഗലത്ത് എൽ.ഡി.എഫിന്‍റെ സ്ഥാനാർഥിയാരാണ്? കോഴിക്കോട് സൗത്തിൽ എൽ.ഡി.എഫിന്‍റെ സ്ഥാനാർഥിയാരാണ്? കൊടുവള്ളിയിൽ ആരാണ്? എത്ര കാലമായി ഒരേ സമുദായത്തിൽ നിന്നുള്ളവർ മത്സരിക്കുന്നു? ഇങ്ങനെ തുടർച്ചായി ചില മണ്ഡലങ്ങളിൽ ഭൂരിപക്ഷ സമുദായങ്ങളിൽ നിന്നുള്ള ആളുകൾക്ക് കയറാനേ പറ്റില്ലെന്ന സ്ഥിതിയാണ്. ഇതാണോ മതേതരത്വം? - സുരേന്ദ്രൻ ചോദിച്ചു. അത്തരം മണ്ഡലങ്ങളിൽ ഞങ്ങൾ വ്യാപകമായ പ്രചാരണം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.

'സി.എ.എ വിരുദ്ധ സമരത്തിന് നേതൃത്വം നൽകിയത് കേരളത്തിലെ രാഷ്ട്രീയ ശക്തികളല്ല. അത് മതഭീകരവാദികളുടെ സമരമാണ്. സി.എ.എ കലാപകാരികൾ ആരാധനാലയങ്ങൾ ദുരുപയോഗം ചെയ്യുകയാണ് എന്ന് പിണറായി പറഞ്ഞിരുന്നു. എന്തിന്‍റെ അടിസ്ഥാനത്തിലാണ് അവർക്കെതിരെയുള്ള കേസുകൾ പിൻവലിച്ചത്? ശബരിമല നാമജപ യാത്രയും സി.എ.എ വിരുദ്ധസമരവും തുലനം ചെയ്യുന്നത് എങ്ങനെ? - അദ്ദേഹം ചോദിച്ചു.

ബുധനാഴ്ച വിജയയാത്രയുടെ കോഴിക്കോട് ജില്ല സമാപന സ്വീകരണത്തിലും സുരേന്ദ്രൻ സമാന ആരോപണം ഉന്നയിച്ചിരുന്നു. എല്ലായിടത്തും വർഗീയതയും ന്യൂനപക്ഷ പ്രീണനവുമാണ് എന്നും സാമൂഹിക നീതി നടപ്പായില്ല എന്നുമായിരുന്നു സുരേന്ദ്രന്‍റെ ആരോപണം.

'കോഴിക്കോട് മേയർ ബീന ഫിലിപ്പും ഡപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തിൽ ജമീലയുമാണ്. ബേപ്പൂർ, കുന്ദമംഗലം, കോഴിക്കോട് സൗത്ത് തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിൽ ഭൂരിപക്ഷ സമുദായത്തിൽ നിന്ന് ഇരുമുന്നണികൾക്കും സ്ഥാനാർഥികൾ ഇല്ലാതായി. കെ. മുരളീധരൻ മത്സരിച്ച കൊടുവള്ളിയിലും ഇപ്പോൾ ഇതാണ് സ്ഥിതി' - സുരേന്ദ്രൻ പറഞ്ഞു.

മലബാർ സംസ്ഥാനം എന്ന പോപുലർ ഫ്രണ്ടിന്‍റെ ആവശ്യമാണ് ഇപ്പോൾ മുസ്‌ലിംലീഗ് ഉന്നയിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. 'തെക്കൻ കേരളത്തിലും മധ്യകേരളത്തിലും അടുത്ത മണ്ഡല പുനർനിർണയത്തിൽ സീറ്റുകൾ കുറയും. മലബാറിൽ സീറ്റ് കൂടുകയും ചെയ്യും' -സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - bjp need only 35-40 seats in kerala to became in power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.