ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് മാധ്യമങ്ങളോട് പ്രതികരിക്കുന്നു 

വോട്ടെടുപ്പിൽനിന്ന് മാറിനിന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ്; അനാവശ്യ സംഘർഷം ഒഴിവാക്കാനെന്ന് വിശദീകരണം

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ ഇരട്ട വോട്ട് ആരോപണം നേരിടുന്ന ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് വോട്ടു ചെയ്യാൻ ബൂത്തിലെത്താതെ മാറിനിന്നു. ബി.ജെ.പി സ്ഥാനാർഥിയുടെ ജയ-പരാജയങ്ങൾ നിർണയിക്കുന്നതിൽ തന്റെ വോട്ട് ആവശ്യമില്ല. അനാവശ്യ സംഘർഷം ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മാറിനിന്നതെന്ന് ഹരിദാസ് പ്രതികരിച്ചു. വോട്ട് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിൽ തന്നെ തടയാൻ ആർക്കും പറ്റില്ലെന്നും ഹരിദാസ് പറഞ്ഞു. നേരത്തെ ഹരിദാസിനെ വോട്ട് ചെയ്യുന്നതിൽനിന്ന് തടയുമെന്ന് കോൺഗ്രസ് എം.പി വി.കെ. ശ്രീകണ്ഠൻ പറഞ്ഞിരുന്നു.

“പാലക്കാട് എൻ.ഡി.എ സ്ഥാനാർഥി വിജയം ഉറപ്പിച്ചിരിക്കുകയാണ്. എന്റെ ഒരു വോട്ടുകൊണ്ട് ബി.ജെ.പി സ്ഥാനാർഥി ഇവിടെ ജയിക്കുകയോ തോൽക്കുകയോ ഇല്ല. അനാവശ്യ സംഘർഷം ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മാറിനിന്നത്. വോട്ട് ചെയ്തിരുന്നെങ്കിൽ അത് കേന്ദ്രീകരിച്ചാകും ചർച്ച മുഴുവൻ. വോട്ട് ചെയ്യുന്നതിൽനിന്ന് ആർക്കും തടയാനൊന്നും പറ്റില്ല. ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റിനെ തടയാമെന്നത് വി.കെ. ശ്രീകണ്ഠന്റെ വ്യാമോഹം മാത്രമാണ്. അഭിപ്രായ വ്യത്യാസം വന്നതുകൊണ്ട് നെഗറ്റിവ് വാർത്തകൾ ഒഴിവാക്കാനാണ് വിട്ടുനിന്നത്” -കെ.എം. ഹരിദാസ് പറഞ്ഞു.

അതേസമയം പാലക്കാട്ട് പോളിങ് 70 ശതമാനം പിന്നിട്ടു. പോളിങ് സമയം അവസാനിച്ചിട്ടും പലയിടത്തും വോട്ടർമാരുടെ നീണ്ട ക്യൂവാണ്. ക്യൂവിലുള്ള വോട്ടർമാർക്ക് പ്രത്യേകം ടോക്കൺ നൽകിയിട്ടുണ്ട്. പാലക്കാട് നഗരപരിധിയിൽ പോളിങ് പൂർണമായി. യു.ഡി.എഫ് സ്ഥാനാർഥി ബൂത്തിൽ കയറിയതിനെ തുടർന്ന് രണ്ട് ബുത്തുകളിൽ പ്രതിഷേധമുണ്ടായി. വെണ്ണക്കരയിലെ ബൂത്തിൽ സന്ദർശനം നടത്തിയ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞതിനെ തുടർന്ന് ബി.ജെ.പി–യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി.

വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന പോളിങ് ഉച്ചക്കു ശേഷമാണ് മെച്ചപ്പെട്ടത്. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് തുടങ്ങിയത്.പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ഒരുമാസം നീണ്ടുനിന്ന സംഭവബഹുലമായ പ്രചാരണത്തിനാണ് പാലക്കാട് വേദിയായത്. സ്ഥാനാർഥി പ്രഖ്യാപനം മുതൽ തുടങ്ങിയ വിവാദം രാഷ്ട്രീയ കാലുമാറ്റവും കടന്ന് ഏറ്റവുമൊടുവിലെ എൽ.ഡി.എഫിന്റെ വിവാദ പരസ്യത്തിൽ വരെ എത്തിനിൽക്കുന്നു. ശനിയാഴ്ചയാണ് ഫലപ്രഖ്യാപനം.

Tags:    
News Summary - BJP Palakkad President Abstain from Voting in Byelection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.