വയനാട്: വയനാട് ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയുടെ വിജയം ചോദ്യം ചെയ്ത് ഹരജി. ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന നവ്യ ഹരിദാസ് ആണ് ഹൈകോടതിയിൽ തെരഞ്ഞെടുപ്പ് ഹരജി നൽകിയത്. പ്രിയങ്ക ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത് സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധന വേളയിലും സമാന ആരോപണം ബി.ജെ.പി ഉയർത്തിയിരുന്നു. ആരോപണം തള്ളിയ മുഖ്യ തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ കലക്ടർ പത്രിക സ്വീകരിക്കുകയായിരുന്നു.
11.98 കോടിയുടെ സ്വത്താണ് ആകെയുള്ളത്. പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വിവരങ്ങൾ. മധ്യപ്രദേശില്‍ ഒന്നും ഉത്തര്‍പ്രദേശില്‍ രണ്ടും അടക്കം പ്രിയങ്കക്കെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ബാങ്ക് നിക്ഷേപവും സ്വര്‍ണവുമായി 4,24,78,689 രൂപയുടെ ആസ്തിയുണ്ട്. ബാങ്ക് നിക്ഷേപം, ഓഹരി വിപണിയിൽ നിക്ഷേപിച്ച പണം, പി.പി.എഫ് എന്നിവയില്‍ അടക്കമുള്ള തുകയാണിത്. രണ്ടിടത്ത് നാലേക്കറോളം ഭൂമിയുണ്ട്. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ 5,63,99,000 വിലമതിക്കുന്ന വീടും പ്രിയങ്കയുടെ പേരിലുണ്ട്. ഭൂമിയും വീടും അടക്കം 7.74 കോടി രൂപയുടെ ആസ്തിയാണുള്ളത്.
അഞ്ച് വര്‍ഷത്തിനിടെ പ്രിയങ്കയുടെ വരുമാനത്തില്‍ 13 ലക്ഷം രൂപയുടെ കുറവുണ്ടായി. ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ വരുമാനത്തില്‍ 40 ലക്ഷം രൂപയുടെ കുറവും ഉണ്ടായിട്ടുണ്ട്. 37,91,47,432 രൂപയാണ് ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ ആസ്തി. പ്രിയങ്ക ഗാന്ധിക്ക് ഡല്‍ഹി ജന്‍പഥ് എച്ച്.ഡി.എഫ്.സി ബാങ്കില്‍ 2,80,000 രൂപയുടെയും യൂകോ ബാങ്കില്‍ 80,000 രൂപയുപടെയും നിക്ഷേപമുണ്ട്. പ്രിയങ്ക ഗാന്ധിയുടെ കൈവശമുള്ള പണം 52,000 രൂപയാണ്. തെരഞ്ഞെടുപ്പിന് വേണ്ടി തുറന്ന കനറ ബാങ്ക് കല്‍പറ്റ ബ്രാഞ്ചിലെ അക്കൗണ്ടില്‍ 5,929 രൂപയുടെ നിക്ഷേപവും ഉള്ളതായും സത്യവാങ്മൂലത്തില്‍ പറയുന്നു.
മ്യൂച്ച്വല്‍ ഫണ്ടില്‍ 2.24 കോടി രൂപയുടെ നിക്ഷേപവും പ്രൊവിഡന്റ് ഫണ്ടില്‍ 17.38 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്. 1.15 കോടി രൂപയുടെ മൂല്യമുള്ള 4.41 കിലോഗ്രാം സ്വർണവും 29 ലക്ഷം രൂപയുടെ 59 കിലോ വെള്ളിയും പ്രിയങ്കയുടെ പേരിലുണ്ട്. ഭര്‍ത്താവ് സമ്മാനമായി നല്‍കിയ ഹോണ്ട സി.ആര്‍.വി കാര്‍ പ്രിയങ്കയുടെ പേരിലാണ്. 15.75 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത പ്രിയങ്കക്കുണ്ട്. റോബര്‍ട്ട് വാദ്രക്ക് 10 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.