തൃശൂർ: പുന്നപ്ര-വയലാറിലെ സ്മൃതി കുടീരത്തിൽ ബി.ജെ.പിക്കാർ അതിക്രമിച്ച് കയറി പൂക്കൾ വലിച്ചെറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത് സമാധാനന്തരീക്ഷം തകർക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുന്നപ്ര ഉൾപ്പെടെയുള്ള രക്തസാക്ഷി സ്മൃതി കുടീരങ്ങൾ കമ്യൂണിസ്റ്റുകളുടെ വികാരമാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ചെയ്തി പ്രകോപനം സൃഷ്ടിച്ച് കമ്യൂണിസ്റ്റുകളെ ഇളക്കിവിട്ട് സമാധാനം തകർക്കാനാണ്. എന്നാൽ, പുന്നപ്ര-വയലാറിൽ കമ്യൂണിസ്റ്റുകൾ സംയമനം പാലിച്ചു. ഇനിയും ഇത്തരം പ്രകോപനത്തിന് സാധ്യതയുണ്ടെന്ന സൂചനയാണിതെന്ന് ജാഗ്രത പാലിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിെൻറ ഭാഗമായി തൃശൂർ ജില്ലയിലെത്തിയ പിണറായി ചെറുതുരുത്തിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
സംസ്ഥാനത്തെ 45 ലക്ഷം കുടുംബങ്ങളെ ദാരിദ്രാവസ്ഥയിൽ മോചിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് എൽ.ഡി.എഫിെൻറ തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങൾ. മറ്റ് ചിലരുടെ പ്രകടന പത്രിക പോലെ കബളിപ്പിക്കാനുള്ളതല്ല എൽ.ഡി.എഫ് പത്രിക. പറയുന്നത് നടപ്പാക്കും, നടപ്പാക്കാനാവുന്നതേ പറയൂ. സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ സർവതല സ്പർശിയായ വികസനമാണ് മുന്നണി ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് പത്രികയിലെ ചില പദ്ധതികൾ മുഖ്യമന്ത്രി വിശദീകരിച്ചു.
കർണാടകം, തമിഴ്നാട് തുടങ്ങിയ അയൽ സംസഥാനങ്ങളിൽ കോവിഡ് വീണ്ടും രൂക്ഷമാവുകയും രണ്ടാം തരംഗ സാധ്യത ഉയർത്തുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ കുറഞ്ഞിട്ടുണ്ടെങ്കിലും അയൽ സംസ്ഥാനങ്ങളിലെ സാഹചര്യം ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. ഇവിടെയും രണ്ടാം തരംഗ സാധ്യത തള്ളാനാവില്ല. അതിന് മുമ്പ് പരമാവധി പേർക്ക് കോവിഡ് വാക്സിൻ നൽകാനാണ് ശ്രമം. വാക്സിനേഷനിൽ കേരളം നല്ലപ്രകടനമാണ് കാഴ്ച വെക്കുന്നത്.
തലപ്പാടി ചെക്ക്പോസ്റ്റിൽ വാഹനങ്ങൾ തടയുന്ന കർണാടക നടപടി പരിഭ്രാന്തിയിൽ നിന്ന് ഉണ്ടാവുന്നതാണെങ്കിലും അത് പാടില്ലാത്തതാണ്. ഇക്കാര്യത്തിൽ വേണ്ടിവന്നാൽ ഇനിയും ബന്ധപ്പെട്ടവരുമായി സംസാരിക്കും. ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മുഖ്യമന്ത്രി കാര്യമായി പ്രതികരിച്ചില്ല. വിവിധ സർവേ റിപ്പോർട്ടുകൾ എൽ.ഡി.എഫിന് മേൽക്കെ പ്രവചിക്കുന്നതിനെപ്പറ്റിയുള്ള ചോദ്യത്തിന് 'എന്ത് ചെയ്യാം, നാട്ടിലെ അവസ്ഥ അങ്ങനെയാണ്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.