പന്തളം: പന്തളം നഗരസഭയിൽ ചെയർമാനായി ബി.ജെ.പിയിലെ അച്ഛൻകുഞ്ഞ് ജോണിനെ തിരഞ്ഞെടുത്തു. വിമതസ്വരം ഉയർത്തിയവരെയും സ്വതന്ത്രനെയും ഒപ്പം നിർത്തിയാണ് ബി.ജെ.പി പന്തളത്ത് ഭരണത്തുടർച്ച നേടിയത്. നഗരസഭ ചെയർപേഴ്സണായിരുന്ന സുശീല സന്തോഷ്, ഡെപ്യൂട്ടി ചെയർപേഴ്സൺ യു. രമ്യ എന്നിവർക്കെതിരെ കഴിഞ്ഞ ആറിന് ബി.ജെ.പിയിലെ വിമതന്റെ പിന്തുണയോടെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ, ഇത് ചർച്ചക്കെടുക്കുന്നതിന് തലേദിവസം ഇരുവരും രാജിവച്ചു. തുടർന്നാണ് ഭരണസമിതി തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
തിങ്കളാഴ്ച രാവിലെ 11ന് നഗരസഭ കോൺഫറൻസ് ഹാളിൽ റിട്ടേണിംഗ് ഓഫിസർ വി.എസ് അംബികയുടെ മേൽനോട്ടത്തിൽ ആയിരുന്നു തെരഞ്ഞെടുപ്പ്. ഡെപ്യൂട്ടി ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഉച്ചക്ക് ശേഷം നടക്കും.
തെരഞ്ഞെടുപ്പിൽ നിന്നും യു.ഡി.എഫിലെ കോൺഗ്രസ് കൗൺസിലർമാർ വിട്ടുനിന്നു. യോഗത്തിൽ പങ്കെടുത്ത യു.ഡി.എഫ് കൗൺസിലറും കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗവുമായ കെ.ആർ. രവി വോട്ട് രേഖപ്പെടുത്തിയില്ല. എൽ.ഡി.എഫ് ചെയർപേഴ്സണൽ സ്ഥാനാർഥിയായി എൽ.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ ലസിത നായരുടെ പേര് ഷെഫിൻ റെജീബ് ഖാൻ നിർദ്ദേശിച്ചു. എൽ.ഡി.എഫിലെ ടി.കെ. സതി പിന്തുണച്ചു. ബി.ജെ.പി സ്ഥാനാർഥിയായി അച്ചൻകുഞ്ഞ് ജോണിനെ മുൻ നഗരസഭ ചെയർപേഴ്സണൽ സുശീല സന്തോഷ് നിർദ്ദേശിക്കുകയായിരുന്നു. താൽക്കാലിക ചെയർമാൻ ബെന്നി മാത്യു പിന്താങ്ങി.
തെരഞ്ഞെടുപ്പിൽ 29 കൗൺസിലർമാർ പങ്കെടുത്തു. ബി.ജെ.പിയിലെ അച്ചൻകുഞ്ഞ് ജോണിന് 19 വോട്ടും എൽ.ഡി.എഫിലെ ലസിതാ നായർക്ക് ഒമ്പത് വോട്ടും ലഭിച്ചു. ഭൂരിപക്ഷ വോട്ട് ലഭിച്ച അച്ചൻകുഞ്ഞ് ജോണിനെ ചെയർമാനായി റിട്ടേണിങ് ഓഫിസർ പ്രഖ്യാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.