തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി തൃശൂർ ജില്ലയിൽ ഇറക്കിയത് 15 കോടിയെന്ന് പൊലീസ്. ജില്ല ട്രഷറർ സുജയ്സേനൻ വഴി ഏഴുതവണ പണം ഇറക്കിയതായും പൊലീസ് കേന്ദ്ര ഏജൻസികൾക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. ജില്ല നേതൃത്വമാണ് കുഴൽപണം ഇറക്കിയ ധർമരാജനും സംഘത്തിനും താമസ സൗകര്യമൊരുക്കിയത്.
മാർച്ച് 12നും 13നും അമല ആശുപത്രി പരിസരത്ത് ബി.ജെ.പി ജില്ല ട്രഷറർ സുജയ് സേനന് ആദ്യം രണ്ടുകോടിയും അടുത്തദിവസം 1.5 കോടിയും കൈമാറി. 14ന് വിയ്യൂരിൽ 1.5 കോടിയും കൈമാറി. 27ന് ഒരുകോടിയും 31ന് 1.10 കോടിയും വീണ്ടും കൈമാറി.
കൊടകര കവർച്ച നടക്കുന്ന അന്ന് 6.3 കോടി തൃശൂർ ബി.ജെ.പി ഓഫിസിലെത്തിച്ച് സുജയ് സേനന് കൈമാറി. കവർച്ചക്കുശേഷം അഞ്ചിന് വീണ്ടും തൃശൂരിൽ രണ്ടുകോടിയെത്തിച്ചതായും പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
ധർമരാജൻ രേഖകൾ ഹാജരാക്കിയില്ല
തൃശൂർ: കൊടകര കുഴൽപണക്കവർച്ച കേസിൽ കോടതിയിൽ അന്വേഷണ സംഘത്തിെൻറ അനുബന്ധ റിപ്പോർട്ട്. പൊലീസ് കണ്ടെടുത്ത പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജന് നൽകിയ ഹരജിയെ എതിർത്ത് നേരത്തെ നൽകിയ റിപ്പോർട്ടിന് പുറമെയാണ് വിശദമായ അനുബന്ധ റിപ്പോർട്ട് കൂടി ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.
മാർച്ച് അഞ്ച് മുതൽ ഏപ്രിൽ അഞ്ച് വരെ 41. 4 കോടി രൂപയാണ് ബി.ജെ.പി കേരളത്തിൽ വിതരണം ചെയ്തത് എന്നതിെൻറ രേഖ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു. നിയമസഭ തെരഞ്ഞടുപ്പിൽ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ, പാലക്കാട്, കാസർകോട്, എറണാകുളം ജില്ലകളിലേക്കാണ് 41.4 കോടി എത്തിച്ചത്. കർണാടകയിൽനിന്നും കോഴിക്കോട്ടെ ഏജൻറുമാരിൽനിന്നും പണം എത്തിച്ചു. സംഘടന സെക്രട്ടറി എം. ഗണേശൻ, ഓഫിസ് സെക്രട്ടറി ജി. ഗിരീഷ് എന്നിവരുടെ നിർദേശപ്രകാരമാണ് പണം വിതരണം ചെയ്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അനധികൃതമായി പണം കടത്തിയതിനെക്കുറിച്ചും തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങളെക്കുറിച്ചും അന്വേഷണവും നടപടികളും തുടരുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് കമീഷനും ഇ.ഡിയും ആദായനികുതി വകുപ്പും ആവശ്യപ്പെട്ട പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അതേസമയം, ബുധനാഴ്ചയും പണത്തിെൻറ ഉറവിടം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ധർമരാജനായില്ല. പണം ബി.ജെ.പിയുടേതാണെന്നും ധർമരാജെൻറ ഹരജി പരപ്രേരണ മൂലമാണെന്നും പൊലീസ് കോടതിയിൽ അറിയിച്ചു. ധർമരാജൻ രേഖകൾ ഹാജരാക്കിയാൽ കോടതി നിജസ്ഥിതി അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് ഈ മാസം 11ലേക്ക് മാറ്റി. സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.