തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹരജിയിൽ വിധി ജൂൺ 27 ന് പ്രഖ്യാപിക്കും. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പരാതിക്കാരൻ ബി.ജെ.പി ഭാരവാഹിയും പ്രതികൾ ഡി.വൈ.എഫ്.ഐ അംഗങ്ങളാണെന്നുമാണ് സർക്കാർ വാദം. പൊതുസ്ഥലത്ത് അരങ്ങേറിയ ആക്രമണത്തിന് സ്വതന്ത്ര സാക്ഷികൾ ആരുമില്ല. എഫ്.ഐ.ആറിൽ ഒരു പ്രതിയെക്കുറിച്ചും പ്രത്യേകമായി പറയുന്നില്ലെന്നും കോടതിയെ അറിയിച്ചു.
പരാതിക്കാരൻ പൊലീസിന് നൽകിയ മൊഴിയിൽ അഞ്ചുപേർ ഉണ്ടായിരുന്നു. പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തപ്പോൾ ഏഴു പ്രതികൾ. എന്നാൽ, കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ നാലു പ്രതികളാണുള്ളത്. സംഭവസ്ഥലത്തെ ദൃശ്യങ്ങൾ അടങ്ങിയ സി.സി.ടി.വി ദൃശ്യങ്ങൾക്ക് തെളിവ് നിയമത്തിലെ 65 (ബി) സർട്ടിഫിക്കറ്റ് ഇല്ല എന്നീ കാരണങ്ങളാണ് കേസ് പിൻവലിക്കുന്നതിനുള്ള അപേക്ഷയിൽ സർക്കാർ അഭിഭാഷകൻ പറയുന്ന കാരണങ്ങൾ.
2017 ജൂലൈ 28നാണ് ബി.ജെ.പി ഓഫിസ് ആക്രമിക്കപ്പെട്ടത്. കോർപറേഷൻ മുൻ കൗൺസിലറും സി.പി.എം പാളയം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി. ബിനു, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പ്രതിൽ സാജ് കൃഷ്ണ, ജെറിൻ, സുകേശ് എന്നിവരാണ് പ്രതികൾ. ഇവർക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച് മണിക്കൂറുകൾക്കകമാണ് ബി.ജെ.പി ഓഫിസിന് നേരെ ആക്രമണമുണ്ടായത്. ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ അടക്കം ആറ് കാറുകളും ഓഫിസ് ചില്ലുകളും എറിഞ്ഞ് തകർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.