തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടന വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടിയുമായി മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടയുന്നു

മുഖ്യമന്ത്രിക്ക് വഴി നീളെ കരിങ്കൊടി; ഗതാഗത നിയന്ത്രണങ്ങളിൽ വലഞ്ഞു ജനം

മലപ്പുറം/കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിപക്ഷ പ്രതിഷേധം ശക്തം. ഞായറാഴ്ചത്തെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പൊതുപരിപാടികൾക്കും പൊലീസ് കനത്ത സുരക്ഷ ഒരുക്കിയെങ്കിലും സമ്മേളന വേദികളിലും മുഖ്യമന്ത്രി സഞ്ചരിച്ച വഴികളിലും പ്രതിഷേധക്കാർ കരിങ്കൊടിയുയർത്തി.

ദേശീയപാതയിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, യുവമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സമരക്കാരെയും പ്രതിഷേധിക്കാനൊരുങ്ങിയവരെയും പൊലീസ് വിവിധയിടങ്ങളിൽ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ മുതൽ രാത്രി വരെ വിവിധയിടങ്ങളിൽ റോഡുകളടച്ചിട്ട് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയ പൊലീസ് ഞായറാഴ്ചയും കനത്ത സുരക്ഷാവലയമാണ് തീർത്തത്. ഇതോടനുബന്ധിച്ച് രണ്ടു ജില്ലകളിലും പൊലീസ് ഏർപ്പെടുത്തിയ കർശന ഗതാഗതനിയന്ത്രണങ്ങൾ പൊതുജനത്തെ ഞായറാഴ്ചയും വലച്ചു. മണിക്കൂറുകളോളം ദേശീയപാതയിലും സംസ്ഥാനപാതയിലും ഗതാഗതം തടസ്സപ്പെട്ടു.

ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊലീസ് മുൻകൂട്ടി അറിയിപ്പ് നൽകാത്തതിനാൽ നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ഞായറാഴ്ച രാവിലെ തൃശൂർ രാമനിലയത്തിൽനിന്ന് യാത്ര പുറപ്പെട്ട മുഖ്യമന്ത്രിക്ക് കുന്നംകുളത്ത് യുവമോർച്ച പ്രവർത്തകരാണ് ആദ്യം കരിങ്കൊടി കാട്ടിയത്. തൃശൂർ റോഡിലേക്ക് ഇടറോഡിൽനിന്നെത്തിയ നാലു യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി വീശി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം തവനൂരിൽ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിലും പുത്തനത്താണിയിൽ 'ഇ.എം.എസിന്‍റെ ലോകം' സെമിനാറിലും പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തിയത്.

എടപ്പാൾ, പുത്തനത്താണി, കോട്ടക്കൽ എന്നിവിടങ്ങളിലാണ് കരിങ്കൊടി കാണിച്ചത്. പലയിടത്തും ബാരിക്കേഡ് മറികടന്ന യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷവുമുണ്ടായി. എടപ്പാളിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്ത 40ഓളം യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട്ട് കെ. ചാത്തുണ്ണി മാസ്റ്ററെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പ്രകാശനവും സഹകരണാശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിന്‍റെയും ഉദ്ഘാടനവും കോഴിക്കോട് രൂപത ശതാബ്ദി ഉദ്ഘാടനവുമായിരുന്നു പരിപാടികൾ. മലപ്പുറത്തുനിന്ന് കോഴിക്കോട് നഗരത്തിലേക്ക് ഉച്ചക്ക് വരുന്നതിനിടെ പന്തീരാങ്കാവിന് സമീപം യുവമോർച്ച പ്രവർത്തകരാണ് ആദ്യം കരിങ്കൊടി കാട്ടിയത്.

വൈകീട്ട് നാലോടെ എരഞ്ഞിപ്പാലം മിനി ബൈപാസിലെ ട്രൈപ്പന്‍റ ഹോട്ടലിൽ പുസ്തകപ്രകാശന ചടങ്ങിനെത്തുന്നതിനിടെ കാരപ്പറമ്പിൽ യുവമോർച്ചയും എരഞ്ഞിപ്പാലത്ത് യൂത്ത് ലീഗും സരോവരം പാർക്കിന് സമീപം യൂത്ത് കോൺഗ്രസും കെ.എസ്.യുവും കരിങ്കൊടി പ്രതിഷേധം നടത്തി. എല്ലായിടത്തും പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എരഞ്ഞിപ്പാലം സഹകരണാശുപത്രി ചടങ്ങ് നടക്കുന്ന പന്തലിൽ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - Black flag along the way to the CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.