കൊച്ചി: കരിങ്കൊടി വീശിയുള്ള പ്രതിഷേധം അപകീര്‍ത്തികരമോ നിയമവിരുദ്ധമോ അല്ലെന്ന് ഹൈകോടതി. ചിഹ്നങ്ങളോ പ്രകടമായ രൂപങ്ങളോ അപകീർത്തിപ്പെടുത്തലിന്‍റെ ഭാഗമായി പറയാമെങ്കിലും കരിങ്കൊടി വീശലിനെ അങ്ങനെ കാണാനാകില്ല. ഏത് നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമവിരുദ്ധമല്ലെന്ന് കോടതി വ്യക്തമാക്കി.
കൊടിവീശൽ ചിലപ്പോൾ പിന്തുണച്ചാകാം. ചിലപ്പോൾ പ്രതിഷേധിച്ചുമാകാം. സാഹചര്യത്തെയും കാഴ്ചപ്പാടിനെയും ബന്ധപ്പെടുത്തി ഇതിൽ മാറ്റമുണ്ടാകാമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. 2017ൽ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ മൂന്ന് കോൺഗ്രസ് പ്രവർത്തകർക്കെതിരായ കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.
2017 ഏപ്രിൽ ഒമ്പതിന് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ ഹൈകോടതി ഉത്തരവ് ലംഘിച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി വീശുകയും തടയാൻ ശ്രമിച്ച പൊലീസുകാരെ തട്ടിമാറ്റുകയും ചെയ്തെന്നാണ് കേസ്. പറവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറവൂർ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള തുടർനടപടികൾ റദ്ദാക്കണമെന്നായിരുന്നു ഹരജിക്കാരായ സിമിൽ, ഫിജോ, സുമേഷ് ദയാനന്ദൻ എന്നിവരുടെ ആവശ്യം.
ഇത്തരമൊരു പരാതിയിൽ കുറ്റം ചുമത്തിയ നടപടി നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആർക്കെങ്കിലും തടസ്സമുണ്ടാവാനോ പരിക്കേൽക്കാനോ കാരണമായാൽ മാത്രമേ പൊതു വഴിയിൽ തടസ്സമുണ്ടാക്കൽ, അപായമുണ്ടാക്കാൻ ശ്രമം തുടങ്ങിയ കുറ്റങ്ങൾ നിലനിൽക്കൂ. ആരോപിക്കപ്പെട്ട ഒരു കുറ്റവും നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രതികൾക്കെതിരായ കേസിലെ നടപടികൾ റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.