തിരുവനന്തപുരം: പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയാൻ സ്പെഷൽ മൊബൈൽ സ്ക്വാഡ് യൂനിറ്റുകൾ വർധിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. പട്ടികജാതി- പട്ടികവർഗ വികസന വകുപ്പിന്റെ സംസ്ഥാനതല ഉന്നതാധികാര വിജിലൻസ്, മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിക്രമങ്ങൾ ഫലപ്രദമായി തടയുന്നതിനായി പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള സ്പെഷൽ കോടതികൾ നാലിൽനിന്ന് ഏഴായി വർധിപ്പിച്ചു. വകുപ്പിന്റെ ജില്ലാതല വിജിലൻസ്, മോണിറ്ററിങ് കമ്മിറ്റി സമയബന്ധിതമായി കൂടണമെന്നും കലക്ടർമാർക്ക് മുഖ്യമന്ത്രി നിർദേശിച്ചു. അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്കുള്ള ആശ്വാസ സഹായത്തിന്റെയും മിശ്രവിവാഹത്തിന് നൽകുന്ന ധനസഹായത്തിന്റെയും കേന്ദ്ര വിഹിതം ലഭിക്കുന്നതിനുള്ള നിർദേശം കേന്ദ്രത്തിന് നൽകിയതായി മന്ത്രി ഒ.ആർ. കേളു അറിയിച്ചു. അതിക്രമങ്ങൾക്ക് ഇരയാകുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലെ ആശ്രിതനിയമനം മറ്റ് വകുപ്പുകളിൽ കൂടി നടത്തുന്നതിനുള്ള നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.
യോഗത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, കലക്ടർമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.