പറവൂർ: ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഏക മലയാളിയും ബോട്ടിെൻറ ഡ്രൈവറുമായ ഷിജുവിനെ (ചീരു - 42) കാത്ത് മാല്യങ്കര ഗ്രാമത്തിലെ ഉറ്റവരും ഉടയവരും സുഹൃത്തുക്കളും. ചൊവ്വാഴ്ച പുലർച്ച ഉണ്ടായ അപകടത്തിൽ കടലിൽ കാണാതായ ഒമ്പത് പേരിൽ ഒരാളാണ് മാല്യങ്കര തറയിൽ പ്രകാശെൻറ മകൻ ഷിജു. ചീരു എന്ന പേരിലാണ് നാട്ടിൽ അറിയപ്പെടുന്നത്. രണ്ട് ദിവസമായിട്ടും ഷിജുവിനെയും കൂടെ കാണാതായവരെക്കുറിച്ചും വിവരമില്ലാത്തതിൽ നാട്ടുകാർക്കൊപ്പം കുടുംബവും തികഞ്ഞ ആശങ്കയിലാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രാർഥനയോടെ ശുഭവാർത്തക്കായി കാത്തിരിപ്പ് തുടരുകയാണ്.
തിങ്കളാഴ്ച രാത്രി ഒമ്പതോടെ അത്താഴം കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയ ഷിജു രാത്രി തന്നെ അപകടത്തിൽപ്പെട്ട ഓഷ്യാനസ് ബോട്ടിൽ കടലിലേക്ക് പുറപ്പെടുകയായിരുന്നു. ഓഷ്യാനസിെൻറ എൻജിൻ ഡ്രൈവറാണ് ഷിജു. പത്ത് വർഷമായി ഷിജു ഇതേ കമ്പനിയുടെ ബോട്ടുകളിൽ ജോലി നോക്കുന്നു. മുനമ്പത്തുനിന്ന് 24 നോട്ടിക്കൽ മൈൽ അകലെ വെച്ച് ബോട്ടിൽ കപ്പൽ ഇടിക്കുമ്പോൾ തമിഴ്നാട് സ്വദേശി എഡ്വിനാണ് ബോട്ട് ഓടിച്ചിരുന്നത്. എഡ്വിനും കൊൽക്കത്ത സ്വദേശി നരേൻ സർക്കാറും രക്ഷപ്പെട്ടിരുന്നു.
മരിച്ച മൂന്നു പേരുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ഷിജു അടക്കം ഒമ്പതുപേർ ബോട്ടിനോടൊപ്പം മുങ്ങിപ്പോകുകയായിരുന്നു. രണ്ടായി പിളർന്ന ബോട്ടിെൻറ മരക്കഷണങ്ങളിൽ പിടിച്ചുകിടന്ന രണ്ടു പേരാണ് രക്ഷപ്പെട്ടത്. ഭാര്യയും രണ്ട് മക്കളും അച്ഛനും അമ്മയും അടങ്ങുന്നതാണ് ഷിജുവിെൻറ കുടുംബം. ഷിജുവിെൻറ വരുമാനമായിരുന്നു കുടുംബത്തിെൻറ ആശ്രയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.