കപ്പലപകടത്തിൽ മരിച്ച മണലൂർ സ്വദേശിയുടെ മൃതദേഹം കുവൈത്ത് വിമാനത്താവളത്തിലെത്തിച്ചു

കാഞ്ഞാണി (തൃശൂർ): കുവൈത്ത് തുറമുഖത്തിനു സമീപം കപ്പലപകടത്തിൽ മരിച്ച മണലൂർ സ്വദേശിയുടെ മൃതദേഹം കുവൈത്ത് വിമാനത്താവളത്തിലെത്തിച്ചു. അറബക്തർ-ഒന്ന് എന്ന ഇറാനിയൻ വാണിജ്യ കപ്പലിനുണ്ടായ അപകടത്തിലാണ് ഡക്ക് ഓപറേറ്റർ വിളക്കേത്ത് ഹരിദാസന്റെ മകൻ ഹനീഷ് (26) മരിച്ചത്. മൃതദേഹം അടുത്ത ദിവസം നാട്ടിലെത്തിക്കും.

നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഉന്നതതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിവരുകയാണെന്ന് നോർക്കയിൽനിന്ന് അറിയിപ്പ് ലഭിച്ചതായി ഹനീഷിന്റെ പിതാവ് ഹരിദാസൻ പറഞ്ഞു. വിദേശകാര്യ മന്ത്രാലയം മുഖേന സമ്മർദം ചെലുത്തണമെന്ന് കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആഗസ്റ്റ് 27ന് ഇറാനിൽനിന്ന് ഗ്ലാസ് കയറ്റി കുവൈത്ത് തീരത്തേക്ക് പുറപ്പെട്ട കപ്പൽ കുവൈത്ത് കടലതിർത്തിയിലേക്ക് കടന്നപ്പോഴാണ് അപകടമുണ്ടായത്. സെപ്റ്റംബർ ഒന്നിന് അപകടമുണ്ടായെന്നാണ് വിവരം. ഹനീഷിനു പുറമെ മറ്റു ഡക്ക് ഓപറേറ്റർമാരായ കണ്ണൂർ ആലക്കോട് വെള്ളാട് കൗമാക്കുടി കോട്ടയിൽ കുമാരന്റെ മകൻ സുരേഷ് (26), കൊൽക്കത്ത സ്വദേശി, മൂന്ന് ഇറാനികൾ എന്നിവരുൾപ്പെടെ ആറുപേരെയാണ് കാണാതായിരുന്നത്. തിരച്ചിലിനൊടുവിൽ ആദ്യം മൂന്നു മൃതദേഹങ്ങളും പിന്നീട് ഒരു മൃതദേഹവും കിട്ടി.

ഹനീഷിന്റെ മൃതദേഹവും ബംഗാൾ സ്വദേശി അവിജിത്ത് സർക്കാർ, കപ്പലിലെ ഇറാനിയൻ സ്വദേശികളായ രണ്ടുപേർ എന്നിവരുടേത് ഉൾപ്പെടെ നാലു മൃതദേഹങ്ങളും ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു. കണ്ണൂർ സ്വദേശി സുരേഷ്, ഒരു ഇറാനിയൻ സ്വദേശി എന്നിവരുടെ മൃതദേഹങ്ങൾ ഇനിയും കിട്ടിയിട്ടില്ല. കുവൈത്ത് മുങ്ങൽ വിദഗ്ധർ തിരച്ചിൽ അവസാനിപ്പിച്ചെന്നാണ് അറിയാൻ കഴിയുന്നത്.

Tags:    
News Summary - Body of Manalur native who died in shipwreck brought to Kuwait airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.