മട്ടന്നൂര്‍: കണ്ണൂരിൽ മട്ടന്നൂരിന് സമീപം നടുവനാട് വീട്ടിനുള്ളില്‍ സ്‌ഫോടനം. ഒരാള്‍ക്ക് പരിക്കേറ്റു. വീട്ടില്‍ ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. സ്ഫോടന സ്ഥലം സന്ദർശിക്കാനെത്തിയ ഡി.സി.സി സംഘത്തെ സി.പി.എം പ്രവർത്തകർ തടഞ്ഞതായും ആരോപണമുണ്ട്.
ഞായറാഴ്ച രാത്രി 12 മണിയോടെയാണ് നടുവനാട് നിടിയാഞ്ഞിരത്തെ വീട്ടിൽ സ്‌ഫോടനം ഉണ്ടായത്. അടുക്കളയില്‍ സൂക്ഷിച്ച പന്നിപടക്കം പൊട്ടുകയായയിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സ്ഫോടനത്തില്‍ വീട്ടുടമ രാജേഷിന് പരിക്കേറ്റിട്ടുണ്ട്. രാജേഷിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടുക്കളയിലെ കോണ്‍ക്രീറ്റ് തട്ടിന്‍റെ ഒരു ഭാഗവും സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. തുടന്ന് മട്ടന്നൂര്‍ പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ മൂന്ന് പന്നിപ്പടക്കങ്ങളും പടക്ക നിർമാണ സാമഗ്രികളും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ എം. രജിത്ത്, സന്ദീപ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച രാവിലെ ബോംബ് സ്‌ക്വാഡ് എസ്.ഐ ടി.വി. ശശിധരന്‍റെ നേതൃത്വത്തില്‍ വീട്ടിനുള്ളില്‍ നടത്തിയ തെരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍ സൂക്ഷിച്ച ഉറുമി, നഞ്ചക്, വാളുകള്‍, കത്തികള്‍, സൈക്കിള്‍ ചെയിന്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്. കൂടാതെ നാടന്‍ ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ മട്ടന്നൂര്‍ സി.ഐ പി.ആര്‍. മനോജിന്‍റെ നേതൃത്വത്തിൽ അന്വേഷണം ഊര്‍ജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.