കോടിയേരി പ്രസംഗിക്കവെ ബോംബേറ്:  ആറു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തലശ്ശേരി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത നങ്ങാറത്തുപീടികയിലെ പൊതുയോഗത്തിന് ബോംബെറിഞ്ഞ സംഭവത്തില്‍ ആറു ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരുകയാണ്. വ്യാഴാഴ്ച തലശ്ശേരി നങ്ങാറത്തുപീടികയില്‍ സി.പി.എം സംഘടിപ്പിച്ച കെ.പി. ജിജേഷ് അനുസ്മരണസമ്മേളനത്തില്‍ കോടിയേരി പ്രസംഗിക്കവെയായിരുന്നു ബോംബ് സ്ഫോടനം. രാത്രി 7.30ഓടെ പൊതുയോഗ വേദിയില്‍നിന്ന് നൂറ്റമ്പതോളം മീറ്റര്‍ മാറിയായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ ഡി.വൈ.എഫ്.ഐ മേഖല ജോയന്‍റ് സെക്രട്ടറി ശരത്ത് ശശിക്ക് പരിക്കേറ്റു. കഴുത്തിന് പരിക്കേറ്റ ഇദ്ദേഹം തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്കിലത്തെിയ സംഘമാണ് ബോംബെറിഞ്ഞതെന്ന് സി.പി.എം ആരോപിച്ചു. 

സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജന്‍, എ.എന്‍. ഷംസീര്‍ എം.എല്‍.എ, ഏരിയ സെക്രട്ടറി എം.സി. പവിത്രന്‍, കെ. സിജു എന്നിവരും വേദിയിലുണ്ടായിരുന്നു. ബോംബേറ് ഉണ്ടായെങ്കിലും കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗം തുടര്‍ന്നു. മറ്റുള്ളവരും പ്രസംഗിച്ചതിനുശേഷമാണ്് യോഗം അവസാനിപ്പിച്ചത്. ജില്ല പൊലീസ് ചീഫ് കെ.പി. ഫിലിപ്, ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം,സി.ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തത്തെിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെ ബി.ജെ.പിയുടെ കല്ലില്‍ താഴയിലെ ഓഫിസിനുനേരെ ബോംബാക്രമണമുണ്ടായി. സി.പി.എം പ്രവര്‍ത്തകന്‍ കെ.പി. ജിജേഷിന്‍െറ സ്മാരകസ്തൂപത്തില്‍ മലമൂത്രവിസര്‍ജനം നടത്തി വികൃതമാക്കി. തൊട്ടടുത്ത് സ്ഥാപിച്ച കൊടിമരം തകര്‍ത്തു.മട്ടന്നൂര്‍ നടുവനാട്ടെ സി.പി.എം റാലിക്കുനേരെ കല്ളേറുണ്ടായി. ഇതിനു പിന്നാലെ നടുവനാട്ടെ വിവേകാനന്ദ സേവാസമിതി ഓഫിസിനുനേരെ ആക്രമണമുണ്ടായി. പിന്നീട് ഉളിയില്‍  ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ഓഫിസും ആക്രമിക്കപ്പെട്ടു.

ഇരട്ടപ്പിലാക്കലിലെ ബി.ജെ.പി മാഹി മണ്ഡലം കമ്മിറ്റി ഓഫിസ് അടിച്ചുതകര്‍ത്തു. ഇരുപാര്‍ട്ടികളിലെയും അണികള്‍ക്ക് നേരെയും അക്രമമുണ്ടായി.  കണ്ണൂരില്‍ സമീപകാലത്തുണ്ടായ കൊലപാതകങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന സര്‍വകക്ഷിയോഗത്തിന്‍െറ തീരുമാനങ്ങളനുസരിച്ച് കാര്യക്ഷമമായി നടന്നു വരുന്ന സമാധാനശ്രമങ്ങള്‍ക്കാണ് പുതിയ സംഭവവികാസങ്ങള്‍ തുരങ്കംവെച്ചിരിക്കുന്നത്. ആക്രമണങ്ങള്‍ക്കിരയായവരുടെ വീടുകളും സ്ഥലവും എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ ഉള്‍പ്പെട്ടെ സംഘം സന്ദര്‍ശിക്കുമെന്നായിരുന്നു തീരുമാനങ്ങളിലൊന്ന്. പാര്‍ട്ടി നേതാക്കള്‍ക്കെതിരെതന്നെ ഇത്തരം നടപടികളുണ്ടായ സാഹചര്യത്തില്‍ സമാധാനശ്രമങ്ങളുടെ പുരോഗതി സംബന്ധിച്ച് സംശയമുയരുകയാണ്. 


കേരളത്തില്‍ കലാപത്തിന് ആര്‍.എസ്.എസ് ശ്രമം –സി.പി.എം
ന്യൂഡല്‍ഹി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറ പൊതുയോഗത്തിന് നേരെയുണ്ടായ ബോംബേറ് കേരളത്തില്‍ കലാപമുണ്ടാക്കാനുള്ള ബി.ജെ.പി-ആര്‍.എസ്.എസ് ശ്രമത്തിന്‍െറ ഭാഗമാണെന്ന് സി.പി.എം  പോളിറ്റ് ബ്യൂറോ. കേരളത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോഴെല്ലാം ക്രമസമാധാനം തകര്‍ക്കാന്‍ ആര്‍.എസ്.എസ് ശ്രമം നടത്താറുണ്ട്. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറുമ്പോഴെല്ലാം കേരളത്തില്‍ സമാധാനം തകര്‍ക്കാന്‍ ആര്‍.എസ്.എസ്് ശ്രമിക്കാറുണ്ട്.   ഇടതുസര്‍ക്കാറിന്‍െറ വിജയാഘോഷ പ്രകടനത്തിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്‍െറ മണ്ഡലമായ ധര്‍മടത്ത് സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയാണ് ഇക്കുറി ആര്‍.എസ്.എസ് അക്രമം തുടങ്ങിയത്. കേരളത്തില്‍ ആര്‍.എസ്.എസിന്‍െറ അക്രമത്തിന്‍െറ ഇരകളാണ് സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികള്‍. സി.പി.എം അക്രമം ആരോപിച്ച് ഡല്‍ഹിയില്‍ കേരള ഹൗസ്  മാര്‍ച്ച് നടത്തിയത് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണെന്നും  സി.പി.എം  പോളിറ്റ് ബ്യൂറോ പത്രക്കുറിപ്പില്‍ പറഞ്ഞു.

അപലപിച്ച് ചെന്നിത്തല
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറ  പ്രസംഗവേദിയിലേക്ക് ബേംബെറിഞ്ഞ സംഭവത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു. തങ്ങളുടെ രാക്ഷസീയ മനോഭാവം സംഘ്പരിവാര്‍ ശക്തികള്‍ കേരളത്തിനു മുന്നില്‍ വീണ്ടും വെളിപ്പെടുത്തിയിരിക്കുന്നു. അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമായ സംഭവമാണിത്. കണ്ണൂരിലെ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം പല തവണ ആവശ്യപ്പെട്ടിട്ടുണ്ട്. ബോംബ് നിര്‍മാണവും ആക്രമണവും അവസാനിപ്പിച്ച് മാന്യമായ പൊതുപ്രവര്‍ത്തനത്തിന് സംഘ്പരിവാര്‍ തയാറാകണം. ഫാഷിസ്റ്റ് മനോഭാവവും ഭീഷണിയും കേരളത്തിലെ ജനങ്ങള്‍ തരിമ്പും അംഗീകരിക്കില്ല. ഇത്തരം ആക്രമണ മാര്‍ഗങ്ങള്‍ അവസാനിപ്പിക്കാന്‍ തയാറാകണമെന്നും ചെന്നിത്തല ഫേസ്ബുക്കിലെ കുറിപ്പില്‍ പറഞ്ഞു.

ആര്‍.എസ്.എസ് ഗൂഢാലോചന –പി. ജയരാജന്‍ 
 കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത യോഗത്തിനുനേരെ ബോംബെറിഞ്ഞത് നാട്ടിലാകെ കലാപമുണ്ടാക്കാന്‍ ഉന്നതതലത്തില്‍ ആര്‍.എസ്.എസ് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.  ആര്‍.എസ്.എസ് അധോലോകസംഘം, തിരിച്ചറിയുക എന്ന സന്ദേശവുമായി ഫെബ്രുവരി മൂന്നിന് അഞ്ചിന് കണ്ണൂര്‍ ജില്ലയിലെ 206 കേന്ദ്രങ്ങളില്‍ ജനകീയകൂട്ടായ്മ നടത്തുമെന്നും പി. ജയരാജന്‍ പറഞ്ഞു. 

പ്രകോപനത്തിലൂടെ സംഘര്‍ഷത്തിന് ശ്രമം –സി.പി.എം സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണ് തലശ്ശേരി നങ്ങാറാത്ത്പീടികയില്‍ രക്തസാക്ഷി കെ.പി.ജിതേഷ് സ്മാരകം ഉദ്ഘാടനത്തിനിടെ ആര്‍.എസ്.എസ് നടത്തിയ ആക്രമണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പൊതുപരിപാടി അലങ്കോലപ്പെടുത്താന്‍ ആര്‍.എസ്.എസ്. നടത്തിയ ബോംബാക്രമണം അപലപനീയമാണ്. തുടര്‍ച്ചയായ പ്രകോപനമാണ് അവിടെയുണ്ടായത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ആര്‍.എസ്.എസ് നീക്കം നടത്തിയിരുന്നു. സി.പി.എമ്മിന്‍െറ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ അക്രമം നടത്തി സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള നീക്കമാണ് ആര്‍.എസ്.എസിന്‍േറത്. ഇത്തരത്തിലുള്ള  സംഘ്പരിവാര്‍ നീക്കത്തിനെതിരെ ജാഗ്രതപുലര്‍ത്താനും സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കാനും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

കുറ്റവാളികള്‍ക്ക് മാപ്പില്ല –മുഖ്യമന്ത്രി
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചുകൊണ്ടിരുന്ന വേദിക്കരികെ ബോംബെറിഞ്ഞ സംഭവം നിയന്ത്രണംവിട്ട ആക്രമണോത്സുകതയാണെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍. ഇതിനെ അതിശക്തമായി അപലപിക്കുന്നു. കുറ്റവാളികള്‍ക്ക് മാപ്പില്ല. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. 

ആര്‍.എസ്.എസിന്‍െറ ഹിംസാത്മക രാഷ്ട്രീയം –വി.എസ്
തിരുവനന്തപുരം: ബോധപൂര്‍വം പ്രകോപനം സൃഷ്ടിച്ച് കുഴപ്പങ്ങളുണ്ടാക്കാനാണ് മോദി ഭരണത്തിന്‍െറ തണലില്‍ ആര്‍.എസ്.എസ്-ബി.ജെ.പി സംഘം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് വി.എസ്. അച്യുതാനന്ദന്‍. കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ച യോഗ സ്ഥലത്തിനടുത്തേക്ക് ബോംബെറിഞ്ഞ് ഭീകരത സൃഷ്ടിച്ചതും ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ ജിതേഷിന്‍െറ സ്മാരകത്തില്‍ കരിഓയില്‍ ഒഴിച്ചതും സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും  അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ആര്‍.എസ്.എസ്-ബി.ജെ.പി സംഘത്തിന്‍െറ ഇത്തരം ഹീന നീക്കങ്ങളെ നേരിടാന്‍ പൊലീസിന്‍െറ ഭാഗത്തുനിന്ന് അലംഭാവമുണ്ടാവരുതെന്നും വി.എസ് ആവശ്യപ്പെട്ടു.


പൊട്ടിയത് നുണബോംബെന്ന് ബി.ജെ.പി 
കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിക്കുന്നതിനിടെ പൊട്ടിയത് നുണബോംബാണെന്ന് ബി.ജെ.പി നേതാക്കള്‍. ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് ബോംബെറിഞ്ഞെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ഇത്തരത്തിലൊരു നുണപ്രചാരണം സി.പി.എമ്മിന് ആവശ്യമായിവന്നിരിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന സെല്‍ കോഓഡിനേറ്റര്‍ കെ. രഞ്ജിത്തും ജില്ല പ്രസിഡന്‍റ് പി. സത്യപ്രകാശനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അണ്ടല്ലൂര്‍ സന്തോഷ് വധത്തില്‍ സി.പി.എം പ്രതിരോധത്തിലാണ്. ഇതില്‍നിന്ന് ശ്രദ്ധതിരിച്ച്, സംസ്ഥാനവ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിടുന്നതിന്‍െറ ഭാഗമായാണ് ബോംബേറുണ്ടായെന്ന കള്ളക്കഥ പ്രചരിപ്പിക്കുന്നത്. എ.എന്‍. ഷംസീറാണ് ഈ പ്രചാരണത്തിന് പിന്നില്‍. നാദാപുരം ഭാഗങ്ങളിലും വ്യാപകമായ അക്രമങ്ങളാണ് നടന്നത്. സി.പി.എമ്മില്‍ ചില ഭിന്നത നിലനില്‍ക്കുന്നുണ്ട്. അത് മറച്ചുവെക്കാനുള്ള ശ്രമങ്ങളാണിത്. കഴിഞ്ഞദിവസം തലശ്ശേരിയിലെ യോഗത്തില്‍നിന്ന് പി. ജയരാജന്‍ പ്രസംഗിക്കാതെ മടങ്ങിപ്പോയത് ഇതിന്‍െറ തെളിവാണെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

Tags:    
News Summary - bomb kodiyeri balakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.