ബോംബുകള്‍ സി.പി.എമ്മിന്റെ കുടില്‍ വ്യവസായമെന്നു കെ. സുധാകരന്‍

കണ്ണൂര്‍ നഗരത്തില്‍ പട്ടാപ്പകല്‍ കല്യാണവീട്ടില്‍ നടന്ന ബോംബേറില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം കണ്ണൂരില്‍ ബോംബുനിര്‍മാണം കുടില്‍വ്യവസായം പോലെ സി.പി.എം കൊണ്ടുനടക്കുന്നതിന്റെ പ്രത്യക്ഷ തെളിവാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.

രാഷ്ട്രീയ എതിരാളികളെ, പ്രത്യേകിച്ചും കോണ്‍ഗ്രസുകാരെ കൊല്ലാന്‍ ബോംബ് ഉള്‍പ്പെടെയുള്ള എല്ലാവിധ മാരകായുധങ്ങളും അതു പ്രയോഗിക്കാന്‍ കൊലയാളി സംഘവും വാടകഗുണ്ടകളും സി.പി.എമ്മിനുണ്ട്. ഇതിനെതിരേ ജീവന്‍ പണയംവച്ചാണ് ജനാധിപത്യ വിശ്വാസികള്‍ പൊതുപ്രവര്‍ത്തനം നടത്തുന്നത്. ഷുഹൈബിനെയും ടി.പി ചന്ദ്രശേഖരനെയും കൊത്തിനുറുക്കിയ കൊലയാളി സംഘങ്ങള്‍ ഇപ്പോഴും യഥേഷ്ടം വിഹരിക്കുന്നു. അവര്‍ക്കെല്ലാം പാര്‍ട്ടിയുടെ സംരക്ഷണവുമുണ്ട്.

കണ്ണൂരിലെ സി.പി.എം കേന്ദ്രങ്ങളില്‍ വ്യാപകമായ രീതിയില്‍ ബോംബ് നിര്‍മാണം നടക്കുന്നതും ബോംബുകള്‍ പലയിടങ്ങളിലായി കൂട്ടിവക്കുന്നതും പലവട്ടം പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പൊലീസിന്റെ കണ്‍വെട്ടത്തിലാണ് ഇതൊക്കെ നടക്കുന്നത്. എന്നാല്‍ ഭരണകക്ഷിയെ തൊടാന്‍ പൊലീസിനു ഭയമാണ്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും നാടായ കണ്ണൂരില്‍ അവര്‍ അറിയാതെ ഇലപോലും അനങ്ങില്ല.

അക്രമണം നടത്തുന്നതിന് സി.പി.എം എത്രത്തോളം ആസൂത്രിതമാണെന്നും അത് തടയുന്നതില്‍ പൊലീസ് എത്ര നിഷ്‌ക്രിയമാണെന്നും തെളിയിക്കുന്നതാണ് കണ്ണൂര്‍ നഗരത്തിനോടു ചേര്‍ന്ന പ്രദേശത്ത് പട്ടാപ്പകലുണ്ടായ ബോംബേറും അതില്‍ ഒരു ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കിയ സംഭവവുമെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - bomb making is cpm's small scale industry -k sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.