തിരുവനന്തപുരം: കോവിഡ് വകഭേദങ്ങൾ കണ്ടെത്തുകയും വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡ് ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധം ഉറപ്പിക്കാൻ ബൂസ്റ്റർ വാക്സിനേഷൻ പരിഗണിക്കാൻ സാധ്യത. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഒരുവർഷത്തിന് ശേഷം ബൂസ്റ്റർ വാക്സിനേഷൻ നൽകാനാണ് ആലോചന. യു.എ.ഇ ഉൾപ്പെടെ പല രാജ്യങ്ങളും നടപടി ആരംഭിച്ചുകഴിഞ്ഞു. ആദ്യ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് ആറുമാസം കഴിഞ്ഞവർക്കായി യു.എ.ഇ മൂന്നാം ഡോസ് വാക്സിനേഷന് റജിസ്ട്രേഷൻ തുടങ്ങി. കോവിഡിനെതിരെ 86 ശതമാനത്തോളം ഫലപ്രാപ്തി അവകാശപ്പെടുന്ന സിനോഫാമിെൻറ വാക്സിനാണ് ഇവർ നൽകുന്നത്.
91 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്ന ഫൈസറും ആദ്യ ഒറ്റ ഡോസിൽ ഫലപ്രാപ്തി കൈവരിക്കാനാകുമെന്ന് പറയുന്ന ജോൺസൺ ആൻഡ് ജോൺസനും മൂന്നാം ഡോസ് വേണ്ടിവരുമെന്ന സൂചന നൽകിക്കഴിഞ്ഞു.
വൈറസിെൻറ അതിവേഗ ജനിതക മാറ്റമാണ് മൂന്നാംഡോസിലേക്ക് കൂടി കടക്കാൻ ആരോഗ്യവിദഗ്ധരെ പ്രേരിപ്പിക്കുന്നത്. ഇന്ത്യക്കകത്ത് അര ഡസനിലേറെ കോവിഡ് വകഭേദങ്ങൾ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. അതിനാൽ രണ്ട് ഡോസ് വാക്സിൻ കൊണ്ട് എക്കാലത്തേക്കും കോവിഡിനെ ചെറുക്കാനാകില്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കുഞ്ഞുങ്ങൾക്ക് നൽകുന്ന വാക്സിനേഷൻ ചാർട്ടുപോലെ കോവിഡ് വാക്സിനേഷനും പ്രത്യേകം ഷെഡ്യൂൾ വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ബൂസ്റ്റർ വാക്സിനേഷൻ വന്നാലും പ്രതിരോധ മാർഗങ്ങൾ ദീർഘനാൾ തുടരേണ്ടിവരും. അതേസമയം, ഒരുവർഷത്തിന് ശേഷമേ മൂന്നാം ഡോസ് തീരുമാനം ഉണ്ടാവുകയുള്ളൂവെന്ന് വാക്സിൻ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പുരുഷോത്തമൻ നമ്പ്യാർ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.