കൽപറ്റ: സി.പി.എം നിയന്ത്രണത്തിലുള്ള വയനാട് ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുടെ മാംസ സംസ്കരണശാല 50 ശതമാനം ലാഭവിഹിതത്തിൽ സ്വകാര്യ കമ്പനി ഏറ്റെടുത്തു. 80 കോടിയോളം രൂപ ബാധ്യതയുമായി നൂറുകണക്കിന് ജീവനക്കാരെയും നിക്ഷേപകരെയും പട്ടിണിയിലാക്കി രണ്ടുവർഷം മുമ്പ് പ്രവർത്തനം നിലച്ച മാംസ സംസ്കരണശാലയാണ് സ്വകാര്യ കമ്പനിയുടെ നിക്ഷേപത്തിൽ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നത്. കോട്ടയം കേന്ദ്രമായ ഭക്ഷ്യ സംസ്കരണ സ്ഥാപനമായ ബഫറ്റ് ബ്ലൂവേയാണ് ഏഴുവർഷ കരാർ വ്യവസ്ഥയിൽ സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്തത്.
വീണ്ടും തുറക്കുന്നതിന് മുന്നോടിയായി ഒരു കോടി മുടക്കി ഫാക്ടറി ഉൾപ്പെടെയുള്ളവയുടെ നവീകരണ പ്രവർത്തനം അവസാന ഘട്ടത്തിലാണ്.
നവീകരണത്തിനും മാർക്കറ്റിങ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കുമുള്ള ഫണ്ട് സ്വകാര്യ കമ്പനിയാണ് നൽകുക. ബിൽ കുടിശ്ശിക അടച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് ഫാക്ടറി പ്രവർത്തനം തുടങ്ങാനുള്ള നടപടികളുമായാണ് അധികൃതർ മുന്നോട്ട് പോകുന്നത്. അതേസമയം, നിക്ഷേപകരുടെ പലിശ ഉൾപ്പെടെ കോടികൾ തിരിച്ചുനൽകുന്നതിനെക്കുറിച്ചോ ജീവനക്കാരുടെ മുടങ്ങിയ ശമ്പളം നൽകുന്നതിനെക്കുറിച്ചോ വ്യക്തതയില്ല. നേരത്തേയുണ്ടായിരുന്ന എഴുപതോളം ജീവനക്കാരിൽ 21 പേരെ ഫാക്ടറിയിലേക്ക് നിയമിക്കുമെങ്കിലും ബാക്കിയുള്ളവരെക്കുറിച്ച് തീരുമാനമായിട്ടില്ല. ബഫറ്റ് ബ്ലൂവേക്കായിരിക്കും പൂർണമായ നടത്തിപ്പ് ചുമതല. കാസർകോട് മുതൽ കോട്ടയംവരെ നിരവധി മാംസ വിൽപനശാലകൾ ബ്രഹ്മഗിരി സൊസൈറ്റിക്ക് ഉണ്ടായിരുന്നെങ്കിലും പ്രാഥമിക ഘട്ടത്തിൽ രണ്ടോ മൂന്നോ ജില്ലകൾ മാത്രം കേന്ദ്രീകരിച്ച് മലബാർ മീറ്റ് ഉൽപന്നങ്ങൾ വിറ്റഴിക്കാനാണ് തീരുമാനം. കോഴി ഇറച്ചി സംസ്കരണത്തിനും പുതിയ സ്വകാര്യ കമ്പനിയുമായി കാരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഫാക്ടറി തുറന്നാൽ വായ്പ നൽകാൻ തയാറാണെന്ന് ചില ബാങ്കുകൾ അറിയിച്ചിട്ടുണ്ട്. ഫാക്ടറി തുറക്കുന്നതോടെ സർക്കാർ സഹായവും ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി പ്രവർത്തനം നിലച്ചതോടെ നിക്ഷേപകരും ജീവനക്കാരുമടക്കം സമരവുമായി രംഗത്തെത്തിയിരുന്നു. ഒമ്പത് മുതൽ 11 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് സി.പി.എം സഹയാത്രികരായ നിക്ഷേപകരിൽനിന്ന് സൊസൈറ്റി പണം സ്വീകരിച്ചത്. മുടങ്ങിക്കിടക്കുന്ന പലിശയടക്കം 68 കോടിയോളം രൂപയാണ് ഇപ്പോൾ നിക്ഷേപകർക്ക് നൽകാനുള്ളത്. നിലവിൽ സൊസൈറ്റിക്കുവേണ്ടി വായ്പയെടുക്കാൻ ഈടുവെച്ച മുൻ എം.എൽ.എയും സൊസൈറ്റിയുടെ പ്രഥമ ചെയർമാനുമായിരുന്ന പി. കൃഷ്ണ പ്രസാദിന്റെ കുടുംബവീട് ഉൾപ്പടെയുള്ള ഭൂമി ജപ്തി ഭീഷണിയിലാണ്. ഫാക്ടറി ഈ മാസം അവസാനത്തോടെ വീണ്ടും തുറക്കാനാകുമെന്നും അടുത്ത ഘട്ടങ്ങളിലായി നിക്ഷേപകരുടെയും ജീവനക്കാരുടെയും കുടിശ്ശിക തീർക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സൊസൈറ്റി ചെയർമാർ പി.കെ. സുരേഷ് മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.