ബ്രഹ്മപുരം തീപിടിത്തം: വീഴ്ച സമ്മതിച്ച് കോർപറേഷന്‍; തീയണക്കല്‍ 95 ശതമാനം പൂർത്തിയായി

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ വീഴ്ച സമ്മതിച്ച് കൊച്ചി കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.കെ അഷ്‌റഫ്. ഈ വിഷയത്തിൽ വീഴ്ച പറ്റിയില്ലെന്ന് പറഞ്ഞാൽ ന്യായീകരണമായിപ്പോകുമെന്നും കൊച്ചി നിവാസികളോട് ക്ഷമ ചോദിക്കുന്നുവെന്നും ടി.കെ. അഷ്‌റഫ് പറഞ്ഞു. നേരത്തെ രണ്ട് ദിവസം കൊണ്ട് തീ കെടുന്നതായിരുന്നു, ഇത്തവണ കാലാവസ്ഥയും കൂടി പ്രതികൂലമായതോടെ കാര്യങ്ങള്‍ കൈവിടുകയായിരുന്നു​വെന്നും ടി.കെ. അഷ്‌റഫ് പറഞ്ഞു.

നിലവിലെ സാഹചര്യം പരിശോധിക്കാൻ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ബ്രഹ്മപുരത്തെത്തിയിരുന്നു. ശുചിത്വമിഷൻ ഡയറക്ടർ, ജില്ല കലക്ടർ, തദ്ദേശവകുപ്പ് ചീഫ് എഞ്ചിനീയർ, പിസിബി ചെയർമാൻ എന്നിവരുള്‍പ്പെട്ട സംഘമാണ് സ്ഥലത്തെത്തിയത്. അതേസമയം ബ്രഹ്‌മപുരത്തെ തീയണക്കല്‍ 95 ശതമാനം പൂർത്തിയായെന്ന് ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു.

നിലവിൽ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ ചതുപ്പായ പ്രദേശം ഒഴികെയുള്ള മേഖലകളിൽ തീയും പുകയും പൂർണമായി ശമിച്ചിട്ടുണ്ട്. ചതുപ്പിലെ പുക ശമിപ്പിക്കുന്നതിൽ ഇന്നു തന്നെ ഗണ്യമായ പുരോഗതി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. മാലിന്യ പ്ലാന്റ് പ്രദേശത്ത് അസ്ക ലൈറ്റുകൾ വിന്യസിച്ച് രാത്രിയിലും നടത്തിയ നിതാന്ത പരിശ്രമമാണ് പുക നിയന്ത്രണം ഫലവത്താക്കിയത്. കലക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും ഷിഫ്റ്റുകളിൽ അഗ്നിശമന പ്രവർത്തനം നടക്കുന്നു.

ഫയർ ടെൻഡറുകൾ നേരിട്ട് എത്തിക്കാനാകാത്തതാണ് ചതുപ്പു മേഖലയിൽ നേരിടുന്ന പ്രശ്നം. കടമ്പ്രയാറിൽ നിന്നും ഉയർന്ന ശേഷിയുള്ള പമ്പുകൾ ഉപയോഗിച്ച് ഉന്നത മർദ്ദത്തിൽ വെള്ളം പമ്പു ചെയ്താണ് ഇതിന് പരിഹാരം കണ്ടത്. മിനിട്ടിൽ 4000 ലിറ്റർ വെളളമാണ് ഇത്തരത്തിൽ പമ്പു ചെയ്യുന്നത്. ഫയർ ടെൻഡറുകൾ എത്തിക്കാനാകാത്ത മറ്റ് കൂനകളിലേക്കും വെള്ളമെത്തിക്കാൻ പമ്പ് ഉപയോഗിക്കുന്നു.

പ്ലാന്റ് പ്രദേശത്തെ ഏഴ് സെക്ടറുകളായി തിരിച്ചതിൽ അഞ്ച് സെക്ടറുകളിലും തീ അണച്ചു. ഒന്ന്, ഏഴ് സെക്ടറുകളാണ് ഇനി അവശേഷിക്കുന്നത്. തീ അണച്ച കൂനകളിൽ ചെറിയ രീതിയിൽ പോലും പുക ഉയരുന്നുണ്ടെങ്കിൽ കണ്ടെത്താൻ പട്രോളിംഗ് സംഘവും രംഗത്തുണ്ട്. കൂടാതെ മാലിന്യക്കൂനയിലെ കനലുകൾ കണ്ടെത്തുന്നതിന് തെർമൽ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിക്കും. ഫയർ ടെൻഡറുകൾ ചെളിയിൽ താഴുന്നത് ഒഴിവാക്കാൻ മെറ്റലും നിരത്തി.

രാത്രിയിലും വിശ്രമമില്ലാതെ ദൗത്യം

ബ്രഹ്മപുരം പുകയണക്കൽ ദൗത്യത്തിൽ കഴിഞ്ഞ രാത്രിയിൽ 105 അഗ്നിശമന സേനാംഗങ്ങളും, 14 എ എസ്കവേറ്റർ ഓപ്പറേറ്റർമാരും, 14 പോലീസുകാരും ബി.പി.സി.എല്ലിലെ അഞ്ച് പേരും, 35 സിവിൽ ഡിഫൻസ് അംഗങ്ങളും, 20 കൊച്ചി കോർപ്പറേഷൻ ജീവനക്കാരും, 19 ഹോം ഗാർഡുകളുമാണ് പങ്കെടുത്തത്. 18 ഫയർ യൂണിറ്റുകളും, 14 എസ്കവേറ്ററുകളും ഹൈ പ്രഷർ പമ്പുകളും ഉപയോഗിച്ചു. ആംബുലൻസും മെഡിക്കൽ സംഘവും ഉണ്ടായിരുന്നു.

പുകയുടെ അളവിൽ കുറവ്

പുകയണക്കൽ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ പുകയുടെ അളവിൽ ഗണ്യമായ കുറവു വന്നത് അന്തരീക്ഷത്തിലും പ്രതിഫലിക്കുന്നു. ഇതു സംബന്ധിച്ച് കൺട്രോൾ റൂമിൽ ലഭിക്കുന്ന കോളുകളുടെ എണ്ണത്തിലും കുറവുണ്ട്. വായു നിലവാരം മെച്ചപ്പെട്ടതായി മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.

Tags:    
News Summary - Brahmapuram fire: Corporation admits fault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.