ബ്രഹ്മപുരം മാലിന്യ പ്ലാന്റ് : കോർപറേഷനുണ്ടായ നഷ്ടം 120.44 കോടി രൂപയെന്ന് എ.ജി റിപ്പോർട്ട്

കോഴിക്കോട്: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷനുണ്ടായ മൊത്തം നഷ്ടം 120.44 കോടി രൂപയെന്ന് എ.ജി റിപ്പോർട്ട്. കോർപറേഷനുണ്ടായ മൊത്തം നാശനഷ്ടങ്ങൾക്കായി സോണ്ടയിൽ നിന്ന് 120.44 കോടി രൂപ ക്ലെയിം ചെയ്‌തു. എന്നാൽ കരാറുകാരനിൽ നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലെന്നും റിപ്പോർട്ട് പറയുന്നു. ബയോമൈനിങ്ങിന് സോണ്ട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിന് നൽകിയ 11.27 കോടി രൂപ ഫലമില്ലാതെ ചെലവഴിച്ചു വെന്നും പരിശോധനയിൽ കണ്ടെത്തി. ഇക്കാര്യത്തിൽ കൊച്ചി കോർപറേഷൻെറയും സർക്കാരിന്റെയും വീഴ്ചകൾ അക്കമിട്ട് നിരത്തുകയാണ് റിപ്പോർട്ട്.

ബ്രഹ്മപുരത്ത് പൈതൃക മാലിന്യ സംസ്‌കരണത്തിനുള്ള ടെൻഡർ നടപടികൾ അനന്തമായി നീളുകയും തീപിടിത്തം ഉൾപ്പെടെയുള്ള പാരിസ്ഥിതിക-ആരോഗ്യ അപകടങ്ങൾക്ക് വഴിയൊരുക്കുമെന്ന വസ്തുത കണക്കിലെടുത്താണ് 2005 ലെ ദുരന്ത നിവാകരണ മാനേജ്മെന്റ് നിയമപ്രകാരം ബ്രഹ്മപുരത്ത് കുമിഞ്ഞുകൂടുന്ന മാലിന്യത്തിന്റെ ശാസ്ത്രീയ മാനേജ്‌മെന്റ് ചുമതല കോർപറേഷനിൽ നിന്ന് ഏറ്റെടുത്തു സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചത്.

അതോടെ കോർപറേഷൻ നേരത്തെ നൽകിയ ടെൻഡർ റദ്ദാക്കി. ബ്രഹ്മപുരം പ്ലാന്റിലെ മുനിസിപ്പൽ ഖരമാലിന്യത്തിന്റെ (എം.എസ്‌.ഡബ്ല്യൂ), പുനരുദ്ധാരണം നടത്താൻ അനുയോജ്യമായ ഏജൻസിയെ കണ്ടെത്തുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിക്കാൻ സർക്കാർ സംസ്ഥാന ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ്റ് കോർപ്പറേഷനെ (കെ.എസ്.ഐ.ഡി.സി) ചുമതലപ്പെടുത്തി. അതനുസരിച്ച്, കെ.എസ്.ഐ.ഡി.സി പ്രോജക്റ്റിനായി ഇ-ടെൻഡറുകൾ നടത്തി. ടെൻഡർ രേഖയിൽ നൽകിയിരിക്കുന്നത് പോലെയുള്ള ജോലിയുടെ വ്യാപ്‌തിക്ക് അനുസൃതമായി സോണ്ട കമ്പനിക്ക് പദ്ധതിയുടെ നടത്തിപ്പിനുള്ള കരാർ നൽകി.

2016 ലെ എസ്‌.ഡബ്ല്യൂ.എം നിയമങ്ങൾ, സി.പി.സി.ബി മാർഗനിർദേശങ്ങൾ എന്നിവ പ്രകാരം ബയോ-മൈനിങ്, ക്യാപ്പിങ് രീതികൾ സംയോജിപ്പിച്ച് ബ്രഹ്മപുരത്ത് ഭൂമി വീണ്ടെടുക്കുകയായിരുന്നു പ്രവർത്തനത്തിന്റെ ലക്ഷ്യം. 2020 ആഗസ്റ്റ് 26 ലെ ടെൻഡറിന്റെ ഭാഗമായി സോണ്ട സമർപ്പിച്ച സാങ്കേതിക നിർദേശ പ്രകാരം ബ്രഹ്മപുരം പ്ലാൻറിൽ 40.25 ഏക്കർ സ്ഥലത്ത് 475139 സി.യു.എം കുമിഞ്ഞുകൂടിയ മാലിന്യമുണ്ട്. അത് പ്രകാരം സോണ്ടക്ക് 54.90 കോടി രൂപക്ക് 2021 സെപ്തംബർ ആറിന് കരാർ നൽകി.

സോണ്ട 2012 ജനുവരി 15 ന് ബ്രഹ്മപുരത്ത് പൈതൃകമാലിന്യങ്ങളുടെ ജൈവ ഖനനം ആരംഭിച്ചു. കരാറുകാരന് അഡ്വാൻസായി 1.15 കോടി രൂപ തനത് ഫണ്ടിൽ നിന്ന് 2022 ഫെബ്രുവരി അഞ്ചിനും സംസ്ഥാന ഫണ്ടിൽ നിന്ന് ആറ് കോടി രൂപ 2022 ഫെബ്രുവരി എട്ടിനും 4.11 കോടി രൂപ 2023 ജനുവരി ആറിന് സി.എഫി.സി ഫണ്ടിൽ നിന്നും നൽകി. എന്നാൽ, പൈതൃക മാലിന്യങ്ങളുടെ ബയോമൈനിങ് വളരെ സാവധാനത്തിലാണ് നടക്കുന്നതെന്നും ചില മാസങ്ങളിൽ ഒരു ജോലിയും നടന്നിട്ടില്ലെന്നും മുനിസിപ്പൽ എഞ്ചിനീയർ (എ.ഇ) വിവിധ ഘട്ടങ്ങളിൽ റിപ്പോർട്ട് ചെയ്‌തു. ബയോ ഖനനത്തിന്റെ പൂരോഗതി നിരീക്ഷിക്കാൻ രൂപീകരിച്ച മലിനീകരണ നിയന്ത്രണ ബോർഡും സാങ്കേതിക സമിതിയും ചേർന്ന് നടത്തിയ പരിശോധനയിൽ കരാർ കമ്പനി ശരിയായ രീതിയിൽ മാലിന്യം വേർതിരിക്കുന്നില്ലെന്ന് റിപ്പോർട്ട് ചെയ്‌തു.

പുനരൂപയോഗിക്കാവുന്ന വസ്‌തുക്കൾക്ക് ശേഷം ഉൽപ്പാദിപ്പിക്കുന്ന റഫ്യൂസ് ഡെറിവേഡ് ഫ്യൂവൽ (ആർ.ഡി.എഫ്) ബയോമൈനിങ് പ്രക്രിയയിൽ നീക്കം ചെയ്യാത്തതിനാൽ, വിൽപനക്ക് മുമ്പ് പ്രദേശത്ത് അടുക്കിവെക്കേണ്ട പ്ലാസ്റ്റിക് മാലിന്യം പ്ലാൻറിന്റെ പരിസരത്ത് മുഴുവൻ ചിതറി കിടന്നു. കൂറ്റൻ വലിപ്പമുള്ള കല്ലുകൾ, മരക്കഷണങ്ങൾ മുതലായവ നല്ല മണ്ണും വലിയ പ്ലാസ്റ്റിക്കുകളും കലർന്നതായി കണ്ടെത്തി. അസംഘടിതമായി ശരിയായ സ്റ്റാക്കിംഗ് ഇല്ലാതെ ബാക്കിയുള്ള ആർ.ഡി.എഫ് കുമിഞ്ഞുകൂടി.

എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ റിപ്പോർട്ട് പ്രകാരം, തിരിച്ചുപിടിച്ചതായി സോണ്ട കമ്പനി അവകാശപ്പെട്ട 4,5,6,7 മേഖലകൾ പൂർണമായും വാസ്‌തവ വിരുദ്ധമാണ്. കരാറുകാരൻ നടത്തുന്ന മാലിന്യ സംസ്ക്‌കരണം 2016ലെ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾക്ക് അനുസൃതമല്ലെന്ന് പി.ബി.സിയും ബ്രഹ്മപുരത്തെ ബയോമൈനിങ് മലിനീകരണ നിയന്ത്രണ ബോർഡ് (സി.പി.സി.ബി) മാർഗനിർദേശങ്ങൾക്ക് വിരുദ്ധവുമാണെന്ന് ഹൈകോടതി രുപീകരിച്ച സമിതിയും റിപ്പോർട്ട് ചെയ്തു

2023 മാർച്ച് രണ്ടിന് ബ്രഹ്മപുരം ഖരമാലിന്യ ഡമ്പ് യാർഡിൽ വൻതീപിടിത്തമുണ്ടായി. ആദ്യം ഒരു സെക്ഷനിൽ തുടങ്ങിയത് ഉടൻ തന്നെ ഡമ്പിങ് യാർഡിന്റെ മുഴുവൻ പ്രദേശവും വിഴുങ്ങി. മാലിന്യ കൂമ്പാരത്തിലെ തീ 16 ദിവസം നീണ്ടുനിന്നു. ഇത് നഗരത്തിലെയും സമീപത്തെയും താമസക്കാരെ വളരെയധികം ബുദ്ധിമുട്ടിറിച്ചു. കമ്പനി സംഭരിച്ച ബയോമൈനിങിന്റെ അവശിഷ്ടമായ പാസ്റ്റിൽ മാലിന്യം റഫ്യൂസ് ഡെറൈവ്ഡ് ഫ്യൂവൽ (ആർ.ഡി.എഫ്) എന്നിവ തീപിടുത്തത്തിന് കാരണമായി.

120 അഗ്നിശമനസേനാംഗങ്ങൾ, രണ്ട് നാവികസേ ഹെലികോപ്റ്ററുകൾ. ബുൾഡോസറുകളുടെ ഒരു കൂട്ടം, രണ്ട് വലിയ ഡീവാട്ടറിങ് പമ്പുകൾ, ഡസൻ കണക്കിന് ചെറിയ വാട്ടർ പമ്പുകൾ, 35 ഫയർ ടെൻഡറുകൾ എന്നിവ ഉപയോഗിച്ച് തീയണക്കാൻ കെ.എം.സി 1.46 കോടി രൂപ ചെലവഴിച്ചു.

2021 സെപ്തംബർ ആറിന് സോണ്ടയുമായി ഉണ്ടാക്കിയ കരാർ പ്രകാരം, പൈതൃക മാലിന്യങ്ങളുടെ (5.9 ലക്ഷം സി.യു.എം) ബയോമൈനിങ്, കരാർ നടപ്പിലാക്കിയ തീയതി മുതൽ ഒമ്പത് മാസത്തിനകം പൂർത്തിയാക്കണം. 2016 ലെ എസ്.ഡബ്ല്യൂ.എം നിയമങ്ങളും സി.പി.സി.ബി മാർഗനിർദേശങ്ങളും അനുസരിച്ച് ബയോ-മൈനിങ്, ക്യാപ്പിങ് രീതികൾ സംയോജിപ്പിച്ച് 17 ഏക്കർ ഭൂമി വീണ്ടെടുക്കണം. എനാനൽ, നിശ്ചിത സമയത്തിനുള്ളിൽ പുനരധിവാസ പ്രക്രിയ നടപ്പിലാക്കുന്നതിൽ കരാറുകാരൻ ദയനീയമായി പരാജയപ്പെട്ടതിനാൽ, കുമിഞ്ഞുകൂടിയ പൈതൃക മാലിന്യങ്ങൾ അമിതമായ ചൂടും വാതകവും സൃഷ്ടിച്ചത് ആത്യന്തികമായി തീയിലേക്ക് നയിച്ചു.

പ്രവർത്തനത്തിനുള്ള ഉത്തരവ് നൽകിയ 2021 ജൂലൈ 23 മുതൽ തീ പിടിത്തം ഉണ്ടായ 2023 മാർച്ച് രണ്ട് വരെ 19 മാസവും ഒമ്പത് ദിവസവും ഉണ്ടായിരുന്നു. ഈ കാലയളവിൽ, ഫലപ്രദമായ ഇടപെടലിൻ്റെയും നിരീക്ഷണത്തിൻ്റെയും അഭാവത്തിൽ, കരാറുകാരൻ പുനരധിവാസ പ്രക്രിയ വളരെ വൈകിപ്പിച്ചു. കരാറുകാരൻ്റെ തെറ്റായതും നിരുത്തരവാദപരവുമായ മനോഭാവം കാരണം, കരാവുകാരൻ്റെ ചെലവിലും കരാർ അവസാനിപ്പിക്കാനും ജോലിയുടെ പുനഃക്രമീകരണം നടത്താനും കോർപറേഷൻ തീരുമാനിച്ചു.

കരാർ തീയതി മുതൽ ഒമ്പത് മാസത്തിനുള്ളിൽ ബയോമൈനിങ് പൂർത്തിയാക്കിയിരുന്നെങ്കിൽ 2023 മാർച്ച് രണ്ടിന് ഉണ്ടായ തീപിടുത്തം ഒരിക്കലും സംഭവിക്കില്ല. തീപിടിത്തത്തെത്തുടർന്ന് പൂർത്തിയാക്കിയതായി കരാറുകാരൻ ജോലികൾ ഫലവത്തായില്ല. ബ്രഹ്മപുരം പ്ലാന്റിലെ ഖരമാലിന്യങ്ങൾ പുനരുജ്ജീവിപ്പിക്കാൻ കോർപറേഷൻ 11.27 കോടി സോണ്ടക്ക് നൽകിയത് ഫലശൂന്യമായിയെന്നാണ് റിപ്പോർട്ട്.

സോണ്ടക്ക് മൊത്തം പേയ്മെൻറ് 11.27 കോടി ആയിരുന്നു. ആദായനികുതി രണ്ട് ശതമാനം 22.55 ലക്ഷം രൂപയും, കെ.സി.ഡബ്ല്യു.ഡബ്ല്യു.ബി ഒരു ശതമാനം 11.27 ലക്ഷം രൂപയും ഈടാക്കണം. എന്നാൽ, കെ.എം.സി.ഐ.ടിക്കായി 8.23 ലക്ഷം രൂപയും കെ.സി.ഡബ്ല്യു.ഡബ്ല്യു.എഫി.ബിക്ക് 4.11 ലക്ഷം രൂപയും മാത്രമാണ് ശേഖരിച്ചത്. ഇതിൽ ആകെ 21.48 ലക്ഷം രൂപ നഷ്ടമായി.

ബയോമൈനിങ് പ്രക്രിയക്ക് ജി.എസ്.ടി ഇല്ലാതിരുന്നിട്ടും കോർപറേഷൻ തെറ്റായി ജി.എസ്.ടിയിലേക്ക് 8.23 ലക്ഷം രൂപ മാറ്റി. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ച്, കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ ചുമതലകളിൽ തുടരുന്ന അവഗണനക്ക് 100 കോടി രൂപ പാരിസ്ഥിതിക നഷ്ടപരിഹാരം ചുമത്തി. സംസ്ഥാനവും അതിന്റെ അധികാരികളും തികഞ്ഞ പരാജയമാണെന്നും സുപ്രീം കോടതിയുടെ നിയമാനുസൃത ഖരമാലിന്യ സംസ്ക്കരണ നിയമങ്ങളും ഉത്തരവുകളും വ്യാപകമായി ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി.

ബ്രഹ്മപുരത്ത് അഗ്നിശമന പ്രവർത്തനങ്ങൾക്കായി കോർപ്പറേഷൻ 2.93 കോടി രൂപയും തീപിടുത്തത്തെത്തുടർന്ന് നദിയിലേക്ക് വിഷം കലർന്ന ചാരം തടയുന്നതിന് 1.40 കോടി രൂപയും ചെലവഴിച്ചു. 2020 ഏപ്രിൽ ഒന്ന് മുതൽ ഇന്നുവരെ എസ്.ഡബ്ല്യു.എം ചട്ടങ്ങൾ നടപ്പിലാക്കുന്നതിൽ തുടർച്ചയായ പരാജയത്തിന് പി.സി.ബി 1.80 കോടി രൂപ പിഴ ചുമത്തി. ബ്രഹ്മപുരത്തെ ഷെഡിന്റെ തറയുടെ ഘടനക്കും റൂഫിങ് മെറ്റീരിയലിനും കേടുപാടുകൾ സംഭവിച്ച വകയിൽ 65.84 ലക്ഷം രൂപയുടെ നഷ്ടം കോർപറേഷനുണ്ടായി.

2021 ജനുവരി ഏഴിലെ ഉത്തരവ് പ്രകാരം, പ്രകടന സുരക്ഷ കാർ തുകയുടെ മൂന്ന് ശതമാനം ശേഖരിക്കേണ്ടതാണ്. എന്നാൽ, കരാർ തുകയുടെ രണ്ട് ശതമാനം പിരിക്കാൻ ധാരണയായി. എന്നാൽ, പെർഫോമൻസ് സെക്യൂരിറ്റിയായ 1.09 കോടി (കരാർ തുകയുടെ രണ്ട് ശതമാനം) ശേഖരിച്ചിട്ടില്ല. കോർപറേഷനുണ്ടായ മൊത്തം നാശനഷ്ടങ്ങൾക്കായി സോണ്ടയിൽ നിന്ന് 120.44 കോടി രൂപ ക്ലെയിം ചെയ്‌തു. എന്നാൽ കരാറുകാരനിൽ നിന്ന് പ്രതികരണ മൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

Tags:    
News Summary - Brahmapuram Garbage Plant: Damage to Corporation Rs 120.44 Crore, AG Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.