നാട്ടാന പരിപാലന ചട്ടം; ആചാരവും നിയമവും പരിപാലിക്കാൻ സർക്കാർ സന്നദ്ധം-എ.കെ. ശശീന്ദ്രൻ

കോഴിക്കോട് : ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും ആനകളെ എഴുന്നള്ളിക്കുന്നതിനോടൊപ്പം നാട്ടാനകളുടെ സുരക്ഷയും ഉറപ്പു വരുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. നാട്ടാന പരിപാലനം സംബന്ധിച്ച് 2023 ലെ കേരള ക്യാപ്റ്റീവ് എലിഫന്റ്‌ (മാനേജ്‌മെന്റ്‌ ആൻഡ് മെയിന്റനൻസ്) കരട് ചട്ടത്തിൻമേലുള്ള ചർച്ച പി.ടി.പി നഗർ ഫോറസ്ട്രി ട്രെയിനിങ് കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

2023 ലാണ് പുതിയ ചട്ടങ്ങൾ രൂപീകരിക്കാൻ തീരുമാനിച്ചത്. ഈ അടുത്ത കാലത്തു ഉത്സവങ്ങളുമായി ബന്ധപ്പെട്ട കാര്യത്തിൽ കോടതികളുടെ ഇടപെടൽ ചട്ടങ്ങൾ രൂപീകരിക്കുന്നതിന്റെ ആവശ്യകത വർധിപ്പിക്കുന്നു. ഒരു വശത്ത് ആചാരം നിലനിൽക്കുമ്പോൾ തന്നെ കാട്ടാനകളുടെ സുരക്ഷ ഉറപ്പാകുന്നതുപോലെ തന്നെ നാട്ടാനകളുടെ സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ചട്ടങ്ങൾ കൊണ്ടുവരുന്നതിൽ ഇനി താമസിക്കാൻ കഴിയില്ല. 2025 ജനുവരി ആകുമ്പോൾ വ്യക്തമായ ചട്ടങ്ങൾ ഉണ്ടാകണം എന്നാണ് സർക്കാർ ഉദ്യേശിക്കുന്നത്. ആനകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിൽ ഉദ്യോഗസ്ഥരെ പോലെ തന്നെ ആന ഉടമസ്ഥരും ആന ഉടമ സംഘനകളും വിശാലമായ നിലപാട് സ്വീകരിക്കണം. പരിസ്ഥിതി പ്രവർത്തകർ വനം-വന്യജീവി പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യത്തിൽ ഏകപക്ഷീയമായ തീരുമാങ്ങൾ കൈക്കൊള്ളുന്നത് നമ്മുടെ സംസ്ഥാനത്തിന്റെ സവിശേഷതയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ചട്ടങ്ങൾ കൊണ്ടുവരുമ്പോൾ വനം ഉദ്യോഗസ്ഥർ, സർക്കാർ മാത്രമായി നിയന്ത്രണങ്ങൾ എന്നിവ കൊണ്ടുവരുമ്പോൾ ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കരുത് എന്ന ഉദ്ദേശ്യത്തോടെയാണ് ഉടസ്ഥരുടെയും ആന ഉടമ സംഘനകളുടെയും അഭിപ്രായങ്ങൾ തേടണമെന്ന് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചർച്ച സംഘടിപ്പിച്ചത്. മനുഷ്യർ തമ്മിലുള്ള സഹവർത്തിത്വം പോലെ തന്നെ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സഹവർത്തിത്വവും രൂപീകരിക്കുന്നതിന് ഒരു പുതിയ മാനം ഉണ്ടായാൽ, കേരളം രാജ്യത്തിന് തന്നെ മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു.

ഏതു നിയമവും പ്രായോഗികവും യുക്തിപൂർണവുമായിയിരിക്കണമെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഗതാഗതം മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ആചാരങ്ങളുടെ ഭാഗമാണ് ആനകൾ. ക്ഷേത്ര ഉത്സവങ്ങൾക്കു ഭംഗം വരാനും പാടില്ല, അതെ സമയം ആനകൾക്ക് സുരക്ഷയും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വനംമേധാവി ഗംഗ സിങ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ, അഡീഷണൽ പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർമാരായ രാജേഷ് രവീന്ദ്രൻ, ഡോ. പി. പുകഴേന്തി, ഡോ. എൽ. ചന്ദ്രശേഖർ, ഡോ. ജസ്റ്റിൻ മോഹൻ, ഡോ. സഞ്ജയൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Natana Management Act; Govt willing to maintain custom and law- A. K. Saseendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.