തിരുവനന്തപുരം: പ്രതിസന്ധികളോടും ജീവിതാവസ്ഥകളോടും പടവെട്ടി സിവില്‍ സർവിസെന്ന വലിയ സ്വപ്നം യാഥാർഥ്യമാക്കിയ എ.കെ. ശാരിക ഇനി റെയിൽവേ മാനേജ്മെന്റ് സർവിസിലേക്ക്. സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് സിവില്‍ സർവിസിലെത്തുന്ന ആദ്യ മലയാളിയാണ് ഈ മിടുക്കി. വടകര കീഴരിയൂര്‍ സ്വദേശി ശാരികക്ക് റെയില്‍വേ മാനേജ്മെന്റ് സർവിസിലേക്കുള്ള നിയമന ഉത്തരവ് കേന്ദ്ര പേഴ്സനല്‍ മന്ത്രാലയത്തില്‍നിന്ന് കഴിഞ്ഞദിവസം ലഭിച്ചു.
ജന്മനാ സെറിബ്രല്‍ പാള്‍സി രോഗബാധിതയായ ശാരിക വീല്‍ചെയറിലിരുന്നാണ് സ്വപ്നനേട്ടം സ്വന്തമാക്കിയത്. സിവിൽ സർവിസ് പരീക്ഷയിൽ 922-ാം റാങ്കായിരുന്നു ശാരികക്ക്.
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സിവില്‍ സർവിസ് പരിശീലനം നല്കാന് അബ്സൊല്യൂട്ട് ഐ.എ.എസ് അക്കാദമി സ്ഥാപകനായ എഴുത്തുകാരനും മോട്ടിവേഷനല്‍ സ്പീക്കറുമായ ഡോ. ജോബിന് എസ്. കൊട്ടാരം ആരംഭിച്ച ‘പ്രൊജക്റ്റ് ചിത്രശലഭം’ എന്ന പരിശീലന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് ശാരികയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. കഴിഞ്ഞ വര്‍ഷം വീല്‍ചെയറില്‍നിന്ന് സിവില്‍ സർവിസ് ലഭിച്ച ഷെറിന് ഷഹാനയും ചിത്രശലഭം പദ്ധതിയുടെ ഭാഗമായിരുന്നു. ശാരികക്ക് ഇടത് കൈയുടെ മൂന്ന് വിരലുകളേ ചലിപ്പിക്കാന്‍ കഴിയൂ.
കീഴരിയൂര്‍ എരേമ്മന്‍കണ്ടി ശശിയുടെയും രാഖിയുടെയും മകളാണ്. പ്ലസ് ടു വിദ്യാർഥിനിയായ ദേവിക സഹോദരിയാണ്. ഇന്ത്യയില്‍ മൂന്ന് കോടിയോളം ഭിന്നശേഷിക്കാരുണ്ട്. എന്നാല്‍, സിവില്‍ സർവിസ് അടക്കം നേതൃരംഗത്ത് ഇവരുടെ പ്രാതിനിധ്യം കുറവാണ്. ഇത് കണക്കിലെടുത്ത് ഭിന്നശേഷിക്കാരായ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനാണ് പ്രൊജക്ട് ചിത്രശലഭം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.