തിരുവനന്തപുരം: കൈക്കൂലി ആരോപണത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ പി.എ അഖിൽ മാത്യു തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. പണം നൽകിയെന്ന ആരോപണം വ്യാജമാണെന്നും അന്വേഷണം നടത്തണമെന്നും അഖിൽ മാത്യു ആവശ്യപ്പെട്ടു. പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് കേസെടുക്കും. വഞ്ചനാക്കുറ്റം ചുമത്തിയായിരിക്കും കേസെടുക്കുക. എഫ്.ഐ.ആറിൽ ആരെയും പ്രതി ചേർക്കില്ല. പരാതിയിൽ അഖിൽ മാത്യുവിന്‍റെ മൊഴിയെടുത്തു.
കൈക്കൂലി ആരോപണത്തിൽ പൊലീസിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ടെന്ന് വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. അന്വേഷണം തന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും ആവശ്യമാണെന്നും കുറ്റക്കാരെ കണ്ടെത്താൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണം തെറ്റാണെന്നാണ് അഖിലിന്‍റെ വിശദീകരണമെന്നും തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവും ഇടനിലക്കാരനായ പത്തനംതിട്ട സി.ഐ.ടി.യു മുൻ ജില്ല ഓഫിസ് സെക്രട്ടറി അഖിൽ സജീവും പണം തട്ടിയെന്നാണ് പരാതി. മകന്‍റെ ഭാര്യയുടെ നിയമനത്തിന് വേണ്ടി പണം നൽകിയ മലപ്പുറം സ്വദേശി ഹരിദാസാണ് പരാതിക്കാരൻ. താത്കാലിക നിയമനത്തിന് 5 ലക്ഷവും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷവും ഉൾപ്പടെ 15 ലക്ഷമാണ് സംഘം ആവശ്യപ്പെട്ടത്. ഭരണം മാറും മുൻപ് നിയമനം സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പും നൽകി. സംഭവത്തിൽ ആരോഗ്യ വകുപ്പിനും മന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലന്നും ഹരിദാസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.